വെള്ളിയാഴ്‌ച, നവംബർ 30, 2012

അല്പം കാക്ക പുരാണം

തണുപ്പിന്റെ നനുത്ത സ്പര്ശമുള്ള വിരലുകള് നീട്ടി നില്കുന്ന വലിയൊരു കാട്. അതിനിടയിലൂടെ വളഞ്ഞും ചരിഞ്ഞും വരഞ്ഞു പോകുന്ന നേര്ത്ത വഴി എത്തി നില്കുന്നത് ഞങ്ങളുടെ വീട്ടിലാണ്. സ്വതവേ ഏതു കാലാവസ്ഥയിലും അവിടെ തണുപ്പാണ്. അപ്പോള് പിന്നെ ഡിസംബറിന്റെ കാര്യം പറയാനുണ്ടോ?

സൂര്യനുദിക്കുന്നത് തെല്ലൊരു മടിയോടെ മാത്രം ഇഷ്ടപ്പെടുന്ന, കൈകള് കാലുകള്ക്കിടയില് തിരുകി വെച്ച് "കുറച്ചു നേരം കൂടിയെന്ന് സ്വയം പറഞ്ഞ് അര്ദ്ധമയക്കത്തിലേക്ക് ഊളിയിട്ട് കിടക്കാന് ആഗ്രഹിക്കുന്ന ഡിസംബറിലെ പ്രഭാതങ്ങള്. ആ പ്രഭാതങ്ങളില് ആരാണ് കാക്കയുടെ കരച്ചില് പോലെ അലോസരമായ ഒരു ശബ്ദം ആഗ്രഹിക്കുന്നത്? കാതുകള് എത്ര പൊത്തിയടച്ച് വെച്ചാലും മറവുകളെ കീറി മുറിച്ച്, കര്ണ്ണ പുടങ്ങളില് ചിതറി വീഴുന്ന കര കര ശബ്ദത്തിനിടയില് ആര്ക്കാണ് അലസതയുടെ ചെറു മയക്കങ്ങള് ആസ്വദിക്കാന് കഴിയുന്നത്?... പക്ഷെ...

ആ ഡിസംബര് മാസം മുതല് കുറച്ചു കാലത്തേക്ക് അങ്ങിനെ ഒരു അലോസരശബ്ദം ഞങ്ങളുടെ പ്രഭാതങ്ങളുടെ ഭാഗമായി മാറിയിരുന്നു. ഒരു കാലൊടിഞ്ഞ കാക്കയുടെ ശബ്ദം. രാരി (അപ്പച്ചന്) ഷേവ് ചെയ്യാന് പുറം പുരയുടെ അടുത്തേക്ക് വരുന്നത് വരെയോ, മമ്മി മുറ്റമടിക്കാന് ഇറങ്ങുന്നത് വരെയോ നീണ്ടു പോയിരുന്ന ഞൊണ്ടന് കാക്കയുടെ ശബ്ദം.

"നീയൊന്ന് വായ്ടക്കെട ഞൊണ്ടാ, പിള്ളാര് വായിക്കാന് പോവാ..."

മമ്മിയുടെ വായില് നിന്ന് ഇത് കേട്ടാലെ ആ കരച്ചില് നിലച്ചിരുന്നുള്ളൂ . പിന്നെയവന് അവിടെയൊക്കെ ചിക്കി പരത്താന് തുടങ്ങുമ്പോള് മമ്മിയുടെ ശബ്ദം വീണ്ടും ഉയരും.

"അടിച്ചു വാരി ഇട്ടാതേയൊ ള്ള്. ഇപ്പൊ തന്നെ ചിക്കി പരത്തി അലങ്കോലമാക്കിക്കോണം."

