ചൊവ്വാഴ്ച, ഓഗസ്റ്റ് 24, 2010

ആപ്പിളിന്റെ വിലയുള്ള ഓണക്കാലം

മഴക്കാലമാണ്. എനിക്ക് മഴയെ ഇഷ്ടമായിരുന്നില്ല. ഓലമേല്‍ക്കൂര കീറിത്തുളച്ച് വന്ന മഴത്തുള്ളികള്‍അപഹരിച്ച് കൊണ്ട് പോയ ഉറക്കങ്ങള്‍. നനഞ്ഞ് കലങ്ങിപ്പോയ പുസ്തകത്തിലെ വരികള്‍, ചോര്‍ച്ചകുറഞ്ഞ മൂലയ്ക്കിരുന്ന് ഉറങ്ങാതെ ഉറങ്ങി വെളുപ്പിച്ച രാത്രികള്‍. വീടിനകത്തും പുറത്തും നിറയുന്ന വെള്ളം. ജോലിയില്ലാതെ കയറിവരുന്ന ഡാഡി. വിശപ്പ്. ഒരിക്കലുമുണങ്ങാത്ത യൂണിഫോമിന്റെ മടുപ്പിക്കുന്നഗന്ധം. ഇതൊക്കെയായിരുന്നു എനിക്ക് മഴക്കാലം.

മഴക്കാലത്തും വെള്ളപ്പൊക്കത്തിനും തറയുടെ ചരിവിനനുസരിച്ച് വെള്ളമെത്തിച്ചേരാത്തസ്ഥലത്താണ് ഞങ്ങളുറങ്ങുന്നതും അടുപ്പു കൂട്ടിയിരിക്കുന്നതും. ഒരുമൂലയില്‍ ഡാഡി കുളിര്‍ന്നുകിടക്കുകയാണ്. പുതച്ച് മൂടി. കുറച്ച് ദിവസമായി ഡാഡിക്ക് പനി തന്നെയാണ്. നല്ല പനി. ഇടയ്ക്ക്സര്‍ക്കാരാശുപത്രിയിലൊന്നു പോയിരുന്നു. പിന്നെ അന്നു കുറിച്ച് കിട്ടിയ മരുന്ന് തന്നെവാങ്ങിക്കഴിക്കുന്നു, പക്ഷെ യാതൊരു കുറവുമില്ല.

അത് ഒരു ശനിയാഴ്ച ആയിരിക്കണം. അല്ലെങ്കില്‍ എന്തെങ്കിലും അവധി ദിവസം. ഞാനന്ന് സ്കൂളില്‍പോയിരുന്നില്ല. അനിയന്‍ കളിക്കാന്‍ പോയിരിക്കുകയാണ്. പഠിത്തത്തില്‍ പിന്നോട്ട് പോയിരുന്നത്കൊണ്ട് എനിക്ക് ശനിയാഴ്ച കളിക്കാന്‍ പോകാന്‍ അനുവാദമില്ല. പിന്നെ ഓണപ്പരീക്ഷയാണ്.

ഡാഡി എന്തൊക്കെയോ ഉറക്കത്തില്‍ പറഞ്ഞ് കൊണ്ടിരുന്നത് കേട്ടാണ് ഞാനടുത്ത് ചെന്നത്.

എന്ത് റ്റി ഡാഡി

ഡാഡി എന്തോ പറയുന്നുണ്ട്. ഒരു ബന്ധവുമില്ലാതെ. മമ്മി പുറമ്പണിക്ക് പോയിരിക്കുകയാണ്. വീട്ടില്‍ ഞാന്‍ മാത്രമേയുള്ളു.

ഡാഡി!! എന്താ ഡാഡി

വിറച്ച് കൊണ്ട് ഡാഡി പറയുന്നതൊന്നു തിരിയുന്നുണ്ടായിരുന്നില്ല. എനിക്കാകെ ഭയമായി. ഡാഡിആലില പോലെ വിറക്കുകയാണ്. ഞങ്ങളുടെ വീടാണെങ്കില്‍ ഒറ്റപ്പെട്ട തുരുത്തിലും. വിളിച്ചാല്‍വിളിയെത്തുന്ന ദൂരത്ത് ആരുമില്ല. പിന്നെ അപ്പുറത്ത് മാറി കുറച്ച് ഗിരിവര്‍ഗ്ഗക്കാര്‍ താമസിക്കുന്നുണ്ട്. ഉള്ളാടന്മാര്‍. അവരുമായുള്ള സമ്പര്‍ക്കം വളരെ തുച്ഛമാണ്. എല്ലാവരാലും ഒറ്റപ്പെട്ടാണ് അവര്‍കഴിയുന്നത്. അവിടെയാണെങ്കില്‍ അന്നൊരു മരണവും നടന്നിരുന്നു.

