തിങ്കളാഴ്‌ച, ഓഗസ്റ്റ് 31, 2009

വേരുകള്‍ മുളയ്ക്കാതിരുന്നത്

"അരുണ്‍, നിനക്ക് റോസാപ്പൂവുകള്‍ ഇഷ്ടമാണോ?” ലല്ലു എപ്പോഴും അങ്ങിനെയാണു. ഞാനൊരു ചോദ്യം ചോദിച്ചാല്‍ അവള്‍ മറുപടിയായി അതേ ചോദ്യമോ, മറ്റൊരു ചോദ്യമോ ചോദിക്കും. പലപ്പോഴും, ഞങ്ങളുടെ ഉത്തരങ്ങളും ഇഷ്ടങ്ങളും ഒരുപോലെയായിരുന്നു. ലല്ലു റോസാപ്പൂവുകളെ ഇഷ്ടപ്പെട്ടിരുന്നില്ല. എന്റെ കാര്യത്തില്‍, റോസാപ്പൂവുകളെ എനിക്കിഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി മാത്രമെ ഞാന്‍ ഇഷ്ടപ്പെട്ടിട്ടുള്ളു. അല്ലാത്തപ്പൊഴെക്കെ ഞാന്‍ പാരിജാതപ്പൂവുകളെ പ്രണയിച്ചു.

പാരിജാതപൂവുകള്‍ എന്നത് എന്റെ ഒറ്റപ്പെട്ടുപോയ ബാല്യകാലമാണു. വേരുകള്‍ ആഴ്ന്നിറങ്ങാതിരുന്ന ബാല്യകാലം. ഒരു മണ്ണില്‍ ഒരാള്‍ അതിഥിയോ വരത്തനോ ആയിപ്പോകുന്നത് അപ്പോഴാണു. വേരുകള്‍ മുളയ്ക്കാതെ വരുമ്പോള്‍. എന്റെ ഡാഡിയുടെയും മമ്മിയുടെയും വ്യക്തി ബന്ധങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് എന്റെ ബാല്യവും പറിച്ചു നട്ടപ്പെട്ടുകൊണ്ടിരുന്നു. ഒരുമണ്ണില്‍ നിന്നു മറ്റൊരു മണ്ണിലേക്ക്, പിന്നെ തിരിച്ചും. എങ്ങും വേരുകള്‍ മുളച്ചില്ല. മമ്മിയുടെ നാട്ടിലും, ഡാഡിയുടെ നാട്ടിലും ഒറ്റപ്പെട്ടു തന്നെ ഞാന്‍ നടന്നു. അതു വരത്തപ്പെട്ടു പോയിരുന്നു. അങ്ങിനെ അല്ലാതിരുന്നത് ആ പാരിജാതച്ചെടികളുടെ ചോട്ടില്‍ ഇരുന്നപ്പോള്‍ മാത്രമാണു. മമ്മിയുടെ തറവാടിന്റെ തെക്കേ അതിര് നിയന്ത്രിച്ചിരുന്ന പാരിജാതച്ചെടികള്‍. അതിന്റെ തണലില്‍ ചാക്കുകള്‍ വിരിച്ചിട്ടിരിക്കുമ്പോള്‍ ഞാന്‍ ഒറ്റയ്ക്കല്ല. കൂട്ടിനു പാരിജാതപ്പൂമൊട്ടുകളും, പടര്‍ന്നു കയറിക്കിടക്കുന്ന അരളിപ്പൂച്ചെടിയും, അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചിത്രശലഭപ്പുഴുക്കളുമുണ്ടാകും. പിന്നെ സ്ക്രൂകള്‍ അഴിഞ്ഞു പോയതിനാല്‍ ഇളകി നിന്ന പാളികളെ റബര്‍ ബാന്‍ഡ് കൊണ്ടു കൂട്ടിക്കെട്ടി ഉറപ്പിച്ചു വെച്ച ഒരു റേഡിയോയും.

എനിക്ക് ആറുവയസുള്ളപ്പോഴാണു ഞാന്‍ മമ്മിയുടെ തറവാട്ടിലെത്തുന്നത്...

പിന്നീടുള്ള നാലോ അഞ്ചോ വര്‍ഷങ്ങള്‍ അവിടെയായിരിന്നു. കറുത്തചെളിയില്‍ കുറുകികിടന്നൊരു പ്രദേശത്തു നിന്നും വെളുത്ത മണ്ണിന്റെ നാട്ടിലേക്ക്. ഞങ്ങള്‍ താമസിച്ചിരുന്ന പഴയവീട് (ഇപ്പോഴും അതുണ്ട്) ഒരുകാടിനു നടുവിലായിരുന്നു. ചുള്ളിമുള്‍ക്കാടുകളും, കണ്ടല്‍ വനങ്ങളും, ഉപ്പൂത്തലും നിറഞ്ഞ കാടിനിടയിലൂടെ നൂല്‍ രേഖ പോലെ പോയിരുന്ന വഴി പകലിലും ഇരുണ്ടു തന്നെ കിടന്നിരുന്നു. ആ വഴി ചെന്നവസാനിക്കുന്നിടത്ത് കടലിലേക്കൊഴുകിയിറങ്ങുന്ന ഒരു നീര്‍ച്ചാല്‍. അതിനരികില്‍ ഓലമേഞ്ഞ് ഒരു ചെറിയവീട്. എന്റെ അനിയന്‍ ജനിച്ചത് ആ വീട്ടിലാണു. പഞ്ചായത്തിന്റെ അതിരു തിരിവില്‍ ഇന്നുമതൊരു പുറമ്പോക്ക് ഭൂമിയാണു. എന്തു കൊണ്ടാണു ആ വിട്ടില്‍ നിന്നും മമ്മിയുടെ തറവാട്ടിലേക്ക് വന്നതെന്നു എനിക്കോര്‍മ്മയില്ല. വ്യക്തികള്‍ക്കിടയിലെ പുതിയ വിളക്കിച്ചേര്‍ക്കലുകളാവാം, അതിനു കാരണം.

“എന്താ പേരു?”

