തിങ്കളാഴ്‌ച, ഓഗസ്റ്റ് 31, 2009

വേരുകള്‍ മുളയ്ക്കാതിരുന്നത്

"അരുണ്‍, നിനക്ക് റോസാപ്പൂവുകള്‍ ഇഷ്ടമാണോ?” ലല്ലു എപ്പോഴും അങ്ങിനെയാണു. ഞാനൊരു ചോദ്യം ചോദിച്ചാല്‍ അവള്‍ മറുപടിയായി അതേ ചോദ്യമോ, മറ്റൊരു ചോദ്യമോ ചോദിക്കും. പലപ്പോഴും, ഞങ്ങളുടെ ഉത്തരങ്ങളും ഇഷ്ടങ്ങളും ഒരുപോലെയായിരുന്നു. ലല്ലു റോസാപ്പൂവുകളെ ഇഷ്ടപ്പെട്ടിരുന്നില്ല. എന്റെ കാര്യത്തില്‍, റോസാപ്പൂവുകളെ എനിക്കിഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി മാത്രമെ ഞാന്‍ ഇഷ്ടപ്പെട്ടിട്ടുള്ളു. അല്ലാത്തപ്പൊഴെക്കെ ഞാന്‍ പാരിജാതപ്പൂവുകളെ പ്രണയിച്ചു.

പാരിജാതപൂവുകള്‍ എന്നത് എന്റെ ഒറ്റപ്പെട്ടുപോയ ബാല്യകാലമാണു. വേരുകള്‍ ആഴ്ന്നിറങ്ങാതിരുന്ന ബാല്യകാലം. ഒരു മണ്ണില്‍ ഒരാള്‍ അതിഥിയോ വരത്തനോ ആയിപ്പോകുന്നത് അപ്പോഴാണു. വേരുകള്‍ മുളയ്ക്കാതെ വരുമ്പോള്‍. എന്റെ ഡാഡിയുടെയും മമ്മിയുടെയും വ്യക്തി ബന്ധങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് എന്റെ ബാല്യവും പറിച്ചു നട്ടപ്പെട്ടുകൊണ്ടിരുന്നു. ഒരുമണ്ണില്‍ നിന്നു മറ്റൊരു മണ്ണിലേക്ക്, പിന്നെ തിരിച്ചും. എങ്ങും വേരുകള്‍ മുളച്ചില്ല. മമ്മിയുടെ നാട്ടിലും, ഡാഡിയുടെ നാട്ടിലും ഒറ്റപ്പെട്ടു തന്നെ ഞാന്‍ നടന്നു. അതു വരത്തപ്പെട്ടു പോയിരുന്നു. അങ്ങിനെ അല്ലാതിരുന്നത് ആ പാരിജാതച്ചെടികളുടെ ചോട്ടില്‍ ഇരുന്നപ്പോള്‍ മാത്രമാണു. മമ്മിയുടെ തറവാടിന്റെ തെക്കേ അതിര് നിയന്ത്രിച്ചിരുന്ന പാരിജാതച്ചെടികള്‍. അതിന്റെ തണലില്‍ ചാക്കുകള്‍ വിരിച്ചിട്ടിരിക്കുമ്പോള്‍ ഞാന്‍ ഒറ്റയ്ക്കല്ല. കൂട്ടിനു പാരിജാതപ്പൂമൊട്ടുകളും, പടര്‍ന്നു കയറിക്കിടക്കുന്ന അരളിപ്പൂച്ചെടിയും, അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചിത്രശലഭപ്പുഴുക്കളുമുണ്ടാകും. പിന്നെ സ്ക്രൂകള്‍ അഴിഞ്ഞു പോയതിനാല്‍ ഇളകി നിന്ന പാളികളെ റബര്‍ ബാന്‍ഡ് കൊണ്ടു കൂട്ടിക്കെട്ടി ഉറപ്പിച്ചു വെച്ച ഒരു റേഡിയോയും.

എനിക്ക് ആറുവയസുള്ളപ്പോഴാണു ഞാന്‍ മമ്മിയുടെ തറവാട്ടിലെത്തുന്നത്...

