ജനുവരിയുടെ തണുപ്പു വീണു തുടങ്ങിയ ആ രാത്രിയില്‍ ഞാന്‍ തളര്‍ന്നിരുന്നു. ഇലട്രിക് പോസ്റ്റിനു താഴെ അത്ര വെളിച്ചമുണ്ടായിരുന്നില്ല. നിഴലുകളുടെ കരുത്തില്‍ വെളിച്ചം തെല്ലു മങ്ങിപ്പോയി. പ്ലാസ്റ്റിക്ക് കൂടിനുള്ളില്‍ മരവിച്ചുറങ്ങുന്ന മീനിന്റെ ഗന്ധം വായുവില്‍ നിറഞ്ഞ് നില്ക്കുന്നു. ആ മീന്‍ വിറ്റുകിട്ടുമായിരുന്ന പതിനഞ്ചോ ഇരുപതോ രൂപ കൊണ്ടു നിറവേറ്റേണ്ട കാര്യങ്ങള്‍ എന്റെ ചിന്തകളെ ചൂഴ്ന്നു നിന്നു. കിട്ടാവുന്നതില്‍ ഏറ്റവും വിലകുറഞ്ഞ നാസാരന്ധ്രങ്ങളെ മടുപ്പിക്കും മണമുള്ള രണ്ടു കിലോ അരി, പിന്നെയെന്തെങ്കിലും കൂട്ടാന്‍, പിന്നെ കുറച്ച് പലചരക്കു സാധനങ്ങള്‍. ഇതിനപ്പുറം ഇരുപതു രൂപകൊണ്ട് നേടാന്‍ കഴിയില്ല. എസ്.എസ്.എല്‍.സി ബുക്കിനുള്ള കാശ് അപ്പൊഴും ഒരു ചോദ്യം തന്നെ.
എന്റെ സ്കൂള്‍ വിദ്യാഭ്യാസവും പ്രീഡിഗ്രിയും പലരും തന്ന ഭിക്ഷയാണു. ആ ഭിക്ഷാപാത്രത്തില്‍ എത്രപേര്‍ സ്നേഹം നിറച്ചിരിക്കുന്നു. മിക്കപ്പോഴും എന്റെ ഫീസടച്ചിരുന്ന ക്ലാസ് ടീച്ചര്മാര്. പുസ്തകം വാങ്ങിത്തന്നിരുന്ന ഡെലീന ടീച്ചര്‍. ചോറ്റുപാത്രം വാങ്ങിത്തന്ന എലിസബത്ത് ടീച്ചര്‍. ആ ചോറ്റു പാത്രത്തില്‍ എനിക്കുകൂടെ ചോറു കരുതി വന്ന ജോസഫ്, ജിജു, ജിബി, പ്രതീഷ്, രാജു, പ്രശാന്ത്, ഷമീര്‍, നിഷാദ് അങ്ങിനെ ഒരു പാട് പേരുടെ ഭിക്ഷ.
പത്താം ക്ലാസില്‍ പഠിക്കുന്ന കാലം...
ആ ദിവസങ്ങളില്‍ അറ്റന്‍ഡന്‍സ് എടുത്തുകഴിഞ്ഞാല്‍ പിന്നെ ടെന്‍ഷന്‍ ആണു. മരിയാ ടീച്ചര്‍ ആയിരുന്നു ക്ലാസ് ടീച്ചര്‍. ഹാജര്‍ വിളിച്ചു കഴിഞ്ഞാല്‍ ഫീസടയ്ക്കാത്തവരുടെ കാര്യം ടീച്ചര്‍ ഓര്ക്കല്ലെ എന്നു എത്ര തവണ പ്രാര്‍ത്ഥിച്ചിരിക്കുന്നു. ഫീസടയ്ക്കാത്തവരുണ്ടെങ്കില്, ആദ്യം കുറച്ച് ദിവസം ക്ലാസില്‍ എഴുന്നേറ്റ് നില്‍ക്കണം പിന്നെ ക്ലാസിനു പുറത്ത്. അതു അപമാനകരം ആയിരുന്നോ എന്നു ചോദിച്ചാല്‍, അതെ അതു തന്നെ. പുറത്ത് നില്ക്കുന്നവര് ഫീസടയ്ക്കാത്തവരാണെന്നു എല്ലവര്‍ക്കുമറിയാം. അവരുടെ നോട്ടത്തില്‍ ആ പുച്ഛവും കാണും. ആദ്യമൊക്കെ കുറച്ച് പേര് കൂട്ടുണ്ടായിരുന്നു. പിന്നെ പിന്നെ ഫീസടയ്ക്കുന്ന മുറയ്ക്ക് ആളുകള്‍ കുറഞ്ഞു വന്നു. ഇപ്പോള്‍ ഞാന്‍ മാത്രമായി പുറത്ത് നില്പ്. ഒരു ദിവസം ക്ലാസ് കഴിഞ്ഞപ്പോള്‍ മരിയാടീച്ചര്‍ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു.
