ചൊവ്വാഴ്ച, ഓഗസ്റ്റ് 02, 2011

താളിപ്പരുത്തിയിലെ ജംഗിള്‍ബുക്ക്‌

മാത്തന്റെ പറമ്പ് എന്ന് പറഞ്ഞാല്‍ അതൊരു വലിയ ചതുപ്പ് നിലമാണ്. കറുത്ത ചെളി അടിത്തട്ടില്‍ കുറുകി കിടക്കുന്ന തോടുകള്‍ കൊണ്ട് പലദ്വീപുകളായി മുറിഞ്ഞു കിടക്കുന്ന ഒരു തെങ്ങിന്‍ തോപ്പ്‌. പിന്നെ കാട്ടുപരുത്തിയും കണ്ടല്‍ക്കാടും ചുള്ളിമുള്‍ചെടികളും ഉപ്പൂത്തലും കറുകപുല്ലും തീര്‍ത്ത നിഗൂഡത.

ഒരു ചെളിപ്രദേശമായിരുന്നു അത്. മാത്തന്റെ പറമ്പ് എന്ന് പറഞ്ഞിരുന്നെങ്കിലും ഈ മാത്തനെ ഒരിക്കല്‍ പോലും ഞാന്‍ കണ്ടിട്ടില്ല. ആറാമത്തെ തോടും ചാടികടന്നാല്‍ പിന്നെ വരുന്ന വരമ്പിലെ താളിപ്പരുത്തി മറ്റാരുടെയും അനുവാദമോ പോക്ക് വരവോ നടത്താതെ എന്‍റെ സ്വകാര്യസ്വത്താക്കുന്നത് ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. ആ മരം പിന്നീടുള്ള ജീവിതത്തിലെ പത്തോ പന്ത്രണ്ടോ കൊല്ലം ഞാന്‍ എടുത്ത പ്രധാനപ്പെട്ട തീരുമാനങ്ങളുടെ സാക്ഷികൂടി ആയിരുന്നു. ഒരു പക്ഷെ എന്റെ കോളേജ്‌ കാലത്തേ സെമിനാറുകളോ, അല്ലെങ്കില്‍ നടത്തുവാന്‍ പോകുന്ന പ്രസംഗങ്ങളോ, ഇന്റര്‍വ്യൂനു പറയേണ്ട ഉത്തരങ്ങളോ ആദ്യം കേട്ടത് ആ താളിപ്പരുത്തിയാണ്.

തെക്ക് വശത്തേക്ക് നീണ്ടുപോയിരുന്ന അതിന്റെ ഒരു കൊമ്പില്‍ അങ്ങേയറ്റത്ത്‌ രണ്ടായി പിളര്‍ന്നുപോകുന്ന തുഞ്ചത്ത് ഇരുന്നപ്പോഴാണ് ആദ്യമായി ഞാന്‍ ഒരു മൌഗ്ലിയാണ് എന്ന് എനിക്ക് തോന്നിതുടങ്ങിയത്. അതേ ജംഗിള്‍ബുക്കിലെ മൌഗ്ലി. നടുവളഞ്ഞ ഒരു വടികഷണം ബൂമാറാങ്ങ് പോലെ ചെത്തിമിനുക്കി കളസത്തിനും അരക്കുമിടയില്‍ തിരുകി വെക്കുമ്പോള്‍ ആ മരം നില്‍ക്കുന്നത്‌ ഒരു വലിയ കാടിനുള്ളില്‍ ആണെന്നും, മാത്തന്റെ പറമ്പ് കാണുന്ന പൊന്തക്കാടുകള്‍ പാറക്കൂട്ടങ്ങളാണെന്നും. ഉണങ്ങിയ കൊമ്പുകള്‍ കുലുക്കിയാടുന്ന ചുള്ളിമുള്‍ ചെടികള്‍ ഷേര്‍ഖാനും,  കണ്ടല്‍ മരങ്ങള്‍ അകേലയും, ബഗീരനും ആണെന്ന് എനിക്ക് തോന്നും. എന്‍റെ ആദ്യത്തെ ആത്മാര്‍ഥമായ ആഗ്രഹം ജീവിതത്തില്‍ ഒരു മൌഗ്ലി ആകാനായിരുന്നു.

"ആരാവനാ മോനിഷ്ടം?"

"ഡോക്ടര്‍"

രാരിയും മമ്മിയും പഠിപ്പിച്ചു തന്ന ആഗ്രഹങ്ങളില്‍ നെഞ്ചില്‍ ഞാന്നു കിടക്കുന്ന സ്റ്റെതസ്കോപ് ആയതിനാല്‍ എന്‍റെ നടുവ് വളഞ്ഞ ബൂമാറാങ്ങ് കളസത്തിനും അരയിലും ഇടയില്‍ മാത്രമായി ഒതുങ്ങി പോയി. എല്ലാവരും അവരുടെ കുട്ടിക്കാലത്ത്‌ ഇതുപോലെയാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഒരു ബാറ്റ്മാനോ, ഫാന്റ്റമോ, സൂപ്പര്‍മാനോ ആകാന്‍ ആഗ്രഹിക്കുന്നവര്‍. ടിവി എന്നത് മറ്റൊരാളുടെ വീട്ടില്‍ ഇരിക്കുന്നതും അതിലെ കാഴ്ചകള്‍ വിരളവുമായിരുന്ന ഒരു കാലത്ത്‌ ഇവരൊന്നും എന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. അറിയാവുന്നവര്‍ ജയന്റ് റോബോട്ടും, വിക്രമാദിത്യനും, രാമായണ-മഹാഭാരത ഹീറോകളുമാണ്. കുറച്ചു കൂടി വണ്ണം വെച്ച് ഘടോല്‍ക്കചന്‍ ആയേക്കാം എന്ന് വരെ ആലോചിച്ചിട്ടുണ്ട്. പക്ഷെ എന്റെ അതേ പ്രായത്തില്‍ വരുന്ന ഒരു ഹീറോ അന്ന് മൌഗ്ലി മാത്രമായിരുന്നു. ഒരു ബുമാറാങ്ങു കൊണ്ട് ഒരു കാടിനെ മുഴുവന്‍ സംരക്ഷിക്കുന്ന മൌഗ്ലി.

