ദിയ വളരെ സുന്ദരിയായിരുന്നു. വെളുത്ത് നന്നേ മെലിഞ്ഞു നീണ്ടമുടിയും വലിയ കണ്ണുമുളള അവളോട് തട്ടിച്ചു നില്ക്കാന്‍ എനിക്കാകെ ഉണ്ടായിരുന്നത് എന്റെ ഉയരം മാത്രമാണ്. നില വിളക്കിന്റെ അടുത്ത് മണ്ണെണ്ണ വിളക്ക് വെച്ചു എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കാന്‍ മാത്രം അവളുടെ കൂടെ നടന്നിരുന്ന എനിക്ക് അവളോടുള്ള പ്രണയം തുറന്നു പറയാന്‍ അത്ര എളുപ്പം കഴിയുമായിരുന്നില്ല. എങ്കിലും സ്കൂളിലും വേദോപദേശ ക്ലാസിലും അവളുടെ നോട്ടം എന്റെ മേല്‍ പാളി വീഴുമ്പോഴൊക്കെ അവളെ മാത്രം നോക്കികൊണ്ടിരുന്ന എന്റെ കണ്ണുകളിലെ പ്രണയം അവള്‍ എന്നെങ്കിലും വായിച്ചറിയും എന്ന് ഞാന്‍ കരുതി. ഇനി അവള്‍ അറിയാതെ പോയാലോ എന്നോര്‍ത്ത് എന്റെ കൈത്തണ്ടയില്‍ കോമ്പസ് കൊണ്ട് അവളുടെ പേരിന്റെ ആദ്യം അക്ഷരം എഴുതിയിട്ടു.ഞങ്ങളുടെ കാലത്ത് മനസ്സില്‍ പ്രേമം കൊണ്ട് നടക്കുന്ന എല്ലാ ആണ്‍കുട്ടികളും അന്ന് ചെയ്തിരുന്ന കാര്യമാണ് അത്. കൈയില്‍ കോമ്പസിന്റെ മുനകൊണ്ട് സ്നേഹിക്കുന്ന പെണ്ണിന്റെ ആദ്യ അക്ഷരം എഴുതുക.
"അരുണ്‍ നിന്റെ കൈയില്‍ ആരുടെ പേരിന്റെ ആദ്യാക്ഷരമാണ് എഴുതിയിരിക്കുന്നത്?"
"ഏത്?"
"ആ D"
"അത് നിന്റെ പേരാണ്"
അവളുടെ കണ്ണുകള്‍ നിറഞ്ഞു വന്നു.
"എന്തിനാണ് നീ ഇങ്ങനെ ചെയ്തത്?"
"എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമായത് കൊണ്ട്"
എന്നെങ്കിലും ഒരിക്കല്‍ അവള്‍ ഇങ്ങനെ ചോദിക്കുമെന്നും അന്ന് ഇങ്ങനെ ഒക്കെ മറുപടി പറയണമെന്നും കരുതിയിരുന്നു. പക്ഷെ ഒരിക്കല്‍ പോലും അവള്‍ ആ പാടുകള്‍ കണ്ടില്ല. എന്നോടിതൊന്നും ചോദിച്ചതുമില്ല.
ഇതുവരെയുള്ള ജീവിതത്തില്‍ ഏറ്റവും അധികം നാള് നീണ്ടു നിന്ന പ്രണയമായിരുന്നു, എനിക്ക് ദിയയോട് ഉണ്ടായിരുന്നത്. ഒന്പതാമത്തെവയസുമുതല് പതിനാലാമത്തെ വയസ്സ് വരെ. 5 വര്‍ഷത്തെ അപക്വമായ പ്രണയം. ശരിയാണു, ആ പ്രായം അപക്വമാണ്. പുറത്തുനിന്നു നോക്കുന്ന ഒരാള്ക്ക് ആ പ്രണയവും അങ്ങിനെ തന്നെ. ഞാന്‍ മാത്രം പക്ഷെ അങ്ങിനെ ചിന്തിച്ചില്ല. അല്ലെങ്കില്‍ തന്നെ ആരെങ്കിലും അവരുടെ പ്രണയത്തെക്കുറിച്ച് അങ്ങിനെ ചിന്തിക്കും എന്നെനിക്കു തോന്നുന്നുമില്ല.