പിന്നീടുള്ള നാലോ അഞ്ചോ വര്‍ഷങ്ങള്‍ അവിടെയായിരിന്നു. കറുത്തചെളിയില്‍ കുറുകികിടന്നൊരു പ്രദേശത്തു നിന്നും വെളുത്ത മണ്ണിന്റെ നാട്ടിലേക്ക്. ഞങ്ങള്‍ താമസിച്ചിരുന്ന പഴയവീട് (ഇപ്പോഴും അതുണ്ട്) ഒരുകാടിനു നടുവിലായിരുന്നു. ചുള്ളിമുള്‍ക്കാടുകളും, കണ്ടല്‍ വനങ്ങളും, ഉപ്പൂത്തലും നിറഞ്ഞ കാടിനിടയിലൂടെ നൂല്‍ രേഖ പോലെ പോയിരുന്ന വഴി പകലിലും ഇരുണ്ടു തന്നെ കിടന്നിരുന്നു. ആ വഴി ചെന്നവസാനിക്കുന്നിടത്ത് കടലിലേക്കൊഴുകിയിറങ്ങുന്ന ഒരു നീര്‍ച്ചാല്‍. അതിനരികില്‍ ഓലമേഞ്ഞ് ഒരു ചെറിയവീട്. എന്റെ അനിയന്‍ ജനിച്ചത് ആ വീട്ടിലാണു. പഞ്ചായത്തിന്റെ അതിരു തിരിവില്‍ ഇന്നുമതൊരു പുറമ്പോക്ക് ഭൂമിയാണു. എന്തു കൊണ്ടാണു ആ വിട്ടില്‍ നിന്നും മമ്മിയുടെ തറവാട്ടിലേക്ക് വന്നതെന്നു എനിക്കോര്‍മ്മയില്ല. വ്യക്തികള്‍ക്കിടയിലെ പുതിയ വിളക്കിച്ചേര്‍ക്കലുകളാവാം, അതിനു കാരണം.

“എന്താ പേരു?”

ഇറങ്ങിനടന്ന വഴികളിലും, കയറിനിന്ന തിണ്ണകളിലും ഇതേ ചോദ്യമാവര്‍ത്തിച്ചു കൊണ്ടിരുന്നു. ഒരാള്‍ പിറന്നു വീഴുന്നമണ്ണില്‍ ആ ചോദ്യത്തിനു പ്രസക്തിയില്ല. പേരുവീഴുന്ന നാളുമുതല്‍ അവന്‍ നാടിനു പരിചിതനാണു. പക്ഷെ എന്റെ കാര്യം അങ്ങിനെയായിരുന്നില്ല. എന്റെ പേരു ആദ്യമായ് കേട്ട മണ്ണല്ലല്ലോ അത്. അതുകൊണ്ട് ഞാന്‍ സ്വയം പരിചയപ്പെടുത്തേണ്ടത് അനിവാര്യമാണു.

“ഇന്നാട്ടുകാരല്ല, ല്ലേ?”

“അല്ല, തെക്കൂന്നാ, നമ്മടെ അല്പോന്‍സിന്റെ പെങ്ങട മോനാ”

അതാണു എന്റെ മേല്‍ ചാര്‍ത്തി വെച്ചിരുന്ന ചിത്രം, “ഇന്നാട്ടുകാരനല്ല“. മൂന്നു വയസ്സുകാരനായ അനിയനു ഇതു പക്ഷെ ചാര്‍ത്തിക്കിട്ടിയില്ല. മമ്മിയുടെ ഒക്കത്തോ പിന്നാലെയോ നടന്നിരുന്ന അവനു, മമ്മിതന്നെ ഒരു ഐഡന്റിറ്റി ആയിരുന്നു. മമ്മി ആ നാട്ടില്‍ ജനിച്ചു വളര്‍ന്നതാണു. സ്കൂളിലേക്കുള്ള് വഴിയിലും, കളിപ്പറമ്പുകളിലും, മരത്തണലിലും, എനിക്കില്ലാതിരുന്നതും ഈ ഒരു ഐഡന്റിറ്റിയാണു.