അമൃതവള്ളി കൂട്ടിപിണച്ച് ഉണ്ടാക്കി കൊലുന്നനെ താളിപരുത്തിയുടെ കൊമ്പില്‍ തൂക്കിയിട്ട് തൂങ്ങിയാടുമ്പോള്‍ റഡ്‌യാര്‍ഡ്‌ കിപ്ലിങ്ങിനു പോലും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ജംഗിള്‍ ബുക്ക്‌ ഹീറോ ആയിരുന്നു ഞാന്‍. മുന്നില്‍ നിരന്നു നില്‍ക്കുന്ന ചുള്ളിമുള്‍ ചെടികളുടെ തലപ്പ് വാളപുല്ലിന്റെ തണ്ട് കൊണ്ട് വെട്ടി വീഴ്ത്തി  ഡോണ്‍ കിക്സോട്ടിനെ പോലെ ഞെളിഞ്ഞു നിന്നു.  തലയറ്റു വീഴുന്ന മുള്‍ചെടികള്‍ എന്റെ ജംഗിള്‍ ബുക്കിലെ ശത്രുക്കളായിരുന്നു. കാറ്റില്‍ തലയാട്ടുന്ന കണ്ടല്‍ ചെടികള്‍ എന്റെ ആഞ്ജ അനുസരിക്കുന്ന ബഗീരനും, ഹാതിയും, ചില്‍-ഉം ഒക്കെയാണ്. മൌഗ്ലിയെ പോലെ മരത്തിന്റെ ഒരു വശത്തേക്ക് നീണ്ടു പോകുന്ന കൊമ്പിന്റെ അറ്റത്ത്‌ ഞാനിരുന്നു. ചുള്ളിക്കാടുകള്‍ ആടിയുലയുമ്പോള്‍ അതില്‍ ഷേര്‍ഖാന്‍ ഉണ്ട് എന്ന് സങ്കല്‍പ്പിച്ച് വള്ളിയില്‍ തൂങ്ങി താഴേക്ക്‌ ചാടി പതിയിരുന്നു. പിന്നെ വാളപ്പുല്ലും നടുവളഞ്ഞ വടിയും കൊണ്ട് കാടിനെ ആക്രമിച്ചു. കാറ്റ് നിലച്ചു ചുള്ളിക്കാട് നിശ്ചലമാകുമ്പോള്‍ ഷേര്‍ഖാനെ തുരത്തിയ സംതൃപ്തിയോടെ വീണ്ടും മരത്തിനു മുകളില്‍ കയറി തുഞ്ചത്ത് ചെന്നിരുന്നു. അങ്ങിനെ നാല് വര്‍ഷങ്ങള്‍. മമ്മിയുടെ തറവാട്ടില്‍ നിന്നും മടങ്ങി വന്ന ശേഷം എന്റെ പത്താം ക്ലാസ്‌ പൂര്‍ത്തിയാകും വരെ ഈ ജംഗിള്‍ ബുക്ക്‌ ആയിരുന്നു എന്റെ ലോകം.

ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ചിരിവരുന്നു. രാരിയോ മമ്മിയോ ആഗ്രഹിച്ചത്‌ പോലെ ഡോക്ടര്‍ ആയില്ല. പക്ഷെ ഞാന്‍ ആഗ്രഹിച്ചത്‌ പോലെ ഒരു മൌഗ്ലിയായി. ഇപ്പോഴും ജീവിതത്തിന്റെ ഒരു കൊമ്പില്‍ കയറി ഇരിക്കുമ്പോള്‍ മുന്നിലുള്ള കാഴ്ചകള്‍ ജംഗിള്‍ബുക്കും ഒരു വള്ളി മറ്റൊരു വള്ളിയോട് കൂട്ടി മുട്ടിക്കാന്‍ പെടാപ്പാട് പെടുന്ന ഞാന്‍ ഒരു മൌഗ്ലിയും ആണ് എന്ന് തോന്നുന്നു. ചില അറ്റങ്ങള്‍ കൂട്ടിമുട്ടാതെ വരുമ്പോള്‍ പിടിവിട്ടു താഴേക്ക്‌ വീഴുന്നു.. വീണ്ടും വലിഞ്ഞു കേറി അതെ മരത്തിലേക്ക്‌... അരയില്‍ പരതിനോക്കുമ്പോള്‍ നടുവളഞ്ഞ ബുമാറാങ്ങ് മാത്രം എവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു.