ചൊവ്വാഴ്ച, ഓഗസ്റ്റ് 18, 2009

ഭ്രാന്തിനു കീഴടങ്ങാതിരുന്ന പ്രണയം

അയാളെ ഞാന്‍ ഒരിക്കലും ഭയന്നില്ല. കുഞ്ഞു കുഞ്ഞായിരുന്നപ്പോള്‍, വഴിയില്‍ വെച്ച് എന്റെ നേരെ അയാള്‍ കൈനീട്ടിയപ്പോഴൊക്കെ, പാറിപ്പറന്നു കിടക്കുന്ന മുടിയോ താടിയോ ഭയക്കാതെ അയാളുടെ കയ്യിലേക്ക് ഞാന്‍ ചാടും. അയാളു തരുന്ന മിഠായി വാങ്ങും. അയാളെ നോക്കി ചിരിക്കും. അയാള്‍ ഒരു ഭ്രാന്തനായിരുന്നു. പ്രേമന്‍. എന്റെ മമ്മിയും ഡാഡിയും പറഞ്ഞുള്ള അറിവാണിതെല്ലാം. എനിക്ക് നേരിട്ട് അറിയാവുന്ന പ്രേമന്‍ ഒരു ചിത്രം മാത്രമാണു. ഓര്‍മ്മ വെക്കുമ്പോള്‍ സഹകരണബാങ്കിനോട് ചേര്‍ന്നുള്ള ഒരു സ്റ്റുഡിയോ ആല്‍ബത്തില്‍ നെറ്റിയില്‍ നിന്നു ചോരവാര്‍ന്നിട്ടും ചിരിച്ചുകൊണ്ടിരിക്കുന്ന പ്രേമന്റെ ചിത്രമാണു ബാക്കിയായത്.

ഭ്രാന്തുള്ളവര്‍ ഒരു ഗ്രാമത്തിന്റെ ചിത്രത്തില്‍ പലപ്പോഴുമുണ്ട്. ജീവിതത്തിന്റെ ദിശകളില്‍ നിന്നു വ്യതിചലിച്ച് അവര്‍ വഴിയരികിലൂടെ അര്‍ത്ഥമില്ലാതെ പൊട്ടിച്ചിരിച്ചും, കൂകിവിളിച്ചും നടന്നു പോകുന്നു. ഇഷ്ടപ്പെട്ടയാളുടെ കൂടെ ജീവിക്കാന്‍ കഴിയാത്തതില്‍ മനം നൊന്ത്, വിവാഹപന്തലില്‍ നിന്നും ഇറങ്ങിയോടിയ പാര്‍വ്വതി, വില്ലേജാഫീസിന്റെയും, സ്കൂളിന്റെയും മതിലുകളില്‍, പച്ചിലക്കറകൊണ്ട് ചിത്രം വരച്ചിരുന്ന മറ്റൊരാള്‍, മാനസികനില എവിടെയാണു തെറ്റിപ്പോയത് എന്നറിയാതെ വഴിനീളെ തെറിവിളിച്ചു നടന്ന ജയന്തി, പഞ്ചായത്ത് മൈതാനത്തെ വലം വെച്ച് നിന്ന മഞ്ഞപ്പൂമരങ്ങളില്‍ കാറ്റാടി കെട്ടിത്തൂക്കിയിട്ടിരുന്ന മറ്റൊരുഭ്രാന്തന്‍, പിന്നെ പ്രേമന്‍. അങ്ങിനെ വഴിമാറിനടന്നവര്‍. അവരുടെ പിന്നാലെ കല്ലെറിഞ്ഞും കൂട്ടമായി നടന്നും ഞങ്ങള്‍ ശല്യപ്പെടുത്തി. അങ്ങിനെ കാലാകാലങ്ങളില്‍ മനുഷ്യന്റെയും, വിധിയുടെയും ക്രൂരമായ വികൃതികള്‍ക്ക് അവര്‍ ഇരയായിക്കൊണ്ടിരിക്കുന്നു. അങ്ങിനെ നടന്നുപോയവരില്‍ അവര്‍ മാത്രം വ്യത്യസ്തരായി നിന്നു.