"ക്രാ " എന്ന ദൈര്ഘ്യമില്ലാത്ത കരച്ചിലില് മറുപടി പറഞ്ഞ് ഞൊണ്ടന് ഉപ്പൂതലിന്റെ കൊമ്പില് ചെന്നിരിക്കും. നിറയെ ശിഖരങ്ങളുമായി പടര്ന്നു നില്കുന്ന ഉപ്പൂത്തല് അവനു പറ്റിയ ഇരിപ്പിടമാണ്. ഒരു കാലിലെ വിരലുകള് മുഴുവനും അറ്റു പോയതിനാല് മറ്റു മരങ്ങളുടെ ശിഖരങ്ങളില് ചാഞ്ഞിരിക്കുക അവന് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. പിന്നീടുള്ള മമ്മിയുടെ ചോദ്യങ്ങള്ക്കും പായാരങ്ങള്ക്കും അവന് അവിടെ ഇരുന്നാണ് മറുപടി പറയുക. മറുപടി എന്ന് പറഞ്ഞാല് നീട്ടിയും കുറുക്കിയും ഉള്ള ഈ "കര കര പ്രിയ" തന്നെ. മനുഷ്യന്റെ ഭാഷ മനസിലാകുന്ന കാക്കയോ? അങ്ങിനെ ചിന്തിച്ചാല് അതൊരു കീറാ മുട്ടി ചോദ്യം തന്നെ. പക്ഷെ വാസ്തവത്തില് ഞൊണ്ടന് എല്ലാം മനസിലാകും. മമ്മി ചോദിക്കുന്നതും പറയുന്നതും പിണങ്ങുന്നതും സ്നേഹത്തോടെ "ഞൊണ്ടാ" എന്ന് വിളിക്കുന്നതും എല്ലാം.

ഈ പായാരത്തിനിടയില് ഇടയ്ക്കിടെ ഞൊണ്ടന് അകത്തേക്ക് തലയെത്തിച്ചു നോക്കും. അത് രാരി ജോലിക്ക് പോകാന് തയ്യാറായോ എന്നറിയാനുള്ള നോട്ടമാണ്. ജോലിക്കിറങ്ങും മുന്പ് കൈയില് അവനു വേണ്ടി മാത്രം കരുതി വെച്ച ഒരുരുള ചോറുമായി രാരി പുറത്തേക്ക് ഇറങ്ങും വരെ ആ നോട്ടം അകത്തേക്ക് നീണ്ടു നില്കും. പാത്രങ്ങള് കഴുകി ഉണക്കാന് വെക്കുന്ന കല്ലിന്റെ ഒരു മൂലക്ക് രാരി വെച്ചിട്ട് പോകുന്ന ഉരുള ഒരു വറ്റ് പോലും ബാക്കി വെക്കാതെ അവന് കൊത്തി തിന്നും. ഒരിക്കല് ഒരുള കൊത്തി ചിതറിച്ച് ഇട്ടതിന് രാരി അവനെ നന്നായി പിണങ്ങി. അതില് പിന്നെ വലിയ സൂക്ഷ്മതയോടെയാണ് കക്ഷിയുടെ തീറ്റ. തീറ്റ കഴിഞ്ഞാല് പിന്നെയൊരു സര്കീട്ടിന് പോക്കാണ്. എവിടെയെങ്കിലും ഒക്കെ അലഞ്ഞു തിരിഞ്ഞിട്ട് ആളിനി തിരികെ വരുന്നത് ഞങ്ങള് സ്കൂളില് പോയ ശേഷമായിരിക്കും.

ഞങ്ങളെ സ്കൂളില് അയച്ച ശേഷം മമ്മി നേരെ പൈപ്പിന് ചുവട്ടേക്ക് പോവും. അന്നേക്ക് വേണ്ട വെള്ളം കൂടി എടുത്തു വെച്ചിട്ടേ മമ്മി ഭക്ഷണം കഴിക്കൂ.ഒന്പതേ കാല് മണിയുടെ റേഡിയോ ചലച്ചിത്ര ഗാനം തീരുന്ന മുറക്ക് മമ്മി വെള്ളമെടുത്തു കഴിയും. ഇനി അഥവാ പൈപ്പിന് ചുവട്ടില് തിരക്കാണേല് "ദേ ... ആ പെണ്ണിന്റെ കുടം വെച്ചേക്ക് ... അതിന് വെള്ളമെടുത്തിട്ട് മൂന്നാമത്തെ കൊച്ചിന് ചോറ് കൊടുക്കാനുള്ളതാ" എന്ന് പറഞ്ഞു പൈപ്പിന് ചുവട്ടില് ഉള്ളവര് മമ്മിയെ കളിയാക്കുന്നതും പതിവാണ്. തൊട്ടതിനും പിടിച്ചതിനും ഒക്കെ ഞൊണ്ടന് കാക്കയെ പിണങ്ങുമെങ്കിലും സത്യത്തില് മമ്മിക്ക് അവനോട് എന്നോടും അനിയനോടും എന്ന പോലെ തന്നെ സ്നേഹമുണ്ടായിരുന്നു. ആ അര്ത്ഥത്തില് മമ്മിക്ക് അവന് മൂന്നാമത്തെ മോന് തെന്നയായിരിന്നു. വൈകീട്ട് ഞങ്ങള് സ്കൂളില് നിന്ന് വരുന്നത് വരെ "മിണ്ടാനും പറയാനും വേരെയാരാ എനിക്കുള്ളേ " എന്ന് മമ്മി ഇടയ്ക്കിടെ പറയുകയും ചെയ്യും.