ഇറങ്ങിനടന്ന വഴികളിലും, കയറിനിന്ന തിണ്ണകളിലും ഇതേ ചോദ്യമാവര്‍ത്തിച്ചു കൊണ്ടിരുന്നു. ഒരാള്‍ പിറന്നു വീഴുന്നമണ്ണില്‍ ആ ചോദ്യത്തിനു പ്രസക്തിയില്ല. പേരുവീഴുന്ന നാളുമുതല്‍ അവന്‍ നാടിനു പരിചിതനാണു. പക്ഷെ എന്റെ കാര്യം അങ്ങിനെയായിരുന്നില്ല. എന്റെ പേരു ആദ്യമായ് കേട്ട മണ്ണല്ലല്ലോ അത്. അതുകൊണ്ട് ഞാന്‍ സ്വയം പരിചയപ്പെടുത്തേണ്ടത് അനിവാര്യമാണു.

“ഇന്നാട്ടുകാരല്ല, ല്ലേ?”

“അല്ല, തെക്കൂന്നാ, നമ്മടെ അല്പോന്‍സിന്റെ പെങ്ങട മോനാ”

അതാണു എന്റെ മേല്‍ ചാര്‍ത്തി വെച്ചിരുന്ന ചിത്രം, “ഇന്നാട്ടുകാരനല്ല“. മൂന്നു വയസ്സുകാരനായ അനിയനു ഇതു പക്ഷെ ചാര്‍ത്തിക്കിട്ടിയില്ല. മമ്മിയുടെ ഒക്കത്തോ പിന്നാലെയോ നടന്നിരുന്ന അവനു, മമ്മിതന്നെ ഒരു ഐഡന്റിറ്റി ആയിരുന്നു. മമ്മി ആ നാട്ടില്‍ ജനിച്ചു വളര്‍ന്നതാണു. സ്കൂളിലേക്കുള്ള് വഴിയിലും, കളിപ്പറമ്പുകളിലും, മരത്തണലിലും, എനിക്കില്ലാതിരുന്നതും ഈ ഒരു ഐഡന്റിറ്റിയാണു.

“നീ ഇവിടംകാരനല്ലല്ല, ഇവിടത്തെ ആളെ എടുത്തിട്ട് നിന്നെ കൂട്ടാം” എന്റെ ഒറ്റപ്പെടല്‍ തുടങ്ങുന്നത് ഈ മറുപടിയില്‍ നിന്നാണു. വല്ല്യങ്കിളിനു രണ്ട് മക്കളാണു. ഷെറിച്ചേട്ടനും, മഞ്ജുചേച്ചിയും. ഷെറിച്ചേട്ടനെ ഒഴിവാക്കിയൊരു കളിയും അക്കാലത്തുണ്ടായിരുന്നില്ല. അയാള്‍ക്ക് എല്ലാ കളികളിലും നല്ല പാങ്ങാണു. കുട്ടിയും കോലും, ഏറുപന്ത്, കച്ച്(ഗോട്ടി)കളി, ഓടിച്ച് പിടിത്തം, ഒളിച്ചുകളി, അങ്ങിനെ എല്ലാം. മഞ്ജുചേച്ചി സുന്ദരിയായിരുന്നു. നല്ലവെളുത്ത്, സിനിമയില്‍ കാണുന്ന ചെറിയപെണ്ണുങ്ങളെപ്പോലെ സുന്ദരിയായ ചേച്ചി. എന്നെ വലിയ ഇഷ്ടമായിരുന്നു, ഇപ്പോഴും അങ്ങിനെ തന്നെ. പക്ഷെ, ജിവിതത്തിന്റെ വിയര്‍പ്പില്‍ ആ സൌന്ദര്യ്ം എപ്പോഴോ ഒലിച്ചുപോയി. ഷെറിച്ചേട്ടന്റെ തരക്കാര്‍ കളിക്കുന്ന കളികളില്‍ എന്നെ കൂട്ടില്ല. ‘ഞാന്‍ ചെറുതല്ലെ‘ എന്നു പറഞ്ഞ് ഒഴിവാക്കും. അതു ഒഴിവാക്കല്‍ തന്നെയായിരുന്നു. കാരണം എന്റെ പ്രായമുള്ളവരും അല്ലാത്തവരും ആ കളികളില്‍ കൂടാറുണ്ട്. ചേച്ചിയുടെ കൂടെയും കളിക്കുന്നത് വിരളമാണു. മഞ്ജുചേച്ചി, സ്മിതച്ചേച്ചി, ഹസീനച്ചേച്ചി ഇവര്‍ ഒറ്റക്കെട്ടാണു. അവര്‍ കഞ്ഞിയും കൂട്ടാനും വെച്ചു കളിക്കുകയാണെങ്കില്‍ മഞ്ജുചേച്ചിയുടെ മകന്റെ റോള്‍ എനിക്കു കിട്ടും. അല്ലെങ്കില്‍ അവിടെയും ഞാന്‍ പുറത്തിരിക്കണം. ഒറ്റ ഒറ്റയായി കളിക്കുന്ന കളികളില്‍ എന്തായാലും എനിക്ക് അവസരം ഉണ്ടാകുമായിരുന്നില്ല. ടീം ആയി കളിക്കുമ്പോള്‍ ‘ആളു തികയാതെ വരണെ‘ എന്ന് ഞാന്‍ മനസുരുകി പ്രാര്‍ത്ഥിക്കും. ദൈവം ചിലപ്പോഴൊക്കെ എന്റെ കുഞ്ഞു പ്രാര്‍ത്ഥന കേള്‍ക്കാറുണ്ട്. അങ്ങിനെ പ്രാര്‍ത്ഥനകേട്ട ഒരു ദിവസം എന്നെയും കളിക്കാന്‍ കുട്ടി. കളിതുടങ്ങി പത്തുമിനിറ്റായപ്പോഴേക്കും ഒരാളുകൂടെ വന്നു.

“എന്നെയും കൂട്ട്”

“ആളു തികഞ്ഞ്”

അയാളു ചുറ്റും നോക്കി. എന്റെ നേരെ അയാളുടെ കണ്ണുകള്‍ ഉടക്കി. അധികാരത്തോടെയുള്ള നോട്ടം.

“നീ മാറ്. ഞാന്‍ കളിക്കട്ടെ”

കളികുറച്ച് നേരത്തേക്ക് നിന്നു. എല്ലാവരും വട്ടം കൂടി. ഒടുവില്‍ എന്നെ മാറ്റാന്‍ തീരുമാനമായി. എനിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു.