“എന്താ ഫീസടയ്ക്കാത്തത്?”
ഈ ചോദ്യത്തിനുത്തരം എന്നെയറിയാവുന്ന എല്ലാടീച്ചര്മാര്ക്കും അറിയാം. ആനുവല്‍ ഫീസിനും, പരീക്ഷാഫീസിനും, സ്റ്റാമ്പിനും ഇതേ ഉത്തരം ഒരുപാട് തവണ ഞാന്‍ പറഞ്ഞിട്ടുണ്ട്.
“ഡാഡിക്ക് പണിയില്ല ടീച്ചര്‍.”
“അതെന്താ നിന്റെ ഡാഡിക്ക് മാത്രം പണിയില്ലാത്തത്? ബാക്കിയുള്ള കല്പണിക്കാര്ക്കൊക്കെ പണിയുണ്ടല്ലോ, അവരുടെ മക്കള്‍ ഫീസും അടക്കുന്നുണ്ട്”
അതിനുത്തരം അന്നെനിക്കറിയില്ല. ഇന്ന് ആ ഉത്തരം ഞാന്‍ ആരോടും പറയാറുമില്ല. പണിയാധുങ്ങളുമായി മടങ്ങി വരുന്നതോ, ജോസെ ചേട്ടന്റെ ചായക്കടയില്‍ സിഗരറ്റും പുകച്ചിരിക്കുന്നതോ ആയ ഡാഡിയുടെ ചിത്രം ഓരോ ദിവസവും കണ്ടുകൊണ്ടാണ് ഞാന്‍ സ്കൂളിലേക്ക് വരുന്നത്. അതേച്ചൊല്ലി മമ്മിയും ഡാഡിയും തമ്മില്‍ നടക്കുന്ന വാഗ്വാദവും വഴക്കും. തലയില്‍ വീഴുന്ന ശാപവാക്കുകള്‍. ഫീസിന്റെ കാര്യം ഞാന്‍ പിന്നെ എപ്പൊഴാണു പറയേണ്ടത്? പിന്നെ ഇപ്പോള്‍ ടൈഫോയ്ഡ് കഴിഞ്ഞ് ഡാഡി ഡിസ്ചാര്‍ജ്ജ് ആയതെയൂള്ളു. അപ്പോള്‍ ഇനി ഉടന്‍ തന്നെ ജോലിക്കു പോകാന്‍ യാതൊരു സാധ്യതയുമില്ല.
“ഒരു കാര്യം ചെയ്. ഫീസ് ഞാനടയ്ക്കാം. നാളെ വരുമ്പൊ എസ്.എസ്.എല്‍.സി ബുക്കിനുള്ള കാശു കൊണ്ടു വരണം“
അന്നു ടീച്ചറോട് നന്ദി പറഞ്ഞോ എന്നു ഞാനോര്‍ക്കുന്നില്ല. നാളെ ക്ലാസിനു വെളിയില്‍ നില്‍ക്കേണ്ടല്ലൊ എന്ന ആശ്വാസം അതു എനിക്ക് നല്ല ഓര്‍മ്മയുണ്ട്. എന്നാലും എസ്.എസ്.എല്‍.സി ബുക്കിനു പതിനഞ്ചു രൂപാ വേണം. അത്?...?
ഈയിടെയായി മീന്‍ വില്പനയാണു എന്റെ പാര്‍ട് ടൈം ജോലി. വീടിനടുത്തു കൂടെ ഒരു നീര്‍ച്ചാലൊഴുകുന്നുണ്ട്. ഉച്ച തിരിഞ്ഞാല്‍ ഡാഡി അതിലിറങ്ങി മീന്‍ പിടിക്കും. അധികമൊന്നും കിട്ടില്ല. വേറും കൈ കൊണ്ട് പിടിക്കുന്നതല്ലെ. ക്ലാസ് കഴിഞ്ഞു ചെന്നാല്‍ അതു കൊണ്ടു പോയി വില്‍ക്കണം. ഇരുപത് രൂപാവരെയൊക്കെ കിട്ടും. പക്ഷെ അന്നൊക്കെ അഞ്ചുരൂപായ്ക് തന്നെ ഒരു സാധാരണവീട്ടുകാര്ക്ക് വേണ്ട മീന്‍ കിട്ടും. അപ്പോള്‍ പിന്നെ കാശുള്ള വീട് തെരഞ്ഞു പിടിച്ച് വില്‍ക്കണം. മാര്‍ക്കറ്റില്‍ കൊണ്ട് വില്‍ക്കാനും പറ്റില്ല. അതിനു വേറെ കാശുകെട്ടണം. കാശുള്ളവന് തന്നെ ആശ്രയം.
അന്നു പക്ഷെ ആരും മീന്‍ വാങ്ങിയില്ല. സ്ഥിരമായി വാങ്ങുന്ന വീട്ടുകാരൊക്കെ കയ്യൊഴിഞ്ഞു. വീടുകള്‍ ഒന്നൊന്നായി കയറി ഇറങ്ങി. പണമുള്ളവനെന്നും, ഇല്ലാത്തവനെന്നും തോന്നിയ എല്ലാ വീടുകളിലും. ആരും വാങ്ങിയില്ല. ഒരാള്‍ പത്തു രൂപാ പറഞ്ഞു. അതു കൊണ്ട് എന്താവാന്‍ എന്നു കരുതി കൊടുത്തില്ല. കുറെക്കൂടി അലഞ്ഞു തിരിഞ്ഞപ്പോള്‍ പത്തെങ്കില്‍ പത്ത് എന്നു കരുതി അയാളുടെ വീട്ടിലേക്ക് തന്നെ നടന്നു. പക്ഷെ അയാള്‍ വളരെ ക്രൂരമായി അഞ്ചുരൂപാ തരാം എന്നു പറഞ്ഞു. ഈ മീന്‍ ചീഞ്ഞുപോയാലും തനിക്ക് തരില്ലെന്നു മനസ്സില്‍ പറഞ്ഞു ഞാന്‍ പടിയിറങ്ങി.
നടന്നു നടന്നു ഇവിടെ തളര്‍ന്നിരുന്നു. ഇലക്ട്രിക് പോസ്റ്റിനടിയില്‍...ഉള്ളിലെ ആന്തല് വിങ്ങലും, വിങ്ങല്‍ സങ്കടവും, സങ്കടം കരച്ചിലുമായി പുറത്തേക്ക് വന്നു. ഞാന്‍ കരഞ്ഞു കൊണ്ടിരുന്നു. ഏന്തിയേന്തി കരഞ്ഞു.
“ആരാടാ അത്?”
ആരോ ആടി ആടി വരുന്നു. അത് കുഴിവെട്ടുകാരന് ആന്‍ഡ്രൂസ് ചേട്ടനായിരുന്നു. ആരുടേയോ ശവമടക്കു കഴിഞ്ഞുള്ള വരവാണു എന്നു തോന്നുന്നു. ആന്‍ഡ്രൂസ് ചേട്ടനാണ് നാട്ടില്‍ കൃസ്ത്യാനികളായി ആരുമരിച്ചാലും, അവരുടെ ശവമടക്കിനുള്ള കാര്യങ്ങള്‍ ഒക്കെ ചെയ്യുന്നത്. എന്നു വെച്ചാല്‍, ശവം കൊണ്ട് പോകുക, കുഴിവെട്ടുക, ശവം മറവു ചെയ്യുക. പിന്നെ കുഴിയില്‍ നിന്നു അവശിഷ്ടങ്ങള്‍ മാറ്റുക അങ്ങിനെയൊക്കെ. ആന്‍ഡ്രൂസ് ചേട്ടനെ കാണുമ്പോഴൊക്കെ കൂടെ ശവവണ്ടിയും കാണും, ഒന്നുകില്‍ കാലിയായി അല്ലെങ്കില്‍...
“ആരാ അതെന്നു?”
എന്റെ പേര് പറഞ്ഞാല്‍ മനസിലാകണമെന്നില്ല. എന്റെ അപ്പൂപ്പന്റെയൊക്കെ തരക്കാരനാണു.
“ഞാന്‍...പിന്നെ...ജോസെ മേസിരിയുടെ പേരക്കിടാവാണു.”
“ഇവിടെ എന്തെടുക്കുന്ന്?”
എന്റെ കരച്ചിലില്‍ ഭയം കലര്‍ന്നു തുടങ്ങിയിരുന്നു.
“നിന്നു മോങ്ങാതെ കാര്യം പറയെടാ”
എന്റെ കരച്ചില് ഉറക്കെയായി.
“നിര്‍ത്തെടാ അവന്റമ്മേടെ കരച്ചില്...”
ഇടിമിന്നല്‍ പോലെയായിരുന്നു അത്. എന്റെ കരച്ചില് വിഴുങ്ങിപ്പോയി.
“എന്തിനാ നീ കരയുന്നത്?”
ഏന്തലടക്കാന് വിഷമിച്ചു കൊണ്ട് ഞാന്‍ കാര്യം പറഞ്ഞു.
“നീ ഏതിലാ പടിക്കുന്നെ”
“പത്തില്‍”
“ഊം..പൊസ്തകത്തിനു എത്രയാകും”
“പതിനഞ്ച്”
"അരി മേടിക്കണ്ടേ”
“ഹ്ഹ്മ്മ്”
അദ്ദേഹം, മുണ്ടിനടിയില്‍ ധരിച്ചിരുന്ന നിക്കറിന്റെ പോക്കറ്റില്‍ നിന്നും മുപ്പത് രൂപ എടുത്തു തന്നു.
“ആ മീനിങ്ങു തന്നേര്”
“അതു ചീത്തേയിക്കാണും”
“എനിക്കിതു പുഴുങ്ങിത്തിന്നാനല്ല. നീ ഓസിനു കാശുവാങ്ങി എന്നു വേണ്ട.”
ആ പൊതിയുമായി ആടി ആടി അയാള്‍ നടന്നു നീങ്ങി. എന്തു പറയണമെന്നറിയാതെ കാശു കയ്യില്‍ ചുരുട്ടിപ്പിടിച്ച് ഞാന്‍ നിന്നു.
ഇന്നു ഞാന്‍ ആ കടം വീട്ടണമെങ്കില്‍ എത്ര രൂപാ ആന്‍ഡ്രൂസ് ചേട്ടനു കൊടുക്കണം. ഒരുപക്ഷെ അദ്ദേഹമല്ലെങ്കില്‍ മറ്റൊരാള്‍ ഒരുപക്ഷെ മരിയാടീച്ചര്‍ തന്നെ ആ കാശുതരുമായിരിക്കാം. എങ്കിലും ആ കടം എന്തു കൊടുത്താണു വീട്ടേണ്ടത്? എസ്.എസ്.എല്‍.സി. ബുക്കിനു വന്ന പതിനഞ്ചു രൂപയോ? രണ്ടു കിലോ അരി വാങ്ങാനുള്ള കാശോ? എന്റെ വിദ്യാഭ്യാസയോഗ്യത സര്‍ട്ടിഫികറ്റുകള്‍ കൊണ്ട് എനിക്ക് കിട്ടിയ ജോലികളുടെ ശമ്പളമോ. അങ്ങിനെ പണം കൊണ്ടു മാത്രം തീര്‍ക്കാന്‍ കഴിയാത്ത കടങ്ങള്‍ ജീവിതത്തില്‍ ബാക്കിയാകുന്നു.