വൈകുന്നേരം ഞങ്ങള് സ്കൂളില് നിന്ന് കൊണ്ട് വരുന്ന ഗോതമ്പ് ഉപ്പു മാവില് നിന്ന് അവന്റെ വിഹിതം കൂടി പറ്റിയിട്ടെ ഞൊണ്ടന് ചേക്കേറാന് പോകൂ.ഇതിനിടയില് പറമ്പില് ചികഞ്ഞു നടക്കുന്ന കോഴിക്കുഞ്ഞുങ്ങളെ റാഞ്ചാനോ, ഉണക്കാനിട്ട അരിയോ, മുളപ്പിക്കാനിട്ട വിത്തോ കൊത്തി തിന്നാനോ അവന് തുനിയാറില്ല. രാവിലെ മുതല് വൈകുന്നേരം വരെ മമ്മിയോടു പായാരം പറഞ്ഞു നടക്കും. ഇരുട്ടും നേരം കണ്ടല് കാടുകള്ക്കിടയില് എവിടെയോയുള്ള കൂട്ടില് പോയി ചേക്കേറും. ഇതാണ് അവന്റെ ഒരു ദിവസം.

അങ്ങിനെ കുറെ മാസങ്ങള് പോയി. ആയിടക്കാണ് ഞങ്ങള് മമ്മിയുടെ തറവാട്ടിലേക്ക് പോയത്. ആ വര്ഷത്തെ മഴക്കാലത്ത് ഓല മേയാതിരുന്നതിനാല് ചോര്ച്ച വളരെ കൂടുതലായിരുന്നു. ഉണക്കോല നീര് കലര്ന്ന് ചെമ്പിച്ച മഴ തുള്ളികളെ പ്ലാസ്റ്റിക് കഷങ്ങള് കൊണ്ട് തടയിടാന് ഞാനും മമ്മിയും പെടാ പാട് പെടുന്നത് കണ്ടു കൊണ്ടാണ്, മഴയുള്ള ഒരു രാത്രിയില് മമ്മിയുടെ ചേട്ടന് കേറി വന്നത്. അതും ഒരുപാട് വര്ഷങ്ങള്ക്ക് ശേഷമുള്ള വരവ്. . ആ കാര്യങ്ങള് പിന്നീടൊരിക്കല് പറയാം. ആ വരവിന്റെ പിറ്റേന്ന് ഞങ്ങള് മമ്മിയുടെ തറവാട്ടിലേക്ക് പോയി. മഴയായതു കൊണ്ടാണോ എന്തോ അന്ന് രാവിലെ ഞൊണ്ടന് വന്നിരുന്നതുമില്ല. മമ്മിയുടെ തറവാട്ടിലേക്ക് പോകുന്ന വഴിയും അവിടെ എത്തിയിട്ടും മമ്മി അത് തന്നെ പറഞ്ഞു കൊണ്ടിരുന്നു. "പാവം ഞൊണ്ടന് ... ഈ മഴക്കാലത്ത് അവനിനി എങ്ങുപോകുമോ എന്തോ?" മമ്മിക്കും ഞങ്ങള്ക്കും ഒഴികെ മറ്റാര്ക്കും ആ വാക്കുകളില് നിറഞ്ഞിരുന്ന ആധി മനസിലായതുമില്ല.