“ന്നെന്തിനാ മാറ്റുന്നെ. ഞാനിപ്പൊ ചേര്‍ന്നല്ലെള്ള്‍”

“നീ ഇവിടംകാരനല്ലല്ല. ഇവ്ടെത്തെ ആളെ എടുത്തിട്ട് നിന്നെ കൂട്ടാം”

ഞാന്‍ വീണ്ടും പൊട്ടിത്തെറിച്ചു. എന്തൊക്കെയോ പറഞ്ഞു. അവര്‍ കളിതുടര്‍ന്നതല്ലാതെ എന്നെക്കുറിച്ച് ചിന്തിച്ചതേയില്ല. പിന്നീട് ഒരിക്കലും. അതിനുശേഷം ആളു തികയാതെ വന്നപ്പോള്‍ ഒറ്റയാകുന്ന ആളെ പൊന്തയാക്കി രണ്ടു ടീമിലും കളിപ്പിച്ചു, എന്നിട്ടും എന്നെ ചേര്‍ത്തില്ല. പക്ഷെ തോല്‍പ്പിക്കാനൊരാളെ വേണം എന്ന് തോന്നുന്ന സമയത്ത് എന്നെ കളിക്കുവാന്‍ ചേര്‍ത്തു. തോല്‍ക്കുമെന്നറിഞ്ഞിട്ടും പലപ്പോഴും ഞാന്‍ കളിച്ചു. ജയിക്കാമായിരുന്ന കളികളില്‍, അവര്‍ കൂട്ടം ചേര്‍ന്നു കളിച്ച് എന്നെ തോല്‍പ്പിച്ചു. തോറ്റു ഞാന്‍ കരയുന്നത് വരെ. “ഇവിടംകാരോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും” എന്നൊരവസാന ലിഖിതവും.

കരയാന്‍ വേണ്ടിയാണു ഞാന്‍ ആ പാരിജാതച്ചെടികളുടെ ചോട്ടില്‍ വന്നിരുന്നത്. പിന്നെ അതിനടിയില്‍ ഒരു ചാക്കുകഷണമെത്തി. കഥപുസ്തകളെത്തി. പൊട്ടിയ ഒരു റേഡിയോ വന്നു. ചിത്രശലഭപ്പുഴുക്കള്‍ വന്നു. ഞാനതിനടിയില്‍ തനിച്ചിരുന്നു. ഒരാള്‍ അവിടെ ഇടയ്ക്ക് വിരുന്നുവന്നു. ഹസീനച്ചേച്ചി. ഒരുകാലിനു സ്വാധീനമില്ലാതിരുന്ന ഹസീനച്ചേച്ചി കുഴിമണ്ണ് കളിക്കാനും, ആമക്കുരു കളിക്കാനുമാണു വന്നിരുന്നത്. പക്ഷെ അവരാരും, പുസ്തകളോ, പാരിജാതപൂവുകളോ സ്നേഹിച്ചത് പോലെ എന്നെ സ്നേഹിച്ചിരുന്നില്ല.

പന്ത്രണ്ടാമത്തെ വയസില്‍ തിരികെ ഡാഡിയുടെ വീട്ടിലേക്ക് വരുമ്പോള്‍ അപരിചിതത്വവും പിന്തുടര്‍ന്നു. ഇത്തവണ എന്റെ അനിയനേയും. കുറേനാളുകള്‍ക്ക് ശേഷം ആ ചോദ്യം വീണ്ടുമാവര്‍ത്തിക്കപ്പെട്ടു.

“എന്താ പേര്”

ആ ചോദ്യം പക്ഷെ പഴയത്പോലെ വേദനിപ്പിക്കുന്നതായിരുന്നില്ല. ഒറ്റപ്പെടലിനു കാഠിന്യവുമുണ്ടായിരുന്നില്ല. കളികളുടെ ജയവും തോല്‍വിയും തുടങ്ങുന്നിടവും ഒടുങ്ങുന്നിടവും മനസിലാക്കിയിരുന്നത് കൊണ്ട് കളികളില്‍ നിന്നു എന്നെ ആരും മാറ്റിനിര്‍ത്തിയില്ല. ആര്‍ക്കുവേണ്ടിയും മാറിക്കൊടുക്കേണ്ടി വന്നില്ല. ചെള്ളപ്പുറം എന്നറിയപ്പെട്ടിരുന്ന ആ ചെറിയ നാട്ടില്‍ ഒരല്പം സാമൂഹ്യപ്രവര്‍ത്തനം നടത്തിയിരുന്ന ടെല്‍മച്ചേച്ചിയുടെയു പോളേട്ടന്റെയും മക്കളായിരുന്നത് കൊണ്ടാകാം, എനിക്കും അനിയനും അധികം അവഗണന നേരിടേണ്ടി വന്നില്ല. ആ പാരിജാതച്ചോട്ടില്‍ ഇരുന്നകാലത്തുണ്ടായിരുന്നത് പോലെ.

ഇന്നവിടെ പാരിജാതച്ചെടികളില്ല.. മമ്മിയുടെ തറവാടുമില്ല. കാടുപിടിച്ചു കിടക്കുന്ന ആ പറമ്പിനു നടുവില്‍ പഴയകാലവും പേറി ദ്രവിച്ചുകിടക്കുന്ന ചെങ്കല്ലുകള്‍. ഇവിടെയാണു എന്റെ ബാല്യകാലം ചിതറിക്കിടക്കുന്നത്, വേരുകള്‍ മുളച്ചില്ലെങ്കിലും. അവയുടെ ഇടയില്‍ നില്‍ക്കുമ്പോള്‍ എനിക്ക് ചുറ്റും ചിരിക്കുന്നവരുണ്ട്. ചിരിക്കാത്തവര്‍ അപരചിതത്തോടെ ചോദിക്കുന്നു.

“എന്താ പേര്”

ഉത്തരങ്ങളും ആവര്‍ത്തിക്കുന്നു.

“ഇന്നാട്ടുകാരല്ല, ല്ലേ?”

“അല്ല, തെക്കൂന്നാ, നമ്മടെ അല്പോന്‍സിന്റെ പെങ്ങട മോനാ”

...