“നീ ഇവിടംകാരനല്ലല്ല, ഇവിടത്തെ ആളെ എടുത്തിട്ട് നിന്നെ കൂട്ടാം” എന്റെ ഒറ്റപ്പെടല്‍ തുടങ്ങുന്നത് ഈ മറുപടിയില്‍ നിന്നാണു. വല്ല്യങ്കിളിനു രണ്ട് മക്കളാണു. ഷെറിച്ചേട്ടനും, മഞ്ജുചേച്ചിയും. ഷെറിച്ചേട്ടനെ ഒഴിവാക്കിയൊരു കളിയും അക്കാലത്തുണ്ടായിരുന്നില്ല. അയാള്‍ക്ക് എല്ലാ കളികളിലും നല്ല പാങ്ങാണു. കുട്ടിയും കോലും, ഏറുപന്ത്, കച്ച്(ഗോട്ടി)കളി, ഓടിച്ച് പിടിത്തം, ഒളിച്ചുകളി, അങ്ങിനെ എല്ലാം. മഞ്ജുചേച്ചി സുന്ദരിയായിരുന്നു. നല്ലവെളുത്ത്, സിനിമയില്‍ കാണുന്ന ചെറിയപെണ്ണുങ്ങളെപ്പോലെ സുന്ദരിയായ ചേച്ചി. എന്നെ വലിയ ഇഷ്ടമായിരുന്നു, ഇപ്പോഴും അങ്ങിനെ തന്നെ. പക്ഷെ, ജിവിതത്തിന്റെ വിയര്‍പ്പില്‍ ആ സൌന്ദര്യ്ം എപ്പോഴോ ഒലിച്ചുപോയി. ഷെറിച്ചേട്ടന്റെ തരക്കാര്‍ കളിക്കുന്ന കളികളില്‍ എന്നെ കൂട്ടില്ല. ‘ഞാന്‍ ചെറുതല്ലെ‘ എന്നു പറഞ്ഞ് ഒഴിവാക്കും. അതു ഒഴിവാക്കല്‍ തന്നെയായിരുന്നു. കാരണം എന്റെ പ്രായമുള്ളവരും അല്ലാത്തവരും ആ കളികളില്‍ കൂടാറുണ്ട്. ചേച്ചിയുടെ കൂടെയും കളിക്കുന്നത് വിരളമാണു. മഞ്ജുചേച്ചി, സ്മിതച്ചേച്ചി, ഹസീനച്ചേച്ചി ഇവര്‍ ഒറ്റക്കെട്ടാണു. അവര്‍ കഞ്ഞിയും കൂട്ടാനും വെച്ചു കളിക്കുകയാണെങ്കില്‍ മഞ്ജുചേച്ചിയുടെ മകന്റെ റോള്‍ എനിക്കു കിട്ടും. അല്ലെങ്കില്‍ അവിടെയും ഞാന്‍ പുറത്തിരിക്കണം. ഒറ്റ ഒറ്റയായി കളിക്കുന്ന കളികളില്‍ എന്തായാലും എനിക്ക് അവസരം ഉണ്ടാകുമായിരുന്നില്ല. ടീം ആയി കളിക്കുമ്പോള്‍ ‘ആളു തികയാതെ വരണെ‘ എന്ന് ഞാന്‍ മനസുരുകി പ്രാര്‍ത്ഥിക്കും. ദൈവം ചിലപ്പോഴൊക്കെ എന്റെ കുഞ്ഞു പ്രാര്‍ത്ഥന കേള്‍ക്കാറുണ്ട്. അങ്ങിനെ പ്രാര്‍ത്ഥനകേട്ട ഒരു ദിവസം എന്നെയും കളിക്കാന്‍ കുട്ടി. കളിതുടങ്ങി പത്തുമിനിറ്റായപ്പോഴേക്കും ഒരാളുകൂടെ വന്നു.

“എന്നെയും കൂട്ട്”

“ആളു തികഞ്ഞ്”

അയാളു ചുറ്റും നോക്കി. എന്റെ നേരെ അയാളുടെ കണ്ണുകള്‍ ഉടക്കി. അധികാരത്തോടെയുള്ള നോട്ടം.

“നീ മാറ്. ഞാന്‍ കളിക്കട്ടെ”

കളികുറച്ച് നേരത്തേക്ക് നിന്നു. എല്ലാവരും വട്ടം കൂടി. ഒടുവില്‍ എന്നെ മാറ്റാന്‍ തീരുമാനമായി. എനിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു.