മണിയനെന്നും മണിയത്തിയെന്നും അവരെ ഞങ്ങള്‍ വിളിച്ചു. അവരും പരസ്പരം അതുതന്നെ വിളിച്ചു. മാനസിക വിഭ്രാന്തി മായിച്ചു കളഞ്ഞകാലത്ത് അവരുടെ പേരു എന്തായിരുന്നുവെന്ന് ആരും അന്വേഷിച്ചില്ല. എന്റെ ഓര്‍മ്മയില്‍ അവര്‍ എന്നു മുതലാണു ആ പോസ്റ്റോഫീസിനു മുന്നില്‍ വന്നതെന്നു അറിയില്ല. അല്ലെങ്കില്‍ എനിക്ക് ഓര്‍മ്മകളുറയ്ക്കും മുന്‍പ് അവരവിടെ ഉണ്ട്. മഴപെയ്തിറങ്ങിയ വൈകുന്നേരങ്ങളിലും, പൊള്ളിയുറങ്ങിയ ഉച്ചകളിലും, മഞ്ഞു വീണ പ്രഭാതങ്ങളിലും അവര്‍ അവിടെത്തന്നെ ജീവിച്ചു. പോസ്റ്റോഫീസില്‍ ആളുകള്‍ കൂടുമ്പോള്‍ മാത്രം അവര്‍ മറ്റു ചായ്പുകള്‍ തേടി. ചായ്പ് നഷ്ടപ്പെടുന്നിടത്താണു അവരുടെ മനസ്സും നഷ്ടപ്പെട്ടത്.


ഒരു ദിവസം രാത്രിയില്‍, ഒരു ചൂളംവിളി കേട്ട് അവരുണരുമ്പോള്‍ വീടിനുചുറ്റും തീ ആളിപ്പടരുകയായിരുന്നു. തീയ്ക്കൊപ്പം അവരുടെ കൂരയും എരിഞ്ഞമര്‍ന്നു. പക്ഷെ മനസില്‍ ആളിപ്പടര്‍ന്ന നാളങ്ങളും ചൂളം വിളിയുടെ ശബ്ദവും അപഹരിച്ചു കൊണ്ടുപോയത് അവരുടെ ഓര്‍മ്മകളെയാണു. ഓരോരുത്തരുടെ ഭ്രാന്തിനുപിന്നിലും ഇങ്ങനെ ചിലകഥകളൊ സത്യങ്ങളോ പിന്തുടര്‍ന്നു പോകുന്നു. പക്ഷെ ഒരുകാര്യം സത്യമാണു. ആളിപ്പടര്‍ന്ന തീ നാളങ്ങളേക്കാള്‍ അവര്‍ ചൂളംവിളികളെ ഭയന്നിരുന്നു, ഒരു പക്ഷെ വെറുത്തിരുന്നു എന്നത്. ആരെങ്കിലും അവര്‍ കേള്‍ക്കെ ചൂളം വിളിച്ചാല്‍, അവര്‍ പരിഭ്രാന്തരാകുകയും, ചുറ്റും നോക്കിനില്‍ക്കുന്നവരെ പ്രാകുകയും, അസഭ്യം പറയുകയും ചെയ്തു. ഒരു കുസൃതിക്കെന്നപോലെ ഞാനും അവര്‍ കേള്‍ക്കെ ചൂളം വിളിച്ചിട്ടുണ്ട്. ഇന്നിതെഴുതുമ്പോള്‍ വേദന തോന്നുന്നു. പക്ഷെ അതിനേക്കാള്‍ ദയനീയമായത് അവര്‍ തലചായ്ചിരുന്ന പോസ്റ്റോഫീസിന്റെ തിണ്ണ ഒരു ബസ് സ്റ്റോപ്പിനരികിലായിരുന്നു എന്നതാണു. ഓരൊ പത്തു നിമിഷത്തിനകത്തും നിര്‍ത്തുന്ന വണ്ടികളിലെ ക്ലീനര്‍ വണ്ടി നിര്‍ത്തുവാനും പോകുവാനും ചൂളം വിളിച്ചു. അതു ഓരോ നിമിഷത്തിലും തങ്ങളുടെ കിടപ്പാടം കത്തിക്കാനെത്തിയവരാണെന്ന വിഭ്രാന്തചിന്തയില്‍ അവര്‍ ഉറക്കെയുറക്കെ അസഭ്യം പറയുകയും ആളുകള്‍ അത് കേട്ട് പൊട്ടിച്ചിരിക്കുകയും ചെയ്തു.