ചൊവ്വാഴ്ച, ഓഗസ്റ്റ് 18, 2009

ഭ്രാന്തിനു കീഴടങ്ങാതിരുന്ന പ്രണയം

അയാളെ ഞാന്‍ ഒരിക്കലും ഭയന്നില്ല. കുഞ്ഞു കുഞ്ഞായിരുന്നപ്പോള്‍, വഴിയില്‍ വെച്ച് എന്റെ നേരെ അയാള്‍ കൈനീട്ടിയപ്പോഴൊക്കെ, പാറിപ്പറന്നു കിടക്കുന്ന മുടിയോ താടിയോ ഭയക്കാതെ അയാളുടെ കയ്യിലേക്ക് ഞാന്‍ ചാടും. അയാളു തരുന്ന മിഠായി വാങ്ങും. അയാളെ നോക്കി ചിരിക്കും. അയാള്‍ ഒരു ഭ്രാന്തനായിരുന്നു. പ്രേമന്‍. എന്റെ മമ്മിയും ഡാഡിയും പറഞ്ഞുള്ള അറിവാണിതെല്ലാം. എനിക്ക് നേരിട്ട് അറിയാവുന്ന പ്രേമന്‍ ഒരു ചിത്രം മാത്രമാണു. ഓര്‍മ്മ വെക്കുമ്പോള്‍ സഹകരണബാങ്കിനോട് ചേര്‍ന്നുള്ള ഒരു സ്റ്റുഡിയോ ആല്‍ബത്തില്‍ നെറ്റിയില്‍ നിന്നു ചോരവാര്‍ന്നിട്ടും ചിരിച്ചുകൊണ്ടിരിക്കുന്ന പ്രേമന്റെ ചിത്രമാണു ബാക്കിയായത്.

ഭ്രാന്തുള്ളവര്‍ ഒരു ഗ്രാമത്തിന്റെ ചിത്രത്തില്‍ പലപ്പോഴുമുണ്ട്. ജീവിതത്തിന്റെ ദിശകളില്‍ നിന്നു വ്യതിചലിച്ച് അവര്‍ വഴിയരികിലൂടെ അര്‍ത്ഥമില്ലാതെ പൊട്ടിച്ചിരിച്ചും, കൂകിവിളിച്ചും നടന്നു പോകുന്നു. ഇഷ്ടപ്പെട്ടയാളുടെ കൂടെ ജീവിക്കാന്‍ കഴിയാത്തതില്‍ മനം നൊന്ത്, വിവാഹപന്തലില്‍ നിന്നും ഇറങ്ങിയോടിയ പാര്‍വ്വതി, വില്ലേജാഫീസിന്റെയും, സ്കൂളിന്റെയും മതിലുകളില്‍, പച്ചിലക്കറകൊണ്ട് ചിത്രം വരച്ചിരുന്ന മറ്റൊരാള്‍, മാനസികനില എവിടെയാണു തെറ്റിപ്പോയത് എന്നറിയാതെ വഴിനീളെ തെറിവിളിച്ചു നടന്ന ജയന്തി, പഞ്ചായത്ത് മൈതാനത്തെ വലം വെച്ച് നിന്ന മഞ്ഞപ്പൂമരങ്ങളില്‍ കാറ്റാടി കെട്ടിത്തൂക്കിയിട്ടിരുന്ന മറ്റൊരുഭ്രാന്തന്‍, പിന്നെ പ്രേമന്‍. അങ്ങിനെ വഴിമാറിനടന്നവര്‍. അവരുടെ പിന്നാലെ കല്ലെറിഞ്ഞും കൂട്ടമായി നടന്നും ഞങ്ങള്‍ ശല്യപ്പെടുത്തി. അങ്ങിനെ കാലാകാലങ്ങളില്‍ മനുഷ്യന്റെയും, വിധിയുടെയും ക്രൂരമായ വികൃതികള്‍ക്ക് അവര്‍ ഇരയായിക്കൊണ്ടിരിക്കുന്നു. അങ്ങിനെ നടന്നുപോയവരില്‍ അവര്‍ മാത്രം വ്യത്യസ്തരായി നിന്നു.


മണിയനെന്നും മണിയത്തിയെന്നും അവരെ ഞങ്ങള്‍ വിളിച്ചു. അവരും പരസ്പരം അതുതന്നെ വിളിച്ചു. മാനസിക വിഭ്രാന്തി മായിച്ചു കളഞ്ഞകാലത്ത് അവരുടെ പേരു എന്തായിരുന്നുവെന്ന് ആരും അന്വേഷിച്ചില്ല. എന്റെ ഓര്‍മ്മയില്‍ അവര്‍ എന്നു മുതലാണു ആ പോസ്റ്റോഫീസിനു മുന്നില്‍ വന്നതെന്നു അറിയില്ല. അല്ലെങ്കില്‍ എനിക്ക് ഓര്‍മ്മകളുറയ്ക്കും മുന്‍പ് അവരവിടെ ഉണ്ട്. മഴപെയ്തിറങ്ങിയ വൈകുന്നേരങ്ങളിലും, പൊള്ളിയുറങ്ങിയ ഉച്ചകളിലും, മഞ്ഞു വീണ പ്രഭാതങ്ങളിലും അവര്‍ അവിടെത്തന്നെ ജീവിച്ചു. പോസ്റ്റോഫീസില്‍ ആളുകള്‍ കൂടുമ്പോള്‍ മാത്രം അവര്‍ മറ്റു ചായ്പുകള്‍ തേടി. ചായ്പ് നഷ്ടപ്പെടുന്നിടത്താണു അവരുടെ മനസ്സും നഷ്ടപ്പെട്ടത്.