“ന്നെന്തിനാ മാറ്റുന്നെ. ഞാനിപ്പൊ ചേര്‍ന്നല്ലെള്ള്‍”

“നീ ഇവിടംകാരനല്ലല്ല. ഇവ്ടെത്തെ ആളെ എടുത്തിട്ട് നിന്നെ കൂട്ടാം”

ഞാന്‍ വീണ്ടും പൊട്ടിത്തെറിച്ചു. എന്തൊക്കെയോ പറഞ്ഞു. അവര്‍ കളിതുടര്‍ന്നതല്ലാതെ എന്നെക്കുറിച്ച് ചിന്തിച്ചതേയില്ല. പിന്നീട് ഒരിക്കലും. അതിനുശേഷം ആളു തികയാതെ വന്നപ്പോള്‍ ഒറ്റയാകുന്ന ആളെ പൊന്തയാക്കി രണ്ടു ടീമിലും കളിപ്പിച്ചു, എന്നിട്ടും എന്നെ ചേര്‍ത്തില്ല. പക്ഷെ തോല്‍പ്പിക്കാനൊരാളെ വേണം എന്ന് തോന്നുന്ന സമയത്ത് എന്നെ കളിക്കുവാന്‍ ചേര്‍ത്തു. തോല്‍ക്കുമെന്നറിഞ്ഞിട്ടും പലപ്പോഴും ഞാന്‍ കളിച്ചു. ജയിക്കാമായിരുന്ന കളികളില്‍, അവര്‍ കൂട്ടം ചേര്‍ന്നു കളിച്ച് എന്നെ തോല്‍പ്പിച്ചു. തോറ്റു ഞാന്‍ കരയുന്നത് വരെ. “ഇവിടംകാരോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും” എന്നൊരവസാന ലിഖിതവും.

കരയാന്‍ വേണ്ടിയാണു ഞാന്‍ ആ പാരിജാതച്ചെടികളുടെ ചോട്ടില്‍ വന്നിരുന്നത്. പിന്നെ അതിനടിയില്‍ ഒരു ചാക്കുകഷണമെത്തി. കഥപുസ്തകളെത്തി. പൊട്ടിയ ഒരു റേഡിയോ വന്നു. ചിത്രശലഭപ്പുഴുക്കള്‍ വന്നു. ഞാനതിനടിയില്‍ തനിച്ചിരുന്നു. ഒരാള്‍ അവിടെ ഇടയ്ക്ക് വിരുന്നുവന്നു. ഹസീനച്ചേച്ചി. ഒരുകാലിനു സ്വാധീനമില്ലാതിരുന്ന ഹസീനച്ചേച്ചി കുഴിമണ്ണ് കളിക്കാനും, ആമക്കുരു കളിക്കാനുമാണു വന്നിരുന്നത്. പക്ഷെ അവരാരും, പുസ്തകളോ, പാരിജാതപൂവുകളോ സ്നേഹിച്ചത് പോലെ എന്നെ സ്നേഹിച്ചിരുന്നില്ല.

പന്ത്രണ്ടാമത്തെ വയസില്‍ തിരികെ ഡാഡിയുടെ വീട്ടിലേക്ക് വരുമ്പോള്‍ അപരിചിതത്വവും പിന്തുടര്‍ന്നു. ഇത്തവണ എന്റെ അനിയനേയും. കുറേനാളുകള്‍ക്ക് ശേഷം ആ ചോദ്യം വീണ്ടുമാവര്‍ത്തിക്കപ്പെട്ടു.

“എന്താ പേര്”

ആ ചോദ്യം പക്ഷെ പഴയത്പോലെ വേദനിപ്പിക്കുന്നതായിരുന്നില്ല. ഒറ്റപ്പെടലിനു കാഠിന്യവുമുണ്ടായിരുന്നില്ല. കളികളുടെ ജയവും തോല്‍വിയും തുടങ്ങുന്നിടവും ഒടുങ്ങുന്നിടവും മനസിലാക്കിയിരുന്നത് കൊണ്ട് കളികളില്‍ നിന്നു എന്നെ ആരും മാറ്റിനിര്‍ത്തിയില്ല. ആര്‍ക്കുവേണ്ടിയും മാറിക്കൊടുക്കേണ്ടി വന്നില്ല. ചെള്ളപ്പുറം എന്നറിയപ്പെട്ടിരുന്ന ആ ചെറിയ നാട്ടില്‍ ഒരല്പം സാമൂഹ്യപ്രവര്‍ത്തനം നടത്തിയിരുന്ന ടെല്‍മച്ചേച്ചിയുടെയു പോളേട്ടന്റെയും മക്കളായിരുന്നത് കൊണ്ടാകാം, എനിക്കും അനിയനും അധികം അവഗണന നേരിടേണ്ടി വന്നില്ല. ആ പാരിജാതച്ചോട്ടില്‍ ഇരുന്നകാലത്തുണ്ടായിരുന്നത് പോലെ.