ചെളികുണ്ടും, ചെറു തോടുകളും കൈവഴികളും ഒക്കെ ആയ ഒഴുകിയിരുന്ന ഒരു മഴക്കാലം കൂടി കഴിഞ്ഞു. ഞങ്ങള് വീട്ടിലേക്ക് മടങ്ങി. വീടെത്തിയപ്പോള് മമ്മി ആദ്യം അന്വേഷിച്ചത് ഞൊണ്ടനെവിടെയെന്നായിരുന്നു. അന്ന് വൈകുന്നേരം വരെ അവന് കണ്ടില്ല.

"ചിലപ്പോ അവന് നാളെ രാവിലെ വരുമായിരിക്കും" രാരി പറഞ്ഞു.

പക്ഷെ അവന് അടുത്ത ദിവസവും വന്നില്ല. അതിനടുത്ത ദിവസങ്ങളിലും അവന്റെ കര കരപ്പാര്ന്ന ശബ്ദം പ്രഭാതങ്ങെ തേടി എത്തിയില്ല. കുറേ ദിവസങ്ങള് കഴിഞ്ഞിട്ടും കാണാതെയായപ്പോള് ഇനി അവന് വരില്ല എന്ന് തന്നെ ഞങ്ങള് വിചാരിച്ചു. ആ വിചാരത്തെ ശരി വെച്ചുകൊണ്ട് പിന്നീടൊരിക്കലും ഞൊണ്ടന് കാക്ക വന്നതുമില്ല.

ഒരു പക്ഷെ ഒരു വാക് പറയാതെ ഒരു ദിവസം മറഞ്ഞു പോയ ഞങ്ങളോട് അവന് പരിഭവിച്ചു കാണണം. അല്ലെങ്കില് വിശപ്പ് സഹിക്കാതെ വന്നപ്പോള് മറ്റൊരു മേച്ചില് പുറം തേടി പോയതാവാം. ഇനി ഇലക്ട്രിക് കമ്പികള്ക്കിടയില് പെട്ട് മരിച്ചു പോയതാവുമോ? അതും അറിയില്ല. പക്ഷെ അവന്റെ അലോസര പെടുത്തുന്ന ശബ്ദം എവിടെയോ മാഞ്ഞു പോയത് ഞങ്ങളെ നോമ്രപെടുത്തിയിരുന്നു. അല്ലെങ്കില് തന്നെ എന്തെങ്കിലും ഒന്ന് ഇല്ലതാവുംപോഴാണല്ലോ അതെത്ര മാത്രം മോശമായ ഒന്നായിരുന്നാല് പോലും അതേ പറ്റിയോര്ത്ത് മനുഷ്യന് ദു:ഖിക്കുന്നത്.

കുറേ ദിവസങ്ങള് കൂടി അവന്റെ ഓര്മ്മകള് പൈപ്പിന് ചുവട്ടിലും വീട്ടിലും ഒക്കെയുള്ള വര്ത്തമാനങ്ങളില് നിറഞ്ഞു നിന്നു. പിന്നെ പിന്നെ അതും എവിടെയോ തടഞ്ഞു വീണ് ഇല്ലാതെയായി. ഇപ്പോള് ആ ഓര്മ്മകള് പകര്ത്തി എഴുതുമ്പോള് ആദ്യമായി ആ കര കര ശബ്ദം കേട്ടപ്പോള് തോന്നിയ അലോസരതയായല്ല, കേള്ക്കുമ്പോള് മനസ്സില് നോവ് പടര്തോന്നൊരു പ്രിയ ഗാനമെന്ന പോലയാണ് ഞൊണ്ടന്റെ കരച്ചില് എന്റെ മനസ്സില് നിറയുന്നത്. ഒരു നേര്ത്ത നോവ് ഗാനം പോലെ, അതങ്ങിനെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

***നന്ദി: ഈ കുറിപ്പ് എഴുതാന് പ്രേരിപ്പിച്ച "മനുഷ്യ ഭാഷ മനസിലാവുന്ന മച്ചി മാവിന്റെ കഥ" പറഞ്ഞ സാജിദ അബ്ദുള് റഹിമാന്.