ശനിയാഴ്ച, ഓഗസ്റ്റ് 08, 2009
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
21 അഭിപ്രായങ്ങൾ:
അങ്ങിനെ പണം കൊണ്ടു മാത്രം തീര്‍ക്കാന്‍ കഴിയാത്ത കടങ്ങള്‍ ജീവിതത്തില്‍ ബാക്കിയാകുന്നു.
അരുണ്‍
ഓര്മ നന്നായി, നല്ല എഴുത്ത്.
:)
Kichu
അതെ അന്ന് നമുക്ക് ഒരേ ഒരു പ്രശ്നം മാത്രമേയുണ്ടായിരുന്നുള്ളൂ. വിശപ്പ്. അതാകട്ടേ, വലിയൊരു പ്രശ്നവും.
എണ്റ്റെ മകന് അഞ്ചിലോ, ആറിലോ പഠിക്കുന്നു. കളിക്കിടയില്‍ മിക്കപ്പോഴും ഭക്ഷണത്തിന് വരാതിരിക്കും. വിളിച്ച്, വിളിച്ച്, ശ്രീമതിയുടെ വായിലെ വെള്ളം വറ്റും. ഒരിക്കല്‍ ഞാന്‍ ചോദിച്ചു, 'എടാ, നിനക്ക് വിശക്കുന്നില്ലേ' എന്ന്. അവന് നിഷ്കളങ്കതയോടെ തിരിച്ച് ചോദിച്ചു, 'എങ്ങനെയാ അഛാ വിശക്കുക' എന്ന്.
എണ്റ്റെ തലമുറയും പുതിയതും തമ്മില്‍ എത്ര അന്തരം, എന്ന് ഞാന്‍ മനസ്സിലാക്കി.
നന്നായി എന്ന് പറഞ്ഞാല്‍ അത് ക്രൂരമായിപ്പോകും എന്ന് തോന്നുന്നു
അരുണ്‍, ആദ്യം കമണ്റ്റിയപ്പോള്‍, അരുണ്‍ എണ്റ്റെ തലമുറയില്‍പ്പെട്ട ആളാണെന്ന് ഒരു മുന്‍വിധി തോന്നി. ദാരിദ്ര്യം, വിശപ്പ് ഒക്കെ പുതിയ തലമുറയുടെ അനുഭവപരിധിയ്ക്ക് പുറത്താണെന്ന് ആ മുന്‍ വിധി പറഞ്ഞു.
നൊമ്പരപ്പൂക്കൾ വിരിയിച്ച് കൊണ്ട് വീട്ടിത്തീരാത്ത കടങ്ങൾ..!
ഇത്തരമൊരു ജീവിതത്തെ
നേരിട്ട ഒരാള്‍ക്കാണോ അത്
സ്വന്തം പേരില്‍ തുറന്നെഴുതാന്‍
പേടി ഉണ്ടായിരുന്നത്?
പിന്തിരിഞ്ഞു നോക്കുമ്പോള്‍
ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവുന്നത്
ഒരു കണക്കിന് ഭാഗ്യമാണ്.
കാരണം ഇന്നത്തെ തലമുറയ്ക്ക്
ഇത്തരം ജീവിതാനുഭവങ്ങള്‍
അന്യമാണ്. നാളെ അവര്‍ക്കൊക്കെ
ഓര്‍ക്കാന്‍ എന്താണുണ്ടാവുക?
touching..
അരുണ്‍,
എന്താ പറയുക?ദുരിതങ്ങള്‍ ഞാനും അഭിമുഖീകരിച്ചിട്ടുണ്ട്, പക്ഷേ അത് ഇങ്ങനെ ഇല്ലാരുന്നു.നന്നായി പ്രതിഫലിക്കുന്നുണ്ട് ഈ വരികളില്‍
ഈശ്വരാ !! ഇത് കഥയോ അതോ അനുഭവമോ?