ഇന്നവിടെ പാരിജാതച്ചെടികളില്ല.. മമ്മിയുടെ തറവാടുമില്ല. കാടുപിടിച്ചു കിടക്കുന്ന ആ പറമ്പിനു നടുവില്‍ പഴയകാലവും പേറി ദ്രവിച്ചുകിടക്കുന്ന ചെങ്കല്ലുകള്‍. ഇവിടെയാണു എന്റെ ബാല്യകാലം ചിതറിക്കിടക്കുന്നത്, വേരുകള്‍ മുളച്ചില്ലെങ്കിലും. അവയുടെ ഇടയില്‍ നില്‍ക്കുമ്പോള്‍ എനിക്ക് ചുറ്റും ചിരിക്കുന്നവരുണ്ട്. ചിരിക്കാത്തവര്‍ അപരചിതത്തോടെ ചോദിക്കുന്നു.

“എന്താ പേര്”

ഉത്തരങ്ങളും ആവര്‍ത്തിക്കുന്നു.

“ഇന്നാട്ടുകാരല്ല, ല്ലേ?”

“അല്ല, തെക്കൂന്നാ, നമ്മടെ അല്പോന്‍സിന്റെ പെങ്ങട മോനാ”

...

14 അഭിപ്രായങ്ങൾ:

Junaiths പറഞ്ഞു...

അരുണ്‍,
അതി മനോഹരമായി എഴുതുന്നു..
തുടരുക...ആശംസകള്‍..
വരത്തന്‍ എന്ന സങ്കല്പം ഇപ്പോള്‍ ഉണ്ടോ ആവോ?എല്ലാം ഗ്ലോബലൈസേഷന്‍് എന്ന വാക്കില്‍ ഒതുങ്ങുകയല്ലേ,ഗ്ലോബല്‍ വില്ലേജ് അല്ലെ ഇപ്പോള്‍ ..മാറ്റി നിര്‍്ത്തപ്പെടുന്ന ബാല്യത്തിന്റെ വ്യഥ ശരിക്കും അനുഭവിപ്പിക്കുന്ന എഴുത്ത്‌

Junaiths പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
kichu / കിച്ചു പറഞ്ഞു...

‍അല്പോന്‍സിന്റെ പെങ്ങട മോനേ..

കൊള്ളാം :)

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

തെക്കൂന്നാ, നമ്മടെ അല്പോന്‍സിന്റെ പെങ്ങട മോനാ”

കൊള്ളാം നിന്റെ ബാല്യകാല സ്മരണകള്‍..
നന്നായി എഴുതി...അഭിനന്ദനങ്ങള്‍..

മാണിക്യം പറഞ്ഞു...

ഒറ്റപെടലിന്റെ വേദന പറഞ്ഞറിയിക്കാന്‍ ആവില്ലന്നു വിശ്വസിക്കുന്ന ആളാ ഞാന്‍ പുതിയ സ്ഥലത്തെത്തുമ്പോല്‍ വഴിയറിയാതെ പരിചയമുള്ള മുഖങ്ങളില്ലാതെ പകച്ചു നിന്ന സമയങ്ങള്‍
ഏറെയാണ്... ബാല്യത്തിലും കൗമരത്തിലും ആ ഒറ്റപെടല്‍ കൂടി പിന്നെ അതൊരു ശീലമായി
ആയിട്ക്ക് എപ്പോഴൊ ആണ് അക്ഷരങ്ങള്‍ കൂട്ട് വന്നത് പിന്നെ ആ ലോകം എന്നെയും ഞാന്‍
ആ ലോകത്തെയും പുറം തള്ളിയില്ല അക്ഷരകൂട്ടങ്ങളുടെ കൈപിടിച്ചു ആ ചിറകിലേറി പറന്നു
ഈ ലോകം മനോഹരമാണ്..........

സന്തോഷത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും
സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും
നിറവോടെയുള്ള ഒരോണാശംസ നേരുന്നു

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

അല്ല ഇത് അരുണ്‍ ചുള്ളിക്കല്‍ അല്ലെ.. :) :)
ഓണാശംസകള്‍..

Unknown പറഞ്ഞു...

വരത്തൻ എന്നത് ഞാനും കുറെ അനുഭവിച്ചതാണ്.പിന്നെ നമ്മൂടെ ജന്മനാട് വിട്ടാൽ നമ്മൽ
വരുത്തര് തന്നെയാ അരുണെ

കാട്ടിപ്പരുത്തി പറഞ്ഞു...

അരുണ്‍-
മാറുന്ന ലോകത്തില്‍ ഈ ഒറ്റപ്പെടല്‍ ഇല്ലാതാവുന്നു- അതാര്‍ക്കും വേരുകളില്ലാതാവുന്നു എന്നതില്‍ നിന്നാണ്. വേരുകള്‍ എന്തിനെന്നുമറിയാതാകുന്നു.
നല്ല കുറിപ്പുകള്‍

Rony പറഞ്ഞു...

അരുണ്‍

നല്ല എഴുത്താണു...വൈകിയാണു ഈ ബ്ലോഗ് കണ്ടത്. മികച്ച ഓര്‍മ്മക്കുറിപ്പുകളിലൊന്നണെന്ന് തോന്നി. നല്ല നിലവാരമുള്ള രചനാശൈലി. അഭിനന്ദനങ്ങള്‍

ആദ്യത്തെ അദ്ധ്യായങ്ങള്‍ കുറച്ചു കൂടി മെച്ചപ്പെടുത്താമെന്നു തോന്നി.

Thus Testing പറഞ്ഞു...

ജുനൈത്,
കിച്ചു ചേച്ചി,
വാഴക്കോടാ,
മാണിക്യം ടീച്ചര്‍,
കുമാരേട്ടാ,
അനൂപേട്ടാ,
റഷീദിക്കാ,
റോണി,

എല്ലാവര്‍ക്കും താങ്ക്സ്. തുടര്‍ന്നും വായിക്കുമല്ലോ

മൊട്ട പറഞ്ഞു...

ചുല്ലീ, എഴുത്ത് വളരെ നന്നായിരിക്കുന്നു. വായിച്ചപ്പോ ഇത്തിരി വിഷമം തോന്നി. ബാല്യത്തിലെ ഒട്ടപ്പെടലിന്റെ വേദന മായിക്കാന്‍ പുതിയ സൌഹൃദങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

ഹൃദ്യമായി ഈ എഴുത്ത്‌

Thus Testing പറഞ്ഞു...

മൊട്ടേ
സന്തോഷേട്ടാ


നന്ദി.

Tara S Pillai പറഞ്ഞു...

Hi,
വെറുത വാക്കുകള്‍ ചേര്‍ത്ത് വെച്ച് എഴുതിയാല്‍ അതിനു ജീവന്‍ ഉണ്ടാകില്ല. അനുഭവങ്ങളില്‍ നിന്നും എഴുതുമ്പോഴാണ് അതിനു ജീവന്‍ ഉണ്ടാകുന്നതു.
..............................
"ഇന്നവിടെ പാരിജാതച്ചെടികളില്ല.. മമ്മിയുടെ തറവാടുമില്ല. കാടുപിടിച്ചു കിടക്കുന്ന ആ പറമ്പിനു നടുവില്‍ പഴയകാലവും പേറി ദ്രവിച്ചുകിടക്കുന്ന ചെങ്കല്ലുകള്‍. ഇവിടെയാണു എന്റെ ബാല്യകാലം ചിതറിക്കിടക്കുന്നത്,"
..............................

ഇതില്‍ ജീവനുണ്ട്. ആ ബാല്യകാലത്തെ എനിക്ക് എന്റെ സാങ്കല്പിക ലോകത്ത്, കാണാന്‍ കഴിയുന്നുണ്ട്.... അനുഭവിക്കാന്‍ കഴിയുന്നുണ്ട്....

ആത്മാര്‍ത്ഥതയോടെ എന്റെ നന്ദി .........