കറുത്ത ചെളി കുറുകി കിടന്ന വഴിയിലൂടെ തെന്നിത്തെറിച്ച് ഞാനോടി. ഡാഡിക്കെന്തെങ്കിലുംസംഭവിക്കുമോ എന്ന പേടിയായിരുന്നു മനസില്‍. ആരെയെങ്കിലും വിളിച്ച് കൊണ്ട് വരണം. ധൃതിയില്‍ ഓടുന്നതിനിടെ ആരുടെയെങ്കിലും ദേഹത്ത് ചെളി തെറിച്ച് വീഴുമോ എന്നു ഞാന്‍ഓര്‍ത്തില്ല. പക്ഷെ തെറിച്ച് വീണു. അതു ബിജു ചേട്ടന്റെ ദേഹത്താണ്. വെളുത്ത മുണ്ടില്‍ നിറയെകറുത്ത ചെളിത്തുള്ളികള്‍.

നായിന്റെ മോനെ! ആര്‍ക്ക് വായു കേറിയിട്ടാടാ പായുന്നത്?”

ബിജുച്ചേട്ടനും കൂട്ടുകാരും മരിച്ചയാളെ കാണാന്‍ വരുന്ന വഴിയാണ്. എല്ലാവരും മദ്യപിച്ചിട്ടുണ്ട്. മുണ്ടില്‍ തെറിച്ച് വീണ ചെളി നോക്കി ആകെ ദേഷ്യത്തിലാണ് അയാള്‍. അടുത്ത നിമിഷം എന്നെതല്ലുമെന്ന ഭാവത്തില്‍ നില്‍ക്കുകയാണ്. വിക്കി വിക്കി ഞാനൊരു വിധത്തില്‍ കാര്യം പറഞ്ഞു. മദ്യത്തിന്റെ ലഹരിയിലോ സ്നേഹത്തിലോ എന്നറിയില്ല...

വാടാ പോയി നോക്കിയിട്ട് വരാം

...അവര്‍ എന്റെ കൂടെ വന്നു.

ഡാഡിയെ അവര്‍ തോളത്ത് ചുമന്നാണ് റോഡുവരെ എത്തിച്ചത്. അന്നൊക്കെ റോഡെത്തും വരെചെളിയാണ്. പകുതി ദൂരം കറുത്ത ചെളിയും പകുതി ദൂരം ചെങ്കല്‍ ചെളിയും. ഇപ്പോള്‍ വഴികോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നു. മുട്ടിനു താഴെ താഴ്ന്നു പോയിരിന്ന ചെളിക്കുഴികള്‍ കോണ്‍ക്രീറ്റിനടിയില്‍ശവക്കച്ച പുതച്ചുറങ്ങുകയാണിന്ന്.

ഒരു ഓട്ടൊറിക്ഷയില്‍ കയറ്റി അവര്‍ ഡാഡിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയി, വഴിയില്‍തന്നെ നില്‍ക്കാന്‍ എന്നെ ശട്ടം കെട്ടിയിട്ട്.


ഓണത്തിന് മൂന്നോ നാലോ ദിവസം മുന്‍പാണ് ഡാഡി ആശുപത്രിയിലാകുന്നത്. ഡാഡിക്ക് ടൈഫോയ്ഡ്ആയിരുന്നു. ഒന്നാമോണത്തിനു തലേദിവസമായിരിക്കണം, ബയോളജി പരീക്ഷ കഴിഞ്ഞ് ഞാന്‍നേരെ ആശുപത്രിയിലേക്കാണ് ചെന്നത്.

ഇതെന്താ നീ കൈ വീശി വരുന്നത്? ഒരു രോഗിയെ കാണാന്‍ വരുമ്പ വെല്ല ആപ്പിലോ മുന്തിര്യോകൊണ്ടൊരാന്‍ മേലെ?”

