ചൊവ്വാഴ്ച, ഒക്‌ടോബർ 06, 2009

ഗാന്ധിജിയുടെ സത്യസന്ധതയും എന്റെ കോപ്പിയടിയും

ഡിഗ്രി ഫസ്റ്റ് സെമസ്റ്റര്‍ റിസല്‍ട്ട് വന്നു. സോനാജോയ്ക്ക് എന്നേക്കാള്‍ ഒരു മാര്‍ക്ക് കൂടുതല്‍. ഇത്തവണത്തെ പ്രൊഫിഷ്യന്‍സി അവാര്‍ഡ് അവള്‍ക്കുകിട്ടും. എന്നെ തിരിഞ്ഞുനോക്കിയിട്ട് സോന പുഞ്ചിരിച്ചു. ആ പുഞ്ചിരിയില്‍ പുച്ഛമോ വിജയഭാവമോ ആയിരുന്നില്ല. അത് വേദനയുള്ള പുഞ്ചിരിയായിരുന്നു. സോന എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളാണു. ക്ലാസില്‍ ഞങ്ങള്‍ തമ്മില്‍ ബുദ്ധിപരമായ മത്സരം ഉണ്ടായിരുന്നു എന്നത് ശരിതന്നെ. പക്ഷെ അതു ഞങ്ങളുടെ സൌഹൃദത്തെ ഒരിക്കലും ബാധിച്ചിരുന്നില്ല.

“എടാ പഠിത്തത്തിന്റെ കാര്യത്തിലെ Competition നും, നമ്മുടെ ഫ്രണ്ട്ഷിപ്പും കൂടിക്കലരരുത് കേട്ടൊ”.

ആദ്യത്തെ എക്സാം തുടങ്ങുന്നതിന്റെ തലേന്നു ഇങ്ങനെ പറഞ്ഞുകൊണ്ട്, ഞങ്ങള്‍ ഫോണ്‍ കട്ടുചെയ്തു. പിന്നീടുള്ള സെമെസ്റ്ററുകളില്‍ സോനയെ പിന്നിലാക്കി പോയപ്പോഴും ആ പുഞ്ചിരി ഞങ്ങള്‍ കൈവിട്ടില്ല. പക്ഷെ...

ആ സൌഹൃദത്തെ മാറ്റിനിര്‍ത്തിട്ടും മനസില്‍ വേദന അവശേഷിച്ചു. പ്രീഡിഗ്രി ദയനീയമായിപ്പോയതു കൊണ്ട് തന്നെ ഡിഗ്രിയെ ഏറെയധികം വാശിയോടെ സമീപച്ചതു കൊണ്ടാവാം ഒരു മാര്‍ക്കിനു രണ്ടാം സ്ഥാനത്തായത് എന്നെ വേദനിപ്പിച്ചത്. അല്ലെങ്കില്‍ അസൂയയോ നിരാശയോ...

ഒന്നാമത്തെ സെമെസ്റ്ററില്‍ ഇന്റേണല്‍ അസ്സെസ്മെന്റിനാണു മാര്‍ക്ക് കുറഞ്ഞിരുന്നത്. എം.പി.ജെ. സാറിന്റെ ‘എജ്യുക്കേഷന്‍ ഇന്‍ ഇന്‍ഡ്യ‘യ്ക്ക് ക്ലാസ് ടെസ്റ്റിനു മാര്‍ക്ക് കുറവായിരുന്നത് കൊണ്ട് ആകെ 10 മാര്‍ക്കില്‍ 9. ആ സാധുസാറിന്റെ വിഷയത്തിനു ഒരു മാര്‍ക്ക് കുറച്ചു എന്ന് പറഞ്ഞ് ഫസ്റ്റ് ലാംഗ്വേജിനും ഒരു മാര്‍ക്ക് കുറച്ചു.

ആ‍ ഒരുമാര്‍ക്ക്...

