ഞായറാഴ്‌ച, മേയ് 03, 2009

പൊള്ളിച്ച മീന്‍

മലമ്പുഴ ഗാര്‍ഡന്സിനടുത്തുള്ള ഏതൊ തെരുവിലൂടെ നടക്കുമ്പോഴാണു വഴിയരികില്‍ പൊള്ളിച്ച മീന്‍ വില്‍ക്കുന്ന കറുത്ത പെണ്ണുങ്ങളെ കണ്ടത്. വില പത്തു രൂപ. പോക്കറ്റില്‍ നോക്കി. അന്പത് രൂപാ ഉണ്ട്. ടൂറിനു കൂടെ വന്നവരെ ആരും കാണുന്നില്ല. തരിമ്പു വിശപ്പുമില്ല. പിന്നെ ഒരു കൌതുകത്തിനു ഒരു മീന്‍ പൊള്ളിച്ചു വാങ്ങി. കിള്ളി വായില്‍ വെച്ചു. സ്വാദൊന്നും തോന്നിയില്ല. യാന്ത്രികമായി ഒരു രണ്ടു കഷണം കൂടെ കഴിച്ചു. പിന്നെ ചവറ്റു കുട്ടയിലേക്കെറിഞ്ഞു. ചെമ്പിച്ച മെലിഞ്ഞ ഒരു പട്ടി ആ കുട്ടയിലേക്കു ചാടി, ആര്‍ത്തിയോടെ ആ മീന്‍ കമ്മി കമ്മി തിന്നു. എനിക്കു തോന്നാത്ത എന്തു രുചിയാണു ഈ നായിന്റെ മോനു തോന്നുന്നത്. അതു വിശപ്പിന്റെ രുചിയാണു. പട്ടിയേ പോലേ ഞാന്‍ തിരഞ്ഞ്ട്ടുണ്ട്, മുള്ളില്‍ ഞാന്ന്നു കിടക്കുന്ന മരച്ച മീന്‍ കഷണങ്ങള്‍. അന്നു തോന്നിയ ഭീമമായ ആര്‍ത്തി ഇന്നു തോന്നാത്തതെന്ത്?

1997 മാര്‍ച്ച് 31

മമ്മിയുടെയും ഡാഡിയുടെയും കോളനിവാഴ്ചയില്‍ നിന്നും ഞാന്‍ സ്വതന്ത്ര രാഷ്ട്രമായി പുറത്തിറങ്ങി. പാഠപുസ്തകങ്ങള്‍ തീര്‍ത്ത ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ കളിമണ്‍പാതിഅയിലൂടെ ബഹുദൂരം ഞാന്‍ നടന്നു, ഇരുട്ടും വരെ. പിന്നെ നിലാവിന്റെ തണലില്‍ അടുത്തുള്ള മാത്തന്റെ തെങിന്‍ തൊപ്പില്‍ പോയി മലര്ന്നു കിടന്നു. കൊതുകുകള്‍ നിരയായി വന്നു ചോരകുടിച്ചിട്ടും അവിടെനിന്നും എഴിന്നേല്‍ക്കണം എന്നു തോന്നിയില്ല. വിശപ്പു തുടങ്ങും വരെ അങ്ങിനേ കിടന്നു. വിശപ്പകറ്റാന്‍ വീണ്ടും അടിമത്തത്തിലേക്ക്. സുഖമുള്ള അടിമത്തം.

ജിന്‍സനും അനൂപേട്ടനും എല്‍ബിയും അഖിലും പിന്നെ ഞാനുമൊക്കെ ചേര്ന്ന ഒരു ക്ളബ്‌. ക്ളബിന്റെ ഉല്‍ഘാടനം കഴിഞ്ഞ അടുത്ത ദിവസം എല്ലവര്‍ക്കും തോന്നി, ഒരു ടൂര്‍ പോയിക്കളയാമെന്നു. കാര്യങ്ങള്‍ പെട്ടെന്നു നീങ്ങി വണ്ടി ബുക്ക് ചെയ്തു. മേയ് മാസത്തിലേ ഒരു ദിവസം തീരുമാനിച്ചു. ദിവസമൊന്നും ഓര്‍മ്മയില്ല. എങ്കിലും അതു എസ്.എസ്.എല്‍.സി. പരീക്ഷയുടെ റിസല്‍ട്ട് വരുന്നതിന്റെ തലേ ദിവസമായിരുന്നു എന്നത് വ്യക്തമായി ഓര്‍ക്കുന്നു. മലമ്പുഴ ഗാര്ഡനിലേക്കാണു ടൂര്‍.

ഒരാവേശത്തില്‍ എല്ലാം സമ്മതിച്ചെങ്കിലും ടൂറു പോകാന്‍ വേണ്ട 125 രൂപ വലിയ ഒരു ചോദ്യമായി മുന്നില്‍ നിന്നു. മലമ്പുഴ എന്നത് എന്റെ ഒരു സ്വപ്നവും. നാലാം തരത്തില്‍ പഠിക്കുമ്പോഴാണു ആദ്യമായി സ്കൂള്‍ എസ്കെര്‍ഷന്‍ എന്നത് എന്റെ മോഹമായത്. ഒരാള്‍ക്ക് 25 രൂപാ കൊടുക്കണം. ഡാഡിയോട്‌ മടിച്ചു മടിച്ചു കാര്യം പറഞ്ഞു.