അനുഭവമാമെന്നു അറിയാമെങ്കിലും കഥയാണ് ഇതെന്ന് ഞാന്‍ വിശ്വസിച്ചോട്ടെ..
മനസ്സില്‍ തട്ടിയ പോസ്റ്റ്..
അരുണ്‍,
തിരിഞ്ഞ് നോക്കുമ്പോള്‍ വീട്ടാന്‍ കഴിയാത്തതായി ഒരു പാട് കടങ്ങളുണ്ടാകും. നമുക്കത് വീട്ടാന്‍ കഴിയുന്നത് ഇന്ന് കാണുന്ന ആവശ്യക്കാരെ സഹായിക്കുമ്പോഴാണ്.
ഹൃദയത്തില്‍ തൊട്ടു...
“വിശക്കുന്നവന്റെ മുന്നിൽ ദൈവം അപ്പത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു“
ദൈവത്തിന് എത്രയെത്ര രൂപങ്ങൾ!!
പണംകൊണ്ടു വീട്ടാനാവത്ത കടങ്ങള്പോലെ, വാക്കുകള്‍കൊണ്ട് എഴുതാനാവാത്ത വികാരങ്ങള്‍ തരുന്ന ഓര്‍മ്മക്കുറിപ്പ്
വായിച്ചു തീര്‍ന്നപ്പോള്‍ മനസ്സിലെവിടൊക്കെയോ ഒരു.........
തീവ്രമായ അനുഭവങ്ങള്‍.....
കിച്ചു ചേച്ചി,
വിനുവേട്ടാ,
കുമാരേട്ടാ,
മേരി ലില്ലി,
ഫൈസല്‍,
അരുണേട്ട,
സ്മിതാ,
രാമേട്ടാ,
ചങ്കരാ,
ലക്ഷ്മി,
കുഞ്ചു,
ശിവാ,
എല്ലാകൂട്ടുകാര്‍ക്കും താങ്ക്സ്,
വിനുവേട്ടാ, ഫീലിംഗ്സ് ഒന്നുമില്ലാട്ടൊ. ഏട്ടന്റെ തലമുറയിലെ ജീവിതത്തില്‍ നിന്നും വ്യത്യാസം ഉണ്ടെങ്കിലും ചിലതൊക്കെ അങ്ങിനെ തന്നെ ആണു. എന്റെ കുഞ്ഞിനും ഭാര്യ പിറകെ നടന്നാണു ആഹാരം കൊടുക്കുന്നത്. ഞാനൊക്കെ മമ്മിയുടെ പിറകെ നടന്നാലെ കിട്ടുമായിരുന്നുള്ളു.
സ്മിതാ,
അനുഭവമായി വായിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഓര്മ്മക്കുറിപ്പെഴുതാന് ഒരു പുതിയ സങ്കേതം അന്വേഷിച്ചു നോക്കിയതാ. എല്ലാവരും ഓര്‍മ്മകള്‍ ഒരു കഥപോലെ വായിക്കുന്നതാണു എനിക്കും താല്പര്യം.
എല്ലാവര്ക്കും നന്ദി.
അരുണെ, ഒന്നും പറയാന്‍ നാവനങ്ങുന്നില്ല, കുഴിവെട്ടുകാരന് ചെയ്തത് എത്രപേര്‍ ചെയ്യും , സഹതാപത്തിന്റെ ശൂന്യമായ കൈകള്‍ ആവും സമൂഹത്തില്‍ ഏറയും
അരുൺ,
മനസ്സിൽ തട്ടുന്നു. കഴിഞ്ഞ് കാലത്തെ കടന്നുവന്ന വഴിയെ മറക്കാത്ത ആ നല്ല മനസ്സിന് നന്ദി.
very touching...
Poverty has a speciality it can make richness in hearts
സതീശന്,
സ്നോ വൈറ്റ്,
മാരാര്‍,
നന്ദി.
വെള്ളത്തൂവലിനും നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