ഞങ്ങളുടെ നാട്ടില്‍, ഒരു പക്ഷെ എല്ലായിടത്തും തമാശയ്ക്ക് പറയുന്ന കാര്യമാണത്. ഡാഡിയുംതമാശയ്ക്ക് തന്നെയാണ് അത് പറഞ്ഞത്. പക്ഷെ, ഡാഡിയുടെ ആരോഗ്യ സ്ഥിതി വളരെമോശമായിരുന്നത് കൊണ്ട് പഴങ്ങള്‍ ധാരാളം കഴിക്കാന്‍ ഡോക്ടര്‍ പറഞ്ഞിരുന്നു എന്ന് മമ്മിപറഞ്ഞപ്പോള്‍ എന്റെ മനസൊന്ന് കാളി. ഒരുപക്ഷെ ഡാഡിയത് ആഗ്രഹിച്ച്പറഞ്ഞതായിരിക്കുമോ? എന്റെ കൈയില്‍ അന്നേരം കാശൊന്നുമില്ല. ബസിനു ആശുപത്രിയിലേക്ക്വരാന്‍ അന്‍പത് പൈസ ഇല്ലാതിരുന്നിട്ട് നാല് ബസ്റ്റോപ് ദൂരം നടന്നാണ് ഞാന്‍ ആശുപത്രിയില്‍എത്തിയത്. എല്ലാ വേക്കേഷനും ഞാനും കൂട്ടുകാരായ നിക്സനും നിഖിലുമൊക്കെ എന്തെങ്കിലുമൊക്കെജോലി തരമാക്കുക സാധാരണമാണ്. ജോലിയെന്ന് പറഞ്ഞാല്‍ ആരുടെയെങ്കിലും പറമ്പ്വൃത്തിയാക്കുക, തേങ്ങ പൊതിച്ചു കൊടുക്കുക, റേഷന്‍ കടക്കാരന്‍ ചന്ദ്രന്‍ ചേട്ടന്റെ കടയില്‍സാധനങ്ങള്‍ എടുത്ത് കൊടുക്കുക, കിണറ് തേവുക, വഴിവെട്ടുക, കച്ചറ വലിക്കുക അങ്ങിനെ മുന്നില്‍വന്ന് പെടുന്ന ഏതു ജോലിയും ചെയ്യാന്‍ ഞങ്ങള്‍ക്ക് ഒരു മടിയുമില്ല. അന്നും ഇന്നും. പക്ഷെവെക്കേഷന്‍ തുടങ്ങുന്നതേയുള്ളു. പ്രത്യേകിച്ച് ഒരു ജോലിയും തരമായിട്ടില്ല.

aആശുപത്രിയില്‍ നിന്നും വീട്ടിലേക്കു നടക്കുമ്പോള്‍ നേരം നന്നേ വൈകിയിരുന്നു. പടിയിറങ്ങുമ്പോള്‍മമ്മി പിന്നില്‍ നിന്നും വിളിച്ചു.

"മോനെ നിന്നെ. കിരണിനെയും വിളിച്ചു വാസന്തി ചേച്ചിയുടെ വീട്ടിലേക്കു ചെല്ല്. വീട്ടില്‍ ഒന്നുംകാണില്ല."

കിരണ്‍ എന്റെ അനുജനാണ്. വാസന്തി ചേച്ചി മമ്മിയുടെ സുഹൃത്തും. വിശക്കുമ്പോള്‍കയറിച്ചെല്ലാനുള്ള ഇടമായിരുന്നു വാസന്തി ചേച്ചിയുടെ വീട്. എല്ലാ ദിവസവും രാത്രി ഞങ്ങള്‍കുട്ടികള്‍ക്ക് കഴിക്കാനുള്ള ഭക്ഷണം വാസന്തി ചേച്ചി പാത്രത്തില്‍ എടുത്തു വെച്ചിട്ടുണ്ടാവും. ദൂരദര്‍ശനില്‍ അക്കാലത്തൊക്കെ വൈകീട്ട് ഏഴരയ്ക്കാണ് വാര്‍ത്തകള്‍. അത് കഴിയുന്ന മുറയ്കുള്ള മ്യൂസിക്കേട്ടാല്‍ ഞാനും അനിയനും കൂടെ അവരുടെ വീട്ടിലേക്കു ചെല്ലും. അടുക്കളയോട് ചേര്‍ന്നുള്ളപടിക്കെട്ടില്‍ ഞങ്ങളെ കാത്തിരിക്കുന്ന പിഞ്ഞാണത്തില്‍ ചോറും കറിയും ഉണ്ടാവും. അതും എടുത്ത്ഞങ്ങള്‍ തിരികെ വീട്ടിലേക്കു പോരും. റേഷനരിയുടെ ചോറ് ചേര്‍ത്ത് മമ്മി അത് എല്ലാവര്ക്കുംവിളമ്പും. പിന്നീട് ഡാഡിയുടെ വരുമാനം മെച്ചപ്പെട്ട കാലത്തും ഒരുപാത്രം ചോറ് ഞങ്ങളെകാത്ത് പടിക്കല്‍ ഉണ്ടായിരുന്നു.