മണിയത്തി പൂര്‍ണ്ണമായും മനോരോഗിയായിരുന്നു. മണിയന്‍, ഒരുപക്ഷെ ഭ്രാന്തമായി പെരുമാറുന്നത് പോലെ തോന്നിയിരുന്നില്ല. അസഭ്യം പറയാത്തപ്പൊഴൊക്കെ മണിയത്തി “മണിയാ വായോ, എനിക്ക് വെശക്കുന്നെടാ മണിയാ’ എന്നു വിളിച്ചുകൂവി. മണിയന്‍ അപ്പോഴോക്കെ ചായയോ പൊതിപലഹാരമോ കൊണ്ടു വന്നു കൊടുത്തു. അതിനുള്ള കാശ് എവിടെ നിന്നായിരുന്നു എന്നെനിക്കിപ്പോഴും അറിയില്ല. അയാള്‍ ജോലിക്കൊന്നും പോയികണ്ടിരുന്നില്ല. എന്തെങ്കിലും മോഷ്ടിച്ചതായും അറിയില്ല. അല്ലെങ്കില്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ആരാണു ശ്രദ്ധിക്കുന്നത്? ഒരു ഭ്രാന്തന്‍, അയാള്‍ക്കറിയാവുന്നവരുടെ ഇടയില്‍ പോലും അപരിചിതനാണു. അവന്റെ ചിന്തകളും വഴികളും മറ്റുള്ളവരോ, മറ്റുള്ളവരെ അവനോ അറിയുന്നില്ല. തന്റെ ഏകാന്തതയോട് സല്ലപിച്ചു കൊണ്ട് മണിയന്‍ അലഞ്ഞു. അവരുടെ വിശപ്പടക്കാന്‍. ആ അലച്ചിലില്‍ നല്ല സിനിമാപോസ്റ്ററുകളും അയാള്‍ തപ്പിപിടിച്ചു. രാത്രിയുടെ തണുപ്പില്‍ നിന്നും കൊതുകിന്റെ ആക്രമണത്തില്‍ നിന്നും ആ പോസ്റ്ററുകളാണു അവരെ സംരക്ഷിച്ചിരുന്നത്.

ഒരു നീണ്ട ഇടവേളയ്ക് ശേഷം, നാട്ടിലേക്കുള്ള ബസിന്റെ പടിയിറങ്ങുമ്പോള്‍, ചൂളം വിളിക്കുപിന്നാലെ അസഭ്യവര്‍ഷം ഉണ്ടായില്ല. പോസ്റ്റോഫീസിന്റെ തിണ്ണ ശൂന്യമായിരുന്നു. മറ്റുകടകളുടെ തിണ്ണകളും മൌനം പൂണ്ടു നിന്നു. ചിതറിക്കിടന്നിരുന്ന സിനിമാപോസ്റ്ററുകള്‍ കണ്ടില്ല. തട്ടുകടകളുടെ മുന്നിലോ, ചായക്കടയുടെ പരിസരത്തോ മണിയനേയും കണ്ടില്ല. വീട്ടിലേക്ക് നടക്കവേ വഴിയിലെവിടെയൊ അവരെക്കുറിച്ചുള്ള ചിന്തകളും കളഞ്ഞുപോയി.