ദിയയും ഞാനും ഒരേ ദിവസം ജനിച്ചവരാണു. ജനിച്ച ദിവസത്തേക്കാളുപരി ഞങ്ങള്‍ വളര്‍ന്നു വന്ന സാഹചര്യമായിരുന്നു എന്റെ പ്രണയത്തിനു തണലായിരുന്നത്. എന്റെ മമ്മിയും ദിയയുടെ മമ്മിയും അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. ഇന്നത്തെ വാക്കില്‍ പറഞ്ഞാല്‍ ഫാമിലി ഫ്രെണ്ട്സ്. സെന്റ് മേരീസ് എല്‍.പി സ്കൂളിലും, സാന്താക്രൂസ് ഹൈ സ്കൂളിലും വേദോപദേശ ക്ലാസിലും ഞങ്ങള്‍ ഒരുമിച്ച് പഠിച്ചു. ദിയയോട് തോന്നിയിരുന്നത് പ്രണയമാണോ എന്ന് ചോദിച്ചാല്‍ നാലാം ക്ലാസില്‍ പഠിക്കുന്ന 9 വയസുകാരനു തോന്നിയിരുന്ന സ്നേഹത്തെ പ്രണയം എന്ന് പറയാന്‍ കഴിയുമോ എന്നറിയില്ല. പക്ഷെ, പഠിച്ചുവരാന്‍ പറഞ്ഞു വിടുന്ന പദ്യങ്ങള്‍ ഒരുവാക്ക് പോലും തെറ്റാതെ ചൊല്ലികേള്‍പ്പിക്കുന്നത്, കള്ളനും പോലീസും കളിക്കുമ്പോള്‍ മറഞ്ഞിരുന്നു പോലീസുകാരനെ ആക്രമിച്ച് വീഴ്ത്തുന്നത്, ഹൈജമ്പില്‍ ഓരൊ ഉയരവും ചാടിക്കടക്കുന്നത്, കളിമണ്‍ സ്ലേറ്റില്‍ വീഴുന്ന മാര്‍ക്കിന്റെ വലിപ്പം, ഇതെല്ലാം അവള്‍ കാണണം. യൂണിഫോം ഇടേണ്ടതായി ഇല്ലാത്ത ദിവസത്തില്‍ രണ്ടുപേരും ഇട്ടുകൊണ്ട് വരുന്ന ഉടുപ്പില്‍ എവിടെയെങ്കിലും ഒരുപോലെയുള്ള നിറങ്ങളുണ്ടോ എന്നു കണ്ടുപിടിക്കണം. കേട്ടെഴുത്തിനു സമ്മാനമായി കിട്ടുന്ന കളര്‍ ചോക്ക് കഷണങ്ങള്‍ അവള്‍ക്ക് വേണ്ടി മാറ്റി വെക്കണം. കണ്ണുപൊത്തിക്കളിക്കുമ്പോള്‍ അവള്‍ പിടിക്കപ്പെടാതെ സംരക്ഷിക്കണം. സ്വാതന്ത്ര്യദിനത്തിനു എവിടെയൊക്കെ, പതാക ഉയര്‍ത്തുന്നോ അവിടെയൊക്കെ നിന്നു കിട്ടുന്ന മിഠായികള്‍ അവള്‍ക്ക് കൊണ്ടുവന്നു കൊടുക്കണം. ക്ളാസ്സില്‍ ഒരു കുട്ടി വര്‍ത്തമാനം പറഞ്ഞാല്‍ അവനെ പെമ്പിള്ളാരുടെ ഇടയിലിരുത്തും. രണ്ടുപേര്‍ വര്‍ത്തമാനം പറഞ്ഞാല്‍ രണ്ട് പേരും തറയിലിരിക്കണം. ആദ്യം വര്‍ത്തമാനം പറയുന്നവന്‍ ദിയയുടെ അടുത്തിരിക്കാതിരിക്കാന്‍, എത്ര തവണ വര്‍ത്തമാനം പറയുന്ന രണ്ടാമത്തെ കുട്ടിയായി ഞാന്‍ വെറും തറയിലിരുന്നിരിക്കുന്നു. ഇതിലെല്ലാം ഉണ്ടായിരുന്ന പ്രണയം തുറന്നു പറയണം എന്ന് തോന്നിയത് ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. ഒരു പക്ഷെ എട്ടാം ക്ലാസ് പകുതി ആയപ്പോള്‍ മുതല്‍...
അപ്പോഴേക്കും എന്റെ പഠിത്തമൊക്കെ വല്ലാതെ മോശമായി തുടങ്ങിയിരുന്നു. പരീക്ഷാ പേപ്പറില്‍ 20 ലും താഴെ കുറഞ്ഞു പോയ മാര്‍ക്ക് നോക്കി ടീച്ചര്‍മാര്‍ ഇരുണ്ട മുഖം കാണിച്ചു തുടങ്ങി. എന്റെ മനസിലും പുസ്തകങ്ങള്‍ പൊതിഞ്ഞിരുന്ന പത്രകടലാസുകള്‍ക്കുള്ളിലും കൈത്തണ്ടയിലും അപ്പോള്‍ ദിയയുടെ പേരായിരുന്നു. പരീക്ഷകളുടെ ചൂടിനേക്കാള്‍ ഉയര്‍ന്ന താപനില പ്രണയത്തിനുണ്ട്. ആ ചൂടില്‍ ഉത്തരങ്ങള്‍ മനസ്സില്‍ നിന്നും ഉരുകി പോയിരുന്നു.ഒന്‍പതാം ക്ലാസില്‍ എത്തിയപ്പോഴും കാര്യങ്ങള്‍ മാറ്റമില്ലാതെ തുടര്‍ന്നു. പക്ഷെ നിന്നെ ഇഷ്ടമാണ് എന്ന് പറയാനുള്ള ധൈര്യം മാത്രം ഉണ്ടായില്ല. ദിയയുടെ കൂടെ നടക്കുമ്പോള്‍ പിടിതരാതെ ആ വാക്കുകള്‍ വഴുതി നടന്നു.ഇന്ട്രുമെന്റ്റ് ബോക്സിനകതോ, നോട്ടു ബുക്കിലോ ഒരു തുണ്ട് കടലാസില്‍ എഴുതി വെച്ചിട്ട് പോകണം എന്ന് പല തനവന തീരുമാനിക്കും. പിന്നീട് ആ തുണ്ടുകടലാസ് മടക്കി പോക്കറ്റിലിടും.അങ്ങിനെ ഏതൊരാളുടെ ജീവിതത്തിലെ പറയാതെ പോകുന്ന പ്രണയത്തിലേക്ക് എന്റെ ആദ്യ പ്രണയത്തെ എഴുതി ചേര്‍ക്കും മുന്‍പേ ആ ക്രിസ്മസ് വന്നു.