അതെന്റെ കൈയെത്തും ദൂരത്തുണ്ടായിരുന്നു. എന്റെ നോട്ടുബുക്കിനുള്ളില്‍. പക്ഷെ അതെടുക്കാന്‍ തോന്നിയില്ല.. ക്ലാസ് ടെസ്റ്റിനുള്ള ക്വസ്റ്റിന്‍ പേപ്പര്‍ തന്നിട്ട് എം.പി.ജെ സാറ് എന്തോ ആവശ്യത്തിനായി പുറത്തേക്ക് പോയി. വേറെ പ്രഫസര്‍മാരാരും ക്ലാസിലേക്ക് വന്നതുമില്ല. നന്നായിപഠിക്കുന്നവര്‍ക്ക് മുഴുവന്‍ മാര്‍ക്കും, അല്ലാത്തവര്‍ക്ക് ജയിക്കാനുള്ള മാര്‍ക്കും വാങ്ങാനുള്ള അവസരം ഇതില്‍ പരം എന്ത് വേണം. ഒരുവാക്കുപോലും തെറ്റിപ്പോകാതിരിക്കാന്‍ മിക്കവരും തന്നെ പുസ്തകം നോക്കിയെഴുതുകയാണ്. എന്റെ ഒരു പുസ്തകത്തിന്റെയും പുറംചട്ടയുടെ നിറം ഞാനോര്‍ക്കുന്നില്ല. പ്ക്ഷെ ‘എജ്യുക്കേഷന്‍ ഇന്‍ ഇന്‍ഡ്യയുടെ നോട്ടുബുക്കിനു നീലപുറം ചട്ടയായിരുന്നു. അത് വ്യക്തമായിത്തന്നെ ഓര്‍ക്കുന്നു. എന്റെ മുന്നില്‍ മൂന്നുമണിക്കൂര്‍ പ്രലോഭനത്തിന്റെ നീലനിറം തെളിച്ച് ആ നോട്ട് ബുക്കിരുന്നു. അതിനു തൊട്ടടുത്ത് നിറഞ്ഞകണ്ണുകളുമായി ചിന്നമ്മടീച്ചറിന്റെ മുഖവും. ആ മുഖത്ത് നോക്കി എനിക്കൊരിക്കലും കോപ്പിയടിക്കുവാന്‍ കഴിയുമായിരുന്നില്ല. കൈയകലത്തിരുന്ന ആ ഒരുമാര്‍ക്ക് ഞാന്‍ വേണ്ടാന്നു തന്നെ വെച്ചു.

ചിന്നമ്മ ടീച്ചര്‍, എന്റെ ക്ലാസ്ടീച്ചര്‍ ആയിരുന്നു, ഒന്‍പതാം ക്ലാസില്‍ വെച്ച്. ക്ലാസില്‍ വലിയ കുഴപ്പമില്ലാതെ പഠിക്കുന്ന കുട്ടി, മറ്റു പ്രവര്‍ത്തനങ്ങളിലും കല, സാഹിത്യം മുതലായവയിലുള്ള താല്പര്യം ഒക്കെ കൊണ്ട് എന്നെ ടീച്ചറിനു നല്ല ഇഷ്ടമായിരുന്നു. എല്ലാദിവസവും രാവിലത്തെ കുര്‍ബ്ബാനയ്ക്ക് പള്ളിയില്‍ വെച്ചുകാണുന്ന കുട്ടിയാണു എന്നതു കൂടി ആ സ്നേഹത്തിലുണ്ടായിരുന്നു. ദിയയുടെ വീടിന്റെ മുന്നിലൂടെ പോകാം എന്നത് മാത്രമാണു, എന്നെ എല്ലാദിവസവും പള്ളിയിലേക്ക് നയിച്ചിരുന്നത്. ദിയയും, ദിയയോടുണ്ടായിരുന്നു പ്രണയവും ഒരുവരിയില്‍ പറയുവാന്‍ എനിക്ക് കഴിയില്ല. എങ്കിലും ഒരു കാര്യം സത്യമാണു. എല്ലാദിവസവും അന്നു ഞാന്‍ പള്ളിയില്‍ പോകുമായിരുന്നു. ദിയയുടെ വീടിനുമുന്നിലുള്ള വഴിയിലൂടെ തന്നെ. എന്റെ നേരെ എതിരെയാണു എല്ലാദിവസവും ചിന്നമ്മ ടീച്ചര്‍ കുര്‍ബ്ബാനയ്ക്ക് നില്‍ക്കുക. അതുകൊണ്ട് തന്നെ എല്ലാദിവവും പള്ളിയില്‍ വെച്ച് എന്നെ ടീച്ചര്‍ കാണുമായിരുന്നു.