ഒരു ദിവസം രാത്രിയില്‍, ഒരു ചൂളംവിളി കേട്ട് അവരുണരുമ്പോള്‍ വീടിനുചുറ്റും തീ ആളിപ്പടരുകയായിരുന്നു. തീയ്ക്കൊപ്പം അവരുടെ കൂരയും എരിഞ്ഞമര്‍ന്നു. പക്ഷെ മനസില്‍ ആളിപ്പടര്‍ന്ന നാളങ്ങളും ചൂളം വിളിയുടെ ശബ്ദവും അപഹരിച്ചു കൊണ്ടുപോയത് അവരുടെ ഓര്‍മ്മകളെയാണു. ഓരോരുത്തരുടെ ഭ്രാന്തിനുപിന്നിലും ഇങ്ങനെ ചിലകഥകളൊ സത്യങ്ങളോ പിന്തുടര്‍ന്നു പോകുന്നു. പക്ഷെ ഒരുകാര്യം സത്യമാണു. ആളിപ്പടര്‍ന്ന തീ നാളങ്ങളേക്കാള്‍ അവര്‍ ചൂളംവിളികളെ ഭയന്നിരുന്നു, ഒരു പക്ഷെ വെറുത്തിരുന്നു എന്നത്. ആരെങ്കിലും അവര്‍ കേള്‍ക്കെ ചൂളം വിളിച്ചാല്‍, അവര്‍ പരിഭ്രാന്തരാകുകയും, ചുറ്റും നോക്കിനില്‍ക്കുന്നവരെ പ്രാകുകയും, അസഭ്യം പറയുകയും ചെയ്തു. ഒരു കുസൃതിക്കെന്നപോലെ ഞാനും അവര്‍ കേള്‍ക്കെ ചൂളം വിളിച്ചിട്ടുണ്ട്. ഇന്നിതെഴുതുമ്പോള്‍ വേദന തോന്നുന്നു. പക്ഷെ അതിനേക്കാള്‍ ദയനീയമായത് അവര്‍ തലചായ്ചിരുന്ന പോസ്റ്റോഫീസിന്റെ തിണ്ണ ഒരു ബസ് സ്റ്റോപ്പിനരികിലായിരുന്നു എന്നതാണു. ഓരൊ പത്തു നിമിഷത്തിനകത്തും നിര്‍ത്തുന്ന വണ്ടികളിലെ ക്ലീനര്‍ വണ്ടി നിര്‍ത്തുവാനും പോകുവാനും ചൂളം വിളിച്ചു. അതു ഓരോ നിമിഷത്തിലും തങ്ങളുടെ കിടപ്പാടം കത്തിക്കാനെത്തിയവരാണെന്ന വിഭ്രാന്തചിന്തയില്‍ അവര്‍ ഉറക്കെയുറക്കെ അസഭ്യം പറയുകയും ആളുകള്‍ അത് കേട്ട് പൊട്ടിച്ചിരിക്കുകയും ചെയ്തു.

മണിയത്തി പൂര്‍ണ്ണമായും മനോരോഗിയായിരുന്നു. മണിയന്‍, ഒരുപക്ഷെ ഭ്രാന്തമായി പെരുമാറുന്നത് പോലെ തോന്നിയിരുന്നില്ല. അസഭ്യം പറയാത്തപ്പൊഴൊക്കെ മണിയത്തി “മണിയാ വായോ, എനിക്ക് വെശക്കുന്നെടാ മണിയാ’ എന്നു വിളിച്ചുകൂവി. മണിയന്‍ അപ്പോഴോക്കെ ചായയോ പൊതിപലഹാരമോ കൊണ്ടു വന്നു കൊടുത്തു. അതിനുള്ള കാശ് എവിടെ നിന്നായിരുന്നു എന്നെനിക്കിപ്പോഴും അറിയില്ല. അയാള്‍ ജോലിക്കൊന്നും പോയികണ്ടിരുന്നില്ല. എന്തെങ്കിലും മോഷ്ടിച്ചതായും അറിയില്ല. അല്ലെങ്കില്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ആരാണു ശ്രദ്ധിക്കുന്നത്? ഒരു ഭ്രാന്തന്‍, അയാള്‍ക്കറിയാവുന്നവരുടെ ഇടയില്‍ പോലും അപരിചിതനാണു. അവന്റെ ചിന്തകളും വഴികളും മറ്റുള്ളവരോ, മറ്റുള്ളവരെ അവനോ അറിയുന്നില്ല. തന്റെ ഏകാന്തതയോട് സല്ലപിച്ചു കൊണ്ട് മണിയന്‍ അലഞ്ഞു. അവരുടെ വിശപ്പടക്കാന്‍. ആ അലച്ചിലില്‍ നല്ല സിനിമാപോസ്റ്ററുകളും അയാള്‍ തപ്പിപിടിച്ചു. രാത്രിയുടെ തണുപ്പില്‍ നിന്നും കൊതുകിന്റെ ആക്രമണത്തില്‍ നിന്നും ആ പോസ്റ്ററുകളാണു അവരെ സംരക്ഷിച്ചിരുന്നത്.

ഒരു നീണ്ട ഇടവേളയ്ക് ശേഷം, നാട്ടിലേക്കുള്ള ബസിന്റെ പടിയിറങ്ങുമ്പോള്‍, ചൂളം വിളിക്കുപിന്നാലെ അസഭ്യവര്‍ഷം ഉണ്ടായില്ല. പോസ്റ്റോഫീസിന്റെ തിണ്ണ ശൂന്യമായിരുന്നു. മറ്റുകടകളുടെ തിണ്ണകളും മൌനം പൂണ്ടു നിന്നു. ചിതറിക്കിടന്നിരുന്ന സിനിമാപോസ്റ്ററുകള്‍ കണ്ടില്ല. തട്ടുകടകളുടെ മുന്നിലോ, ചായക്കടയുടെ പരിസരത്തോ മണിയനേയും കണ്ടില്ല. വീട്ടിലേക്ക് നടക്കവേ വഴിയിലെവിടെയൊ അവരെക്കുറിച്ചുള്ള ചിന്തകളും കളഞ്ഞുപോയി.

മണിയന്‍ മരിച്ചുപോയ കാര്യം വൈകീട്ട് കൂട്ടുകാരാണു എന്നോട് പറഞ്ഞത്. കാരംസ് ബോര്‍ഡിനു ചുറ്റുമിരുന്ന് അവരെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു.

ആ ദിവസങ്ങളില്‍ മണിയത്തിയുടെ ആരോഗ്യം പോകെപോകെ ക്ഷയിച്ചു വന്നു. അവരുടെ കണ്ണില്‍ തിമിരം അടിഞ്ഞുകൂടി. കണ്ണിലെ വ്രണങ്ങള്‍ വേദനിപ്പിച്ചപ്പോഴൊക്കെ അവര്‍ ഉറക്കെയുറക്കെ കരഞ്ഞു. “വിശക്കുന്നെടാ മണിയാ” എന്നു വിളിച്ചുകൂവും മുന്‍പേ ചായയും പലഹാരവുമായി മണിയന്‍ അവരുടെ അടുത്തെത്തുമായിരുന്നു. കണ്ണിലെ ഇരുട്ടിന്റെ ഘനം വര്‍ദ്ധിച്ചു തുടങ്ങിയ നാളുകള്‍. ഒരുദിവസം അവരുടെ നിലവിളിക്ക് മറുപടിയും പലഹാരവും ചായയുമായി മണിയന്‍ വന്നില്ല. മരണമെന്തെന്ന്, ഭ്രാന്തിനറിയില്ലായിരിക്കാം. അതുകൊണ്ടാവാം മണിയന്‍ വിളിചെല്ലാത്ത ദൂരത്തു പോയി മറഞ്ഞിട്ടും അവന്‍ തന്റെ വിളിക്കാതെ മറഞ്ഞിരിക്കുകയാണു എന്നു മണിയത്തി പ്രാകി കൊണ്ടിരുന്നത്. പൊതുശ്മശാനത്തിലെ ഇലട്രിക് ചിതയില്‍ മണിയന്റെ ഭ്രാന്തും വിടപറഞ്ഞു പോയി. മണിയത്തിയെ ആരുടെയൊക്കെയോ സഹായത്താല്‍ പീന്നിടെപ്പൊഴോ സര്‍ക്കാര്‍ വക വണ്ടിയില്‍ കയറ്റിക്കൊണ്ടു പോയി. അവരിപ്പൊള്‍ ജീവിച്ചിരുപ്പുണ്ടോ ആവോ. വിശപ്പിന്റെ അലര്‍ച്ചയും ഭ്രാന്തിന്റെ അലയൊലികളും അപരിചിതമല്ലാത്തൊരിടത്ത് അവര്‍ ഇരിപ്പുണ്ടാവാം, ആരുടെയെങ്കിലും ചൂളം വിളികള്‍ കേട്ട് അസഭ്യം പറഞ്ഞു കൊണ്ട്.

മണിയന്‍ സ്വര്‍ഗ്ഗത്തിലാണു. കാരണം അയാള്‍ വിശുദ്ധനായ ഭര്‍ത്താവായിരുന്നു. ഭ്രാന്തിനുപോലും പിടികൊടുക്കാതിരുന്ന പ്രണയം നെഞ്ചിലേറ്റിയ വിശുദ്ധനായ ഭര്‍ത്താവ്. ഓര്‍മ്മകളും മനസ്സിന്റെ
താളവും ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ആരിങ്ങനെ പ്രണയിച്ചു കാണും? അയാള്‍ സ്വര്‍ഗ്ഗത്തില്‍ തന്നെ ആയിരിക്കും. അല്ലെങ്കില്‍ സ്വര്‍ഗ്ഗമെന്ന പ്രതീക്ഷയ്ക്ക് എന്താണു അര്‍ത്ഥമുള്ളത്. അയാള്‍ അവിടെയും അസ്വഥനാകുന്നുവെങ്കില്‍, അതിനര്‍ത്ഥം ഏതോ ഒരുകോണിലിരുന്ന് മണിയത്തിയുടെ കരച്ചില്‍ അയാളുടെ പ്രണയം ഇപ്പൊഴും കേള്‍ക്കുന്നുണ്ട് എന്നാണു.

ശനിയാഴ്‌ച, ഓഗസ്റ്റ് 08, 2009

വീട്ടിത്തീരാത്ത കടങ്ങള്‍

ജനുവരിയുടെ തണുപ്പു വീണു തുടങ്ങിയ ആ രാത്രിയില്‍ ഞാന്‍ തളര്‍ന്നിരുന്നു. ഇലട്രിക് പോസ്റ്റിനു താഴെ അത്ര വെളിച്ചമുണ്ടായിരുന്നില്ല. നിഴലുകളുടെ കരുത്തില്‍ വെളിച്ചം തെല്ലു മങ്ങിപ്പോയി. പ്ലാസ്റ്റിക്ക് കൂടിനുള്ളില്‍ മരവിച്ചുറങ്ങുന്ന മീനിന്റെ ഗന്ധം വായുവില്‍ നിറഞ്ഞ് നില്‍ക്കുന്നു. ആ മീന്‍ വിറ്റുകിട്ടുമായിരുന്ന പതിനഞ്ചോ ഇരുപതോ രൂപ കൊണ്ടു നിറവേറ്റേണ്ട കാര്യങ്ങള്‍ എന്റെ ചിന്തകളെ ചൂഴ്ന്നു നിന്നു. കിട്ടാവുന്നതില്‍ ഏറ്റവും വിലകുറഞ്ഞ നാസാരന്ധ്രങ്ങളെ മടുപ്പിക്കും മണമുള്ള രണ്ടു കിലോ അരി, പിന്നെയെന്തെങ്കിലും കൂട്ടാന്‍, പിന്നെ കുറച്ച് പലചരക്കു സാധനങ്ങള്‍. ഇതിനപ്പുറം ഇരുപതു രൂപകൊണ്ട് നേടാന്‍ കഴിയില്ല. എസ്.എസ്.എല്‍.സി ബുക്കിനുള്ള കാശ് അപ്പൊഴും ഒരു ചോദ്യം തന്നെ.

എന്റെ സ്കൂള്‍ വിദ്യാഭ്യാസവും പ്രീഡിഗ്രിയും പലരും തന്ന ഭിക്ഷയാണു. ആ ഭിക്ഷാപാത്രത്തില്‍ എത്രപേര്‍ സ്നേഹം നിറച്ചിരിക്കുന്നു. മിക്കപ്പോഴും എന്റെ ഫീസടച്ചിരുന്ന ക്ലാസ് ടീച്ചര്‍മാര്‍. പുസ്തകം വാങ്ങിത്തന്നിരുന്ന ഡെലീന ടീച്ചര്‍. ചോറ്റുപാത്രം വാങ്ങിത്തന്ന എലിസബത്ത് ടീച്ചര്‍. ആ ചോറ്റു പാത്രത്തില്‍ എനിക്കുകൂടെ ചോറു കരുതി വന്ന ജോസഫ്, ജിജു, ജിബി, പ്രതീഷ്, രാജു, പ്രശാന്ത്, ഷമീര്‍, നിഷാദ് അങ്ങിനെ ഒരു പാട് പേരുടെ ഭിക്ഷ.

പത്താം ക്ലാസില്‍ പഠിക്കുന്ന കാലം...