മണിയന്‍ മരിച്ചുപോയ കാര്യം വൈകീട്ട് കൂട്ടുകാരാണു എന്നോട് പറഞ്ഞത്. കാരംസ് ബോര്‍ഡിനു ചുറ്റുമിരുന്ന് അവരെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു.

ആ ദിവസങ്ങളില്‍ മണിയത്തിയുടെ ആരോഗ്യം പോകെപോകെ ക്ഷയിച്ചു വന്നു. അവരുടെ കണ്ണില്‍ തിമിരം അടിഞ്ഞുകൂടി. കണ്ണിലെ വ്രണങ്ങള്‍ വേദനിപ്പിച്ചപ്പോഴൊക്കെ അവര്‍ ഉറക്കെയുറക്കെ കരഞ്ഞു. “വിശക്കുന്നെടാ മണിയാ” എന്നു വിളിച്ചുകൂവും മുന്‍പേ ചായയും പലഹാരവുമായി മണിയന്‍ അവരുടെ അടുത്തെത്തുമായിരുന്നു. കണ്ണിലെ ഇരുട്ടിന്റെ ഘനം വര്‍ദ്ധിച്ചു തുടങ്ങിയ നാളുകള്‍. ഒരുദിവസം അവരുടെ നിലവിളിക്ക് മറുപടിയും പലഹാരവും ചായയുമായി മണിയന്‍ വന്നില്ല. മരണമെന്തെന്ന്, ഭ്രാന്തിനറിയില്ലായിരിക്കാം. അതുകൊണ്ടാവാം മണിയന്‍ വിളിചെല്ലാത്ത ദൂരത്തു പോയി മറഞ്ഞിട്ടും അവന്‍ തന്റെ വിളിക്കാതെ മറഞ്ഞിരിക്കുകയാണു എന്നു മണിയത്തി പ്രാകി കൊണ്ടിരുന്നത്. പൊതുശ്മശാനത്തിലെ ഇലട്രിക് ചിതയില്‍ മണിയന്റെ ഭ്രാന്തും വിടപറഞ്ഞു പോയി. മണിയത്തിയെ ആരുടെയൊക്കെയോ സഹായത്താല്‍ പീന്നിടെപ്പൊഴോ സര്‍ക്കാര്‍ വക വണ്ടിയില്‍ കയറ്റിക്കൊണ്ടു പോയി. അവരിപ്പൊള്‍ ജീവിച്ചിരുപ്പുണ്ടോ ആവോ. വിശപ്പിന്റെ അലര്‍ച്ചയും ഭ്രാന്തിന്റെ അലയൊലികളും അപരിചിതമല്ലാത്തൊരിടത്ത് അവര്‍ ഇരിപ്പുണ്ടാവാം, ആരുടെയെങ്കിലും ചൂളം വിളികള്‍ കേട്ട് അസഭ്യം പറഞ്ഞു കൊണ്ട്.

മണിയന്‍ സ്വര്‍ഗ്ഗത്തിലാണു. കാരണം അയാള്‍ വിശുദ്ധനായ ഭര്‍ത്താവായിരുന്നു. ഭ്രാന്തിനുപോലും പിടികൊടുക്കാതിരുന്ന പ്രണയം നെഞ്ചിലേറ്റിയ വിശുദ്ധനായ ഭര്‍ത്താവ്. ഓര്‍മ്മകളും മനസ്സിന്റെ
താളവും ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ആരിങ്ങനെ പ്രണയിച്ചു കാണും? അയാള്‍ സ്വര്‍ഗ്ഗത്തില്‍ തന്നെ ആയിരിക്കും. അല്ലെങ്കില്‍ സ്വര്‍ഗ്ഗമെന്ന പ്രതീക്ഷയ്ക്ക് എന്താണു അര്‍ത്ഥമുള്ളത്. അയാള്‍ അവിടെയും അസ്വഥനാകുന്നുവെങ്കില്‍, അതിനര്‍ത്ഥം ഏതോ ഒരുകോണിലിരുന്ന് മണിയത്തിയുടെ കരച്ചില്‍ അയാളുടെ പ്രണയം ഇപ്പൊഴും കേള്‍ക്കുന്നുണ്ട് എന്നാണു.

16 അഭിപ്രായങ്ങൾ:

Sabu Kottotty പറഞ്ഞു...

മനസ്സില്‍ തട്ടുന്നതുതന്നെ...
ജീവിതവഴികളില്‍ എന്തെല്ലാം കാഴ്ചകള്‍...
കണ്ണുള്ളവര്‍ കാണുകകൂടി ചെയ്തിരുന്നങ്കില്‍...

അരുണ്‍ കരിമുട്ടം പറഞ്ഞു...

അരുണ്‍
നന്നായിരിക്കുന്നു
:)

Vinodkumar Thallasseri പറഞ്ഞു...

'ഒരു ഭ്രാന്തന്‍, അയാള്‍ക്കറിയാവുന്നവരുടെ ഇടയില്‍ പോലും അപരിചിതനാണു.'

അരുണ്‍, ഇതു മതി.

മാണിക്യം പറഞ്ഞു...

ഭ്രാന്തിനും സുബോധത്തിനും
വെറും തലനാരിഴയുടെ വിത്യാസം
എന്ന് അരാപറഞ്ഞത്?
ആവോ ഈയിടെ ആയി വായിച്ചവ
ഓര്‍‌ത്തെടുക്കാന്‍ ലേശം ബുദ്ധിമുട്ട്
അരുണ്‍ കഥാപാത്രങ്ങളെ മുന്‍പില്‍
കൊണ്ടൂ നിര്‍‌ത്തി. വായിച്ചു തീരുമ്പോള്‍
മണിയത്തിയുടെ കരച്ചില്‍ കാതില്‍ അലയടിക്കുന്നു...
മറ്റോന്നും ഓര്‍ത്തില്ലയെങ്കിലും
കാര്‍‌ന്നു തിന്നുന്ന വിശപ്പിനെ മാത്രം
തിരിച്ചറിഞ്ഞ മണിയത്തി...
മണിയന്‍‌ ഭ്രാന്തനായിരുന്നോ ?
ഇല്ലാ പ്രണയം പൊള്ളയല്ല
എന്നു തിരിച്ചറിഞ്ഞ മണിയനെ
ഭ്രാന്തിനും കീഴടക്കാനായീല്ലാ
അരുണിന്റെ വാക്കുകളിലൂടെ
ഈ പ്രണയജോഡികള്‍ അനശ്വരരായിതീരട്ടെ
അരുണ്‍ നല്ല ഒരു രചന
സ്നേഹാശംസകളോടെ മാണിക്യം

വികടശിരോമണി പറഞ്ഞു...

തലശ്ശേരിക്കു കീഴെ ഒരൊപ്പ്.

kichu / കിച്ചു പറഞ്ഞു...

പ്രിയപ്പെട്ടവര്‍ക്ക് പോലും അപരിചതനാവുന്ന ഭ്രാന്തന്‍....

ആര്‍ക്കാ കുട്ടീ ഇവിടെ ഭ്രാന്തില്ലാത്തെ???
എഴുത്ത് കൊള്ളാം :)

Unknown പറഞ്ഞു...

'ഒരു ഭ്രാന്തന്‍, അയാള്‍ക്കറിയാവുന്നവരുടെ ഇടയില്‍ പോലും അപരിചിതനാണു'




ആഴം ലളിതം മനോഹരം

Anil cheleri kumaran പറഞ്ഞു...

മനോഹരമായ രചനാശൈലി. തുടരുക അരുൺ.

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

നല്ലൊരു കഥാകരന്‍ നിന്നിലുണ്ട്‌ അരുണ്‍. നല്ലൊരു കാഥാകൃത്തിന്‍റെ ഗുണം എന്നു പറയുന്നത്‌ കാഴ്ച്ചയെ അതിന്‍റെ സമഗ്രതയില്‍ ഉള്‍ക്കൊള്ളുകയും സാധാരണക്കാരനു കണ്ടെത്താത്ത പലതും ഒരു കഥാകാരന്‍ കണ്ടെത്തുക എന്നുള്ളതുമാണ്‌. മനത്താളം തെറ്റിയ മനുഷ്യരുടെ ജീവിതം അതിന്‍റെ സമഗ്രതയില്‍ ഉള്‍കൊണ്ട്‌ അവതരിപ്പിക്കപ്പെട്ടു എന്നതാണ്‌ ഈ കഥയുടെ (അനുഭവമാകാം) പ്രാധാന ഗുണം. ഒരു എഴുത്തുകാരനെ സദാ അസ്വസ്തമാക്കുന്ന ഒരു മൂന്നാകണ്ണുണ്ട്‌. ആ കണ്ണുകളെ ജീവിതത്തിലെ ഓരോ വഴിയോരക്കാഴ്ച്ചകളും ഓര്‍മ്മകളും കൊത്തി മുറിവേല്‍പ്പിക്കും. അതൊക്കെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആവിഷ്കരിക്കപ്പെട്ടില്ലെങ്കില്‍ അവനെ വല്ലാത്ത ഒരു സര്‍ഗ്ഗാത്മക സങ്കീര്‍ണ്ണതയില്‍ കൊണ്ടു ചെന്നെത്തിക്കും. അരുണിലും സര്‍ഗ്ഗാത്മകതയുടെ ഒരു മൂന്നാം കണ്ണ്‌ എനിക്കു കണ്ടെത്താനാവുന്നുണ്ട്‌. കാഴ്ച്ചകള്‍ അരുണിനെ കൊത്തിവലിച്ചതു കൊണ്ടുമാത്രമായില്ല അത്‌ ആവിഷ്ക്കരിക്കപ്പെടുന്നതുവരെ അരുണിനെ ആ കാഴ്ച്ചകള്‍ വേട്ടയാടട്ടെ....

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

പ്രിയപ്പെട്ടവര്‍ക്ക് പോലും അപരിചിതനാവുന്ന ഭ്രാന്തന്‍...
കൊള്ളാം അരുണ്‍,
വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു...ഭാവുകങ്ങള്‍

Remya Raman പറഞ്ഞു...

അതിമനൊഹരം....

കാട്ടിപ്പരുത്തി പറഞ്ഞു...

ഒരഭിപ്രായമെഴുതാതിരിക്കുന്നതെങ്ങിനെ അരുണ്‍-
അത്രക്കു മനോഹരമായവതരിപ്പിച്ചുവല്ലോ!!!

രാജേശ്വരി പറഞ്ഞു...

Nannayi Arun....:-)

Unknown പറഞ്ഞു...

സാബു,
അരുണേട്ടാ,
വിനുവേട്ടാ,
മാണിക്യം ടീച്ചര്‍,
വികടശിരോമണി,
കിച്ചു ചേച്ചി,
സതീശാ,
കുമാരേട്ടാ,
സന്തോഷേട്ടാ,
വാഴേ,
രമ്യാ,
റഷീ,
രാജി,

എല്ലാവര്‍ക്കും സ്നേഹപൂര്‍വ്വം നന്ദി.

അജ്ഞാതന്‍ പറഞ്ഞു...

valare ishtapettu

Reena പറഞ്ഞു...

Arun..valare nannayi ezhuthunnu...