“അരുണ്‍”
“ഗുഡ് മോണിങ് ടീച്ചര്‍”
“ഗുഡ് മോണിങ്, റിപ്പോര്‍ട്ടൊക്കെ തയ്യാറാണല്ലോ അല്ലെ?”

സാഹിത്യസമാജത്തിന്റെ അവസാന യോഗമാണ് അന്നു വൈകുന്നേരം നടക്കേണ്ടിയിരുന്നത്. ചിന്നമ്മടീച്ചറിന്റെ സഹായത്തോടെ വളരെ നല്ല ഒരു പ്രവര്‍ത്തനം ആ വര്‍ഷം ഉണ്ടായിരുന്നു. സിനിമാപാട്ടുകളോ, മിമിക്രിയിലോ മാത്രം ഒതുക്കാതെ, നല്ല വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയും, വിലയിരുത്തുകയും ചെയ്തിരുന്ന, നല്ല ഒരു കൂട്ടം ആ ക്ലാസില്‍ ഉണ്ടായിരുന്നു. പ്രതീഷ്, ജോസഫ്, പ്രശാന്ത്, ജിജു, വിന്‍സെന്റ്, പോള്‍ ഷെറിന്‍ തുടങ്ങിയവര്‍ക്ക് നാടകത്തോടുണ്ടായിരുന്ന താല്പര്യം ചെറിയ ചില സ്കിറ്റുകള്‍ എഴുതിയിരുന്ന എനിക്ക് നല്ല സപ്പോര്‍ട്ട് ആയിരുന്നു. ടീച്ചറിനു ആകെയുണ്ടായിരുന്ന നിര്‍ബന്ധം അതില്‍ ഗുണപാഠം വേണമെന്നതാണു. അതുകൊണ്ടുതന്നെ സ്കിറ്റിന്റെ കളൈമാക്സില്‍ നായകനെക്കൊണ്ട് ഗുണപാഠം പറയിപ്പിച്ച് അവസാനിപ്പിക്കാം എന്നൊരു സൌകര്യമുണ്ടായിരുന്നു.

“ഉവ്വ് ടീച്ചര്‍”
“പിന്നെ ഇതൊക്കെ ഇന്നത്തോടെ അവസാനിപ്പിച്ചേക്കണം. നിന്റെ നാടകോം, ഡാന്‍സുമൊക്കെ. വരുന്ന മാസത്തെ പരീക്ഷ മറക്കണ്ട.”


സാഹിത്യസമാജത്തിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കാനായിരിക്കും ടീച്ചര്‍ വിളിച്ചതെന്നോര്‍ത്ത് അല്പം അഹങ്കാരത്തോടെ നിന്ന എന്റെ നെഞ്ചില്‍ പരീക്ഷയുടെ തീവാരിയിട്ടിട്ടാണു ടീച്ചര്‍ പോയത്. അത് നന്നായി ആളിക്കത്തുന്ന തീ ആയിരുന്നു. കാരണം എട്ടാം ക്ലാസിലെ ക്രിസ്മസ് പരീക്ഷയ്ക്ക് ശേഷം എന്റെ പഠിത്തം അത്ര ആശാവഹമായിരുന്നില്ല. കെമിസ്ട്രിയും, കണക്കും, ഹിന്ദിയും, ജോഗ്രഫിയും എന്നെ വെല്ലാതെ വലച്ചുകൊണ്ടിരുന്നു. ദിയയോടുള്ള പ്രണയം കലശലായതോട് കൂടി, കൈത്തണ്ടയില്‍ കോമ്പസു കൊണ്ടും, പുസ്തകം പൊതിഞ്ഞിരുന്ന പേപ്പറിനകത്ത് പല നിറങ്ങളിലുള്ള പേന കൊണ്ടും, അവളുടെ പേരു എഴുതി വെക്കലായിരുന്നു എന്റെ പഠനം. പേരു മാഞ്ഞു വരുന്നതിനനുസരിച്ച് വീണ്ടും വീണ്ടും കോമ്പസും പേനയും കൊണ്ട് അവളുടെ പേരെഴുതി വെക്കാനുള്ള തിരക്കിനിടയില്‍ ക്ലാസില്‍ പറയുന്നത് എന്റെ ചെവിയുടെ ചുറ്റും പറന്ന് നടന്നതല്ലാതെ മനസില്‍ പതിഞ്ഞില്ല.