ആ ദിവസങ്ങളില്‍ അറ്റന്‍ഡന്സ് എടുത്തുകഴിഞ്ഞാല്‍ പിന്നെ ടെന്‍ഷന്‍ ആണു. മരിയാ ടീച്ചര്‍ ആയിരുന്നു ക്ലാസ് ടീച്ചര്‍. ഹാജര്‍ വിളിച്ചു കഴിഞ്ഞാല്‍ ഫീസടയ്ക്കാത്തവരുടെ കാര്യം ടീച്ചര്‍ ഓര്‍ക്കല്ലെ എന്നു എത്ര തവണ പ്രാര്‍ത്ഥിച്ചിരിക്കുന്നു. ഫീസടയ്ക്കാത്തവരുണ്ടെങ്കില്‍, ആദ്യം കുറച്ച് ദിവസം ക്ലാസില്‍ എഴുന്നേറ്റ് നില്‍ക്കണം പിന്നെ ക്ലാസിനു പുറത്ത്. അതു അപമാനകരം ആയിരുന്നോ എന്നു ചോദിച്ചാല്‍, അതെ അതു തന്നെ. പുറത്ത് നില്‍ക്കുന്നവര്‍ ഫീസടയ്ക്കാത്തവരാണെന്നു എല്ലവര്‍ക്കുമറിയാം. അവരുടെ നോട്ടത്തില്‍ ആ പുച്ഛവും കാണും. ആദ്യമൊക്കെ കുറച്ച് പേര്‍ കൂട്ടുണ്ടായിരുന്നു. പിന്നെ പിന്നെ ഫീസടയ്ക്കുന്ന മുറയ്ക്ക് ആളുകള്‍ കുറഞ്ഞു വന്നു. ഇപ്പോള്‍ ഞാന്‍ മാത്രമായി പുറത്ത് നില്പ്. ഒരു ദിവസം ക്ലാസ് കഴിഞ്ഞപ്പോള്‍ മരിയാടീച്ചര്‍ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു.

“എന്താ ഫീസടയ്ക്കാത്തത്?”

ഈ ചോദ്യത്തിനുത്തരം എന്നെയറിയാവുന്ന എല്ലാടീച്ചര്‍മാര്‍ക്കും അറിയാം. ആനുവല്‍ ഫീസിനും, പരീക്ഷാഫീസിനും, സ്റ്റാമ്പിനും ഇതേ ഉത്തരം ഒരുപാട് തവണ ഞാന്‍ പറഞ്ഞിട്ടുണ്ട്.

“ഡാഡിക്ക് പണിയില്ല ടീച്ചര്‍.”

“അതെന്താ നിന്റെ ഡാഡിക്ക് മാത്രം പണിയില്ലാത്തത്? ബാക്കിയുള്ള കല്പണിക്കാര്‍ക്കൊക്കെ പണിയുണ്ടല്ലോ, അവരുടെ മക്കള്‍ ഫീസും അടക്കുന്നുണ്ട്”

അതിനുത്തരം അന്നെനിക്കറിയില്ല. ഇന്ന് ആ ഉത്തരം ഞാന്‍ ആരോടും പറയാറുമില്ല. പണിയാധുങ്ങളുമായി മടങ്ങി വരുന്നതോ, ജോസെ ചേട്ടന്റെ ചായക്കടയില്‍ സിഗരറ്റും പുകച്ചിരിക്കുന്നതോ ആയ ഡാഡിയുടെ ചിത്രം ഓരോ ദിവസവും കണ്ടുകൊണ്ടാണ് ഞാന്‍ സ്കൂളിലേക്ക് വരുന്നത്. അതേച്ചൊല്ലി മമ്മിയും ഡാഡിയും തമ്മില്‍ നടക്കുന്ന വാഗ്വാദവും വഴക്കും. തലയില്‍ വീഴുന്ന ശാപവാക്കുകള്‍. ഫീസിന്റെ കാര്യം ഞാന്‍ പിന്നെ എപ്പൊഴാണു പറയേണ്ടത്? പിന്നെ ഇപ്പോള്‍ ടൈഫോയ്ഡ് കഴിഞ്ഞ് ഡാഡി ഡിസ്ചാര്‍ജ്ജ് ആയതെയൂള്ളു. അപ്പോള്‍ ഇനി ഉടന്‍ തന്നെ ജോലിക്കു പോകാന്‍ യാതൊരു സാധ്യതയുമില്ല.

“ഒരു കാര്യം ചെയ്. ഫീസ് ഞാനടയ്ക്കാം. നാളെ വരുമ്പൊ എസ്.എസ്.എല്‍.സി ബുക്കിനുള്ള കാശു കൊണ്ടു വരണം“

അന്നു ടീച്ചറോട് നന്ദി പറഞ്ഞോ എന്നു ഞാനോര്‍ക്കുന്നില്ല. നാളെ ക്ലാസിനു വെളിയില്‍ നില്‍ക്കേണ്ടല്ലൊ എന്ന ആശ്വാസം അതു എനിക്ക് നല്ല ഓര്‍മ്മയുണ്ട്. എന്നാലും എസ്.എസ്.എല്‍.സി ബുക്കിനു പതിനഞ്ചു രൂപാ വേണം. അത്?...?

ഈയിടെയായി മീന്‍ വില്പനയാണു എന്റെ പാര്‍ട് ടൈം ജോലി. വീടിനടുത്തു കൂടെ ഒരു നീര്‍ച്ചാലൊഴുകുന്നുണ്ട്. ഉച്ച തിരിഞ്ഞാല്‍ ഡാഡി അതിലിറങ്ങി മീന്‍ പിടിക്കും. അധികമൊന്നും കിട്ടില്ല. വേറും കൈ കൊണ്ട് പിടിക്കുന്നതല്ലെ. ക്ലാസ് കഴിഞ്ഞു ചെന്നാല്‍ അതു കൊണ്ടു പോയി വില്‍ക്കണം. ഇരുപത് രൂപാവരെയൊക്കെ കിട്ടും. പക്ഷെ അന്നൊക്കെ അഞ്ചുരൂപായ്ക് തന്നെ ഒരു സാധാരണവീട്ടുകാര്‍ക്ക് വേണ്ട മീന്‍ കിട്ടും. അപ്പോള്‍ പിന്നെ കാശുള്ള വീട് തെരഞ്ഞു പിടിച്ച് വില്‍ക്കണം. മാര്‍ക്കറ്റില്‍ കൊണ്ട് വില്‍ക്കാനും പറ്റില്ല. അതിനു വേറെ കാശുകെട്ടണം. കാശുള്ളവന്‍ തന്നെ ആശ്രയം.