“നീ നാട്ടി പിള്ളായാ മോനെ, വീട്ടി പിള്ളയ്ക്ക് തുള്ളിക്കഴിഞ്ഞു ചെന്നാ കുത്തരിക്ക്ക്കഞ്ഞി കാണും, നാട്ടി പിള്ള പൊരിഞ്ഞു വന്ന കൊടലു കരിയാതിരിക്കാന്‍ കാടി വെള്ളം പോലുണ്ടാകില്ല.ഉടുതുണിക്കു മറുതുണിയുണ്ടാകുമ്പോ ടൂറൊക്കെ പോകാം. പോയി നാലക്ഷരം പടിക്കാന്‍ നോക്ക്”.
പക്ഷേ എന്തു സംഭവിച്ചാലും ഈ ടൂറിനു പോണം. നെല്‍സനാണു മുരിക്കും പാടത്തുള്ള ഒരു ഹോട്ടലില്‍ ആളെ ആവശ്യമുണ്ടെന്നു പറഞ്ഞത്. അവന്‍ അവിടെ കണക്കെഴുതുകായാണു ജോലി. ഒരു വീടിനോടു ചേര്‍ന്നുള്ള ഹോട്ടല്‍. മീന്‍ബോട്ടില്‍ പോകുന്ന അണ്ണാച്ചികളെ ഉദ്ദേശിച്ചു വൈകീട്ടു മാത്രം കച്ചവടം. “ഭക്ഷണം എടുത്തു കൊടുക്കണം. ദിവസം 15 രൂപ കിട്ടും. ഒരു നേരത്തേ കുശാലായ ഭക്ഷണം” രണ്ടും മികച്ച പ്രല്ലോഭനങ്ങളാണു. പണവും ഭക്ഷണവും. പോകാന്‍ തീരുമാനിച്ചു.

എല്ലാം പറഞ്ഞുറപ്പിക്കുന്നതിനിടയില്‍ “ഇടക്കു പ്ളേറ്റു കഴുകാന്‍ സഹായിക്കണം” എന്നു കൂടി മുതലാളി ചേര്‍ത്തു. അവസാനം പറഞ്ഞതാണു ശെരിക്കുള്ള ജോലി എന്നു രണ്ടു ദിവസത്തിനുള്ളില്‍ മനസ്സിലായി. എച്ചില്‍ പാത്രം കഴുകാന്‍ അവിടെ വേറെ ആരും ഉണ്ടായിരുന്നില്ല. അണ്ണാച്ചി ചവച്ചു തുപ്പിയ മീന്‍ മുള്ളും ഇറച്ചിക്കഷണങ്ങളും കയ്യുറ പോലുമില്ലാതെ വടിച്ചുകളയുമ്പോള്‍ തികട്ടിവന്ന ഛര്‍ദ്ദി ഞാന്‍ വിഴുങ്ങി കളഞ്ഞു.
രാത്രി 12.30 ആയിട്ടും ഹോട്ടലിലെ തിരക്കൊഴിഞ്ഞില്ല. വിശപ്പിന്റെ അന്ധതയും തളര്‍ച്ചയും. ഇന്നൊന്നും കഴിച്ചിട്ടില്ല. നെല്‍സന്‍ പറഞ്ഞ കുശാലായ ശാപ്പാട് ഒരു സ്വപ്നവും വിശപ്പു നിയന്ത്രണാതീതവുമായി അവശേഷിക്കേ വറുത്ത ആവോലി മീനിന്റെ മുള്ളില്‍ ഞാന്നു കിടന്ന കഷണങ്ങളും പ്ളേറ്റില്‍ ബാകിയിരുന്ന പച്ചക്കറിയും നാരങ്ങ അച്ചാറിന്റെ കീരിയ ഒരു കഷണവുമെടുത്ത് ഞാന്‍ വിഴുങ്ങി. വിശപ്പിനു ചെറിയൊരാശ്വാസം.

അണ്ണാച്ചി തിന്നു തീരാത്ത ആവോലിയും അയലയും നിറഞ്ഞ പ്ലേറ്റുകള്‍ വീണ്ടും വീണ്ടും എന്റെ മുന്നില്‍ കുമിഞ്ഞു. ചവറ്റുകൊട്ടയിലെ എച്ചിലു തിന്നുന്ന പട്ടിയേ പോലേ അവ ഞാന്‍ വാരിത്തിന്നു. പീടലിക്കു ഇടിമിന്നല്‍ പോലേ മുതലാളിയുടെ കൈ വന്നു വീണ ദിവസം വരേ. കണ്ണിനകത്തും പുറത്തും തിങ്ങിനിന്ന ഇരുട്ടിനിടയിലൂടെ ആ രാത്രി ഞാന്‍ ഹോട്ടലിന്റെ പടിയിറങ്ങി. പക്ഷേ അപ്പോഴേക്കും എന്റെ കീറിത്തുടങ്ങിയ പേഴ്സില്‍ 37 പത്തിന്റെ നോട്ടുകള്‍ ഉണ്ടായിരുന്നു. എച്ചില്‍ പാത്രം കഴുകിയതിനു അധികകൂലിയായി കിട്ടിയതടക്കം.

1 അഭിപ്രായം:

എ.സി.പി. പറഞ്ഞു...

കണ്ണിനകത്തും പുറത്തും തിങ്ങിനിന്ന ഇരുട്ടിനിടയിലൂടെ ആ രാത്രി ഞാന്‍ ഹോട്ടലിന്റെ പടിയിറങ്ങി.