അത് ആനുവല്‍ എക്സാം ആയിരുന്നില്ല. അതിനു മുന്‍പുള്ള മോഡല്‍ പരീക്ഷയോ ക്ലാസ് പരീക്ഷയോ ആയിരുന്നു. ഇംഗ്ലീഷ് സെക്കന്റ് പേപ്പര്‍- ഗാന്ധിജിയുടെ ആത്മകഥയാണു. അന്നതെനിക്ക് വളരെ താല്പര്യം കുറഞ്ഞ പുസ്തകം ആയിരുന്നു. ക്ലാസില്‍ പറയുമ്പോള്‍ കേട്ടിരുന്നു എന്നതല്ലാതെ, വീട്ടില്‍ പോയി ഒരിക്കല്‍ പോലും ആ ടെക്സ്റ്റ് ഞാന്‍ തുറന്നുനോക്കിയിരുന്നില്ല. പരീക്ഷയുടെ തലേദിവസം ടെക്സ്റ്റും ഗൈഡും മറിച്ചും തിരിച്ചും നോക്കിയതല്ലാതെ ഉത്തരങ്ങള്‍ കൃത്യമായി പഠിച്ചതുമില്ല. ഇതു പബ്ലിക് പരീക്ഷയൊന്നുമല്ലല്ലോ എന്ന ലാഘവത്തില്‍ എക്സാമിനു ചെന്നിരുന്നു. ജയിക്കാനുള്ളമാര്‍ക്ക് മാത്രം മതി എന്നുമാത്രമേ ചിന്തിച്ചുള്ളൂ. പക്ഷെ ക്വസ്റ്റിന്‍ പേപ്പര്‍ കിട്ടിയപ്പോള്‍ തന്നെ എന്റെ പ്രതീക്ഷയൊക്കെ തകിടം മറിഞ്ഞു. അറിയാവുന്ന ഉത്തരങ്ങള്‍ ചേര്‍ത്തുവെച്ചാലും ജയിക്കാന്‍ വേണ്ട മാര്‍ക്ക് കിട്ടുമെന്നു തോന്നിയില്ല.

“ഗാന്ധിജിയുടെ സത്യസന്ധത തെളിയിക്കുന്ന സ്കൂളിലെ സംഭവം വിവരിക്കുക“. അതിന്റെ ഉത്തരം ഏകദേശം എനിക്കറിയാം. ഇന്‍സ്പെക്ഷനു വരുന്ന സായിപ്പ് കേട്ടെഴുത്ത് നടത്തുന്നതും, അതില്‍ ഒരു വാക്കിന്റെ സ്പെല്ലിങ് ഗാന്ധിജി തെറ്റിച്ചെഴുതുന്നതും ക്ലാസ് ടീച്ചര്‍ ശരിയായ സ്പെല്ലിങ് പറഞ്ഞുകൊടുത്തിട്ടും സത്യസന്ധനായ അദ്ദേഹം അത് മാറ്റി എഴുതാതിരുന്നതും ഇതെല്ലാം അവിടെ ഇവിടെയൊക്കെയായി കിടപ്പുണ്ട് മനസില്‍. പക്ഷെ എഴുതി വന്നപ്പോള്‍ ഏതു വാക്കാണു ഗാന്ധിജി തെറ്റിച്ചെഴുതിയത് എന്നത് എത്ര ആലോചിച്ചിട്ടും പിടിത്തം കിട്ടിയില്ല. രണ്ടൊ മൂന്നോ മാര്‍ക്കു കിട്ടുന്ന ചോദ്യമാണു. അതു വിട്ടുകളഞ്ഞാല്‍ ഉത്തരമറിയാവുന്ന വേറെ ചോദ്യങ്ങളുമില്ല. ഞാന്‍ അടുത്തിരുന്നവന്റെ പേപ്പറിലേക്ക് തല നീട്ടി നോക്കാന്‍ തന്നെ തീരുമാനിച്ചു. എന്റെ ആഗ്രഹം മനസിലാക്കിയ പോലെ തന്നെ അവന്‍ ഏതു ചോദ്യത്തിന്റെ ഉത്തരമാണു അറിയേണ്ടത് എന്ന അര്‍ത്ഥത്തില്‍ ആംഗ്യം കാണിച്ചു. കൈവിരലുകള്‍ കൊണ്ട് ക്വസ്റ്റിന്‍ നമ്പര്‍ കാണിച്ചു കൊടുത്തു. ഒരൊറ്റ നിമിഷത്തിനുള്ളില്‍ ഒരു ചുരുണ്ട് കടലാസ് എന്റെ പേപ്പറിനു മുകളില്‍ പറന്നു വീണു. അതില്‍ ഉത്തരമുണ്ട് എന്ന ഭാവത്തില്‍ അവന്‍ ചിരിച്ചു. ചിന്നമ്മ ടീച്ചറാണു ഒബ്സെര്‍വേഷനു വന്നിരിക്കുന്നത്. അവര്‍ ഹാളിന്റെ അങ്ങെ മൂലയിലായിരുന്നു. കടലാസു തുണ്ട് വിറയാര്‍ന്ന കൈകള്‍ കൊണ്ട് ഞാന്‍ തുറന്നു. എന്റെ കണ്ണുകളിലും ചുണ്ടിലും വെള്ളം വരണ്ടു വരുന്നതു പോലെ. ജീവിതത്തിലെ ആദ്യത്തെ കോപ്പിയടിയാണു. അതിന്റെ സാങ്കേതിക പിശകുകൊണ്ടാകാം, എന്തോ പന്തികേടു മണത്തതു പോലെ ടീച്ചര്‍ ഞാനിരുന്നിരുന്ന ഭാഗത്തേക്ക് വേഗത്തില്‍ നടന്നു വന്നു. വെപ്രാളത്തില്‍ അതു ഞാന്‍ താഴെയിടുകയും ചെയ്തു. ടീച്ചര്‍ എന്റെയടുത്തു വന്നു നിന്നു എന്റെ ഉത്തരകടലാസിലേക്ക് സൂക്ഷിച്ചു നോക്കി. കക്കാന്‍ പഠിച്ചാല്‍ മാത്രം പോരാ നിക്കാനും പഠിക്കണം. പക്ഷെ അത് എന്റെ കാര്യത്തില്‍ വിജയിച്ചില്ല. ഡെസ്കിനും താഴെ കിടന്ന തുണ്ടുകടലാസ് ടീച്ചര്‍ കണ്ടു. അവര്‍ അതു കുനിഞ്ഞെടുത്തു. പിന്നെ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിട്ട് തിരികെ നടന്നു. ഒന്നും സംഭവിച്ചിട്ടില്ല എന്നു വരുത്തിത്തീര്‍ക്കുമാറ് ഞാന്‍ ഉത്തരങ്ങള്‍ അറിയാവുന്നത് പോലെ എഴുതി മണിക്കുര്‍ തള്ളിനീക്കി. ടീച്ചറുടെ കണ്ണുകള്‍ എനിക്കു ചുറ്റും തന്നെ തിരിയുകയാണു. കോടതിക്കു മുന്നില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നവനെപ്പോലെ എന്റെ മനസ് പിടഞ്ഞു കൊണ്ടിരുന്നു. പരീക്ഷ കഴിഞ്ഞ് അവസാനമിറങ്ങിയത് ഞാനാണു. പഠിക്കുന്ന കുട്ടികള്‍ അവസാനമെ പരീക്ഷഹാളില്‍ നിന്നിറങ്ങു എന്ന അബദ്ധധാരണയും അന്നെനിക്കുണ്ടായിരുന്നു. മടക്കി വെച്ച ഉത്തരക്കടലാസ് ടീച്ചറുടെ മേശപ്പുറത്ത് വെക്കുമ്പൊള്‍ എന്റെ ശിരസ് നിവര്‍ന്നു നിന്നിരുന്നില്ല. തെറ്റുചെയ്തു നില്‍ക്കുമ്പൊഴും അപമാനിതനാകുമ്പൊഴും ആര്‍ക്കാണു ശിരസുയര്‍ത്തുവാന്‍ കഴിയുന്നത്?

“അരുണ്‍, നീ പഠിച്ചില്ലായിരുന്നോ?”

“ഉവ്വ് ടീച്ചര്‍” ഞാന്‍ നുണ പറയുകയാണു, ഒരു തെറ്റിനെ മറച്ച് വെക്കുവാന്‍.

“പിന്നെ?”

ഞാന്‍ ഒന്നും മിണ്ടിയില്ല. വെറുമൊരു കോപ്പിയടിക്കാരന്‍ ആയിരുന്നില്ല ഞാന്‍. ചിന്നമ്മ ടീച്ചറടക്കമുള്ളവര്‍ സഹായിച്ചു പഠിക്കുന്നവന്‍. ആ നല്ല മനസുകളില്‍ ഉണ്ടാക്കിയ മുറിവിനു മുന്നിലാണു ഞാന്‍ നിശബ്ദനായി നില്‍ക്കുന്നത്.

“നീ ഇതു ചെയ്യുമെന്നു ഞാന്‍ കരുതിയില്ല”. അതു പറയുമ്പോള്‍ ടീച്ചറിന്റെ സ്വരം ഇടറിയിരുന്നു. ഞാന്‍ അവരുടെ മുഖത്തേക്ക് പാളിനോക്കി. ആ മിഴികള്‍ നിറഞ്ഞിരുന്നു. അതെന്നെ വെല്ലാതെ പൊള്ളിച്ചു. മനസില്‍ ഉരുകിവീഴുന്ന ലോഹത്തുള്ളി പോലെ, അതെന്നെ പൊള്ളിച്ചു കൊണ്ടേയിരുന്നു. ഹാളില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍, പരീക്ഷ മോശമായതിനേക്കാള്‍ എന്നെ തളര്‍ത്തിയത് ടീച്ചറുടെ ഇടറിയ ശബ്ദവും, നിറഞ്ഞ കണ്ണുകളുമാണു. പിന്നീട് വന്ന പരീക്ഷകളൊക്കെ അറിയാവുന്നത് പോലെ എഴുതി. ഉത്തരമറിയാത്ത ചോദ്യങ്ങള്‍ക്ക് നേരെ ടീച്ചറിന്റെ മിഴിനീരുടഞ്ഞു കിടക്കുന്നത് കണ്ട് ഞാന്‍ ഒരിക്കലും പിന്നീട് കോപ്പിയടിച്ചില്ല, ഒരിക്കലും.

3 വര്‍ഷത്തിനുശേഷം ഒരിക്കല്‍ കൂടി ഉത്തരങ്ങള്‍ തരാത്ത ചോദ്യപേപ്പറിനു മുന്നില്‍ ഞാന്‍ പകച്ചിരുന്നു, വെട്ടി വിയര്‍ത്ത്, വിരല്‍ തുമ്പുകള്‍ വിറച്ച്...പ്രീഡിഗ്രി സെക്കന്റ് ഇയര്‍ പരീക്ഷയ്ക്ക്.

ഒരു വര്‍ഷത്തെ ഇടവേളയ്ക് ശേഷമാണു ഞാന്‍ പ്രീഡിഗ്രി എഴുതിയെടുക്കുന്നത്. 1999 ല്‍ എഴുതേണ്ടിയിരുന്ന പരീക്ഷ എഴുതിയത് 2000-ല്‍. ജയിക്കാന്‍ ഒരു സാധ്യതയുമില്ലാത്ത വിഷയമായിരുന്നു എനിക്ക് ഫിസിക്സ്. മലയാളത്തിനു പോലും ജയിക്കാനുള്ള മാര്‍ക്ക് വാങ്ങാനെ എനിക്ക് കഴിഞ്ഞിരുന്നുള്ളു. അത്ര മോശമായ പഠനം. "Wheatstone Bridge" ഉറപ്പുള്ള Essay ആയിരിക്കും എന്നു കേട്ട് അതും ഏതാനും ചില One word answers ഉം മാത്രം പഠിച്ചു. ചോദ്യപേപ്പര്‍ കിട്ടി ആദ്യം നോക്കിയത് Wheatone Bridge ഉണ്ടോ എന്നാണു. പഠനത്തോട് ഞാന്‍ കാണിച്ചിരുന്ന അലംഭാവം ദൈവത്തിനു പോലും ദഹിച്ചു കാണില്ല. അതുകൊണ്ടു തന്നെ ആ ചോദ്യം ആ വര്‍ഷം ഇല്ലായിരുന്നു. എന്റെ ശരീരമാകെ തളരുന്നത് പോലെ എനിക്ക് തോന്നി. മുന്നില്‍ തുറന്നിരുന്നത് രണ്ടുവഴികളാണു. എങ്ങിനെയെങ്കിലും ജയിച്ച് ഒരു ഡിഗ്രി എങ്കിലും എടുക്കണം. അല്ലെങ്കില്‍ അപ്പോള്‍ ചെയ്തിരുന്ന മരപ്പണിയോ കൂലിപ്പണിയോ തുടരണം.

പരീക്ഷ തുടങ്ങി ഒരു മണിക്കൂറായിട്ടും ഒരു വരി പോലും എഴുതാന്‍ തോന്നിയില്ല. പിന്നെ തപ്പിത്തടഞ്ഞ് എന്തൊക്കെയോ എഴുതി. മുന്നിലൂടെയും പിന്നിലൂടെയും തുണ്ടുകടലാസുകള്‍ ചീറിപ്പായുന്നുണ്ട്. അതില്‍ ഉത്തരങ്ങളുമുണ്ട്. ഒന്നിനു നേരെയും പക്ഷെ ഞാന്‍ കൈനീട്ടിയില്ല. അതു ടീച്ചറിന്റെ പുണ്യമാണു എന്നു മാത്രമെ എനിക്ക് പറയാനുള്ളു. തോറ്റാലും കോപ്പിയടിക്കില്ല എന്ന എന്റെ തീരുമാനത്തെ ശക്തമാക്കി നിര്‍ത്തിയത് ചിന്നമ്മ ടീച്ചറിന്റെ പുണ്യം മാത്രമാണു. അതിനോട് ഞാന്‍ നീതി പുലര്‍ത്തിയത് ദൈവത്തിനിഷ്ടമായതു കൊണ്ടാവാം, പ്രാക്ടിക്കല്‍ പരീക്ഷയ്ക് എനിക്കെളുപ്പമുള്ള Experiment കിട്ടിയത്. അതിനൊരു പക്ഷെ 30 മാര്‍ക്ക് തികച്ചു കിട്ടിക്കാണണം. റിസല്‍ട്ട് വന്നപ്പോല്‍ 100ല്‍ കൃത്യം 35 മാര്‍ക്ക് വാങ്ങി ഞാന്‍ ജയിച്ചിരുന്നു.

ആ അഞ്ച് മാര്‍ക്ക് മോഡെറേഷന്‍ ആയിരുന്നോ? അറിയില്ല. എനിക്ക്, അതു എന്റെ പ്രിയപ്പെട്ട ടീച്ചറിന്റെ കണ്ണീരിന്റെ വിലയാണു. അതുകൊണ്ടാണു, കോപ്പിയടിക്കാന്‍ എല്ലാ അവസരവും ഉണ്ടായിട്ടും, എജ്യുക്കേഷന്‍ ഇന്‍ ഇന്‍ഡ്യയുടെ നോട്ട് ബുക്ക് എന്റെ തൊട്ടു മുന്നിലിരുന്നിട്ടും ഒരുത്തരം പോലും നോക്കിയെഴുതാന്‍ ഞാന്‍ ശ്രമിക്കാതിരുന്നത്. അതുകൊണ്ടാണു, ഒരു മാര്‍ക്കിനു നഷ്ടമായ പ്രൊഫിഷ്യന്‍സി അവാര്‍ഡോ, രണ്ടാം സ്ഥാനക്കാരനായതോ കൊണ്ട് എനിക്ക് തോന്നിയ സങ്കടം ഞാന്‍ മറക്കുന്നത്. ഒരുപക്ഷേ ആദ്യത്തേയും അവസാനത്തേയുമായിരുന്ന കോപ്പിയടിയുടെ വേദനയും, ചിന്നമ്മ ടീച്ചറിന്റെ കണ്ണില്‍ പൊടിഞ്ഞ മിഴിനീര്‍മണികളും എനിക്ക് എപ്പൊഴേ അവാര്‍ഡ് നല്‍കിക്കാണും, പ്രീഡിഗ്രി തന്നെ തോല്‍ക്കുമെന്നു കരുതിയ ഫിസിക്സ് പരീക്ഷ ഏറ്റവും കുറഞ്ഞ മാര്‍ക്കിനാണെങ്കിലും, ജയിച്ചപ്പോള്‍ തന്നെ.