ഒരു കുട്ടി ബോര്‍ഡില്‍ "I Love You" എന്ന് വരയ്ക്കുന്ന ചിത്രമുള്ള പോസ്റ്റ് കാര്‍ഡാണ് ഞാന്‍ ദിയക്ക് കൊടുക്കാന്‍ വാങ്ങിയത്. അതില്‍ മറ്റൊന്നും എഴുതിയില്ല. വേദോപദേശ ക്ലാസിലെ ക്രിസ്മസ് സെലെബ്രഷന്‍ കഴിഞ്ഞു വരുന്ന വഴി അവളുടെ കയില്‍ ഞാന്‍ ആ കാര്‍ഡ് കൊടുത്തു. അവളുടെ വീടിനടുത്ത് എത്തിയപ്പോള്‍ പരസ്പരം ക്രിസ്മസ് വിഷ് ചെയ്ത് ഞാന്‍ എന്റെ വീട്ടിലേക്കു നടന്നു.
"എടാ അരുണ്‍"
ദിയയായിരുന്നു. ഞാന്‍ നടന്നു ഒരുപാട് ദൂരം എത്തിയിരുന്നില്ല. എങ്കിലും എന്റെ ഒപ്പമെത്താന്‍ ഓടിയത് കൊണ്ടാവാം അവള്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.
"ഇതെന്താണ്?"
"അത്..." എന്നത്തേയും പോലെ വാക്കുകള്‍ വഴുതി മാറി.
"നീ എന്താണീ കാണിച്ചത്?" അവളുടെ കവിളുകള്‍ ചുവന്നിരുന്നു.
"എനിക്ക് നിന്നെ ഇഷ്ടമാണ്" അത് എവിടെ നിന്നും വന്ന വാക്കുകളാണ് എന്നെനിക്കറിയില്ല. പക്ഷെ അങ്ങിനെ തന്നെയാണ് ഞാന്‍ പറഞ്ഞത്.
"എന്നിട്ട്? ഇത് നമ്മുടെ മമ്മിമാരോ വീട്ടിലോ അറിഞ്ഞാല്‍ എന്താവും എന്ന് നീ ഓര്‍ത്തോ?"
അത് ഞാന്‍ ഓര്‍ത്തിരുന്നില്ല. പ്രണയം ഒരു മറവിയാണ് പലപ്പോഴും. യാഥാര്‍ത്യങ്ങള്‍ അവിടെ മറന്നു പോവുന്നു. ഞങ്ങളുടെ വീടുകര്‍ തമ്മിലുള്ള അടുപ്പമോ മമ്മിമാര്‍ തമ്മിലുള്ള സൗഹൃദമോ അതൊന്നും ഞാന്‍ ഓര്‍ത്തിരുന്നില്ല.
"ഇത് നീ തന്നെ കീറികളഞ്ഞേക്ക്" അവള്‍ കാര്‍ഡ് ബലമായി എന്റെ കയില്‍ വെച്ച് തിരികെ നടന്നു. എന്നെ ഇഷ്ടമാണോ അല്ലയോ എന്ന് ചോദിക്കാനുള്ള അവസരം എനിക്ക് ലഭിച്ചില്ല. പിന്നീടൊരിക്കലും.
ആ കാര്‍ഡ് പക്ഷെ ഞാന്‍ കീറി കളഞ്ഞില്ല. ജസ്റ്റിന്‍ എന്ന എന്റെ ഏറ്റവും അടുത്ത സുഹൃത്ത് അവളെ ഇഷ്ടമാണ് എന്ന് പറയും വരെ. അത് വരെ നാലാം ക്ലാസ് കാരന് തോന്നിയ അഞ്ചു വര്ഷം നീണ്ടു നിന്ന പ്രണയം നാല് വരികള്‍ കൊണ്ട് മഞ്ഞു പോയതിന്റെ ഓര്‍മ്മയില്‍ അതെന്റെ കണക്കു പുസ്തകത്തില്‍ ഇരുന്നു. ആദ്യ പ്രണയം തോറ്റു പോയത് പോലെ ആ കണക്കു പുസ്തകവും എന്നെ തോല്‍പ്പിച്ചിരുന്നു.