അന്നു പക്ഷെ ആരും മീന്‍ വാങ്ങിയില്ല. സ്ഥിരമായി വാങ്ങുന്ന വീട്ടുകാരൊക്കെ കയ്യൊഴിഞ്ഞു. വീടുകള്‍ ഒന്നൊന്നായി കയറി ഇറങ്ങി. പണമുള്ളവനെന്നും, ഇല്ലാത്തവനെന്നും തോന്നിയ എല്ലാ വീടുകളിലും. ആരും വാങ്ങിയില്ല. ഒരാള്‍ പത്തു രൂപാ പറഞ്ഞു. അതു കൊണ്ട് എന്താവാന്‍ എന്നു കരുതി കൊടുത്തില്ല. കുറെക്കൂടി അലഞ്ഞു തിരിഞ്ഞപ്പോള്‍ പത്തെങ്കില്‍ പത്ത് എന്നു കരുതി അയാളുടെ വീട്ടിലേക്ക് തന്നെ നടന്നു. പക്ഷെ അയാള്‍ വളരെ ക്രൂരമായി അഞ്ചുരൂപാ തരാം എന്നു പറഞ്ഞു. ഈ മീന്‍ ചീഞ്ഞുപോയാലും തനിക്ക് തരില്ലെന്നു മനസ്സില്‍ പറഞ്ഞു ഞാന്‍ പടിയിറങ്ങി.

നടന്നു നടന്നു ഇവിടെ തളര്‍ന്നിരുന്നു. ഇലക്ട്രിക് പോസ്റ്റിനടിയില്‍...ഉള്ളിലെ ആന്തല്‍ വിങ്ങലും, വിങ്ങല്‍ സങ്കടവും, സങ്കടം കരച്ചിലുമായി പുറത്തേക്ക് വന്നു. ഞാന്‍ കരഞ്ഞു കൊണ്ടിരുന്നു. ഏന്തിയേന്തി കരഞ്ഞു.

“ആരാടാ അത്?”

ആരോ ആടി ആടി വരുന്നു. അത് കുഴിവെട്ടുകാരന്‍ ആന്‍ഡ്രൂസ് ചേട്ടനായിരുന്നു. ആരുടേയോ ശവമടക്കു കഴിഞ്ഞുള്ള വരവാണു എന്നു തോന്നുന്നു. ആന്‍ഡ്രൂസ് ചേട്ടനാണ് നാട്ടില്‍ കൃസ്ത്യാനികളായി ആരുമരിച്ചാലും, അവരുടെ ശവമടക്കിനുള്ള കാര്യങ്ങള്‍ ഒക്കെ ചെയ്യുന്നത്. എന്നു വെച്ചാല്‍, ശവം കൊണ്ട് പോകുക, കുഴിവെട്ടുക, ശവം മറവു ചെയ്യുക. പിന്നെ കുഴിയില്‍ നിന്നു അവശിഷ്ടങ്ങള്‍ മാറ്റുക അങ്ങിനെയൊക്കെ. ആന്‍ഡ്രൂസ് ചേട്ടനെ കാണുമ്പോഴൊക്കെ കൂടെ ശവവണ്ടിയും കാണും, ഒന്നുകില്‍ കാലിയായി അല്ലെങ്കില്‍...

“ആരാ അതെന്നു?”

എന്റെ പേര് പറഞ്ഞാല്‍ മനസിലാകണമെന്നില്ല. എന്റെ അപ്പൂപ്പന്റെയൊക്കെ തരക്കാരനാണു.

“ഞാന്‍...പിന്നെ...ജോസെ മേസിരിയുടെ പേരക്കിടാവാണു.”

“ഇവിടെ എന്തെടുക്കുന്ന്?”

എന്റെ കരച്ചിലില്‍ ഭയം കലര്‍ന്നു തുടങ്ങിയിരുന്നു.

“നിന്നു മോങ്ങാതെ കാര്യം പറയെടാ”

എന്റെ കരച്ചില്‍ ഉറക്കെയായി.

“നിര്‍ത്തെടാ അവന്റമ്മേടെ കരച്ചില്‍...”

ഇടിമിന്നല്‍ പോലെയായിരുന്നു അത്. എന്റെ കരച്ചില്‍ വിഴുങ്ങിപ്പോയി.

“എന്തിനാ നീ കരയുന്നത്?”

ഏന്തലടക്കാന്‍ വിഷമിച്ചു കൊണ്ട് ഞാന്‍ കാര്യം പറഞ്ഞു.

“നീ ഏതിലാ പടിക്കുന്നെ”

“പത്തില്”

“ഊം..പൊസ്തകത്തിനു എത്രയാകും”

“പതിനഞ്ച്”

"അരി മേടിക്കണ്ടേ”

“ഹ്ഹ്മ്മ്”

അദ്ദേഹം, മുണ്ടിനടിയില്‍ ധരിച്ചിരുന്ന നിക്കറിന്റെ പോക്കറ്റില്‍ നിന്നും മുപ്പത് രൂപ എടുത്തു തന്നു.

“ആ മീനിങ്ങു തന്നേര്”

“അതു ചീത്തേയിക്കാണും”

“എനിക്കിതു പുഴുങ്ങിത്തിന്നാനല്ല. നീ ഓസിനു കാശുവാങ്ങി എന്നു വേണ്ട.”

ആ‍ പൊതിയുമായി ആടി ആടി അയാള്‍ നടന്നു നീങ്ങി. എന്തു പറയണമെന്നറിയാതെ കാശു കയ്യില്‍ ചുരുട്ടിപ്പിടിച്ച് ഞാന്‍ നിന്നു.

ഇന്നു ഞാന്‍ ആ കടം വീട്ടണമെങ്കില്‍ എത്ര രൂപാ ആന്‍ഡ്രൂസ് ചേട്ടനു കൊടുക്കണം. ഒരുപക്ഷെ അദ്ദേഹമല്ലെങ്കില്‍ മറ്റൊരാള്‍ ഒരുപക്ഷെ മരിയാടീച്ചര്‍ തന്നെ ആ കാശുതരുമായിരിക്കാം. എങ്കിലും ആ കടം എന്തു കൊടുത്താണു വീട്ടേണ്ടത്? എസ്.എസ്.എല്‍.സി. ബുക്കിനു വന്ന പതിനഞ്ചു രൂപയോ? രണ്ടു കിലോ അരി വാങ്ങാനുള്ള കാശോ? എന്റെ വിദ്യാഭ്യാസയോഗ്യത സര്‍ട്ടിഫികറ്റുകള്‍ കൊണ്ട് എനിക്ക് കിട്ടിയ ജോലികളുടെ ശമ്പളമോ. അങ്ങിനെ പണം കൊണ്ടു മാത്രം തീര്‍ക്കാന്‍ കഴിയാത്ത കടങ്ങള്‍ ജീവിതത്തില്‍ ബാക്കിയാകുന്നു.