അനിയന്റെ കൂടെ ഇരുന്നു കഴിക്കുമ്പോള്‍ വാസന്തി ചേച്ചി ഡാഡിയുടെ വിശേഷം ഒക്കെ ചോദിച്ചു, നാളെ ഓണമല്ലേ. ഉച്ചക്ക് വേറെ എങ്ങും തിരിഞ്ഞു നടക്കാതെ ഇവിടെ വന്നു കഴിച്ചിട്ട് പോണം എന്ന്പറഞ്ഞിട്ടാണ് ചേച്ചി ഞങ്ങളെ യാത്രയാക്കിയത്. പക്ഷെ നാളെ ഓണമാണ് എന്നതിനേക്കാള്‍ എന്റെമനസില്‍ കുരുങ്ങി കിടന്നത് ആപ്പിളിന്റെ ചിത്രമാണ്. ചുവന്ന നിറത്തില്‍ അത് മനസിലോഹൃദയത്തിലോ പിടിതരാതെ ഉരുണ്ടു കിടക്കുന്നു. ആഴുപത്രിയില്‍ നിന്ന് വരുന്ന വഴി ഒരു പഴക്കടയില്‍കയറി ആപ്പിളിന് വില ചോദിച്ചിരുന്നു. രണ്ടെണ്ണം തൂക്കി നോക്കി അയാള്‍ പറഞ്ഞു.

"പത്തു രൂപയാകും"

കാശെടുക്കാത്തത് പോലെ അഭിനയിച്ചു ഞാന്‍ പറഞ്ഞു.

"അയ്യോ പൈസ എടുത്തില്ല. ഞാന്‍ പിന്നെ വരാം"

"നാശം" ഇത് പറഞ്ഞു അയാള്‍ ആപ്പിള്‍ കൂടയിലെക്കിട്ടു.

രാവിലെ ഉണര്‍ന്നപ്പോഴും ആപ്പിളുകള്‍ എന്റെ ചിന്തയെ വലച്ചു കൊണ്ടിരുന്നു. മമ്മി രാവിലെ തന്നെവീട്ടില്‍ എത്തി. ഒരു ചെറിയ പൊതിയില്‍ അരിയുണ്ട്. ഡാഡിക്ക് എന്തെങ്കിലും ഉണ്ടാക്കി കൊണ്ട്പോകണം. വിശക്കുന്നുണ്ട് പക്ഷെ മമ്മിയോടു പറഞ്ഞില്ല. അനിയനും എന്തെങ്കിലും വേണം എന്ന്പറഞ്ഞില്ല. ഞാന്‍ പുറത്തേക്ക് ഇറങ്ങി നടന്നു. എങ്ങിനെ എങ്കിലും പത്തു രൂപ ഉണ്ടാക്കണം.

റോഡിലെത്തിയ ഉടനെ എന്റെ മനസ്സില്‍ തെളിഞ്ഞ വീടുകളുടെ മുന്നിലേക്ക്‌ കാലടികള്‍ നീണ്ടു. അന്ന്ഓണം സ്പെഷ്യല്‍ ചിത്രം കിലുക്കം ആണ് എന്ന് ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. കേറി ചെന്നവീടുകളിലൊക്കെ ചിത്രത്തിലെ രംഗങ്ങള്‍ ടി വി യില്‍ മിന്നി മാഞ്ഞിരുന്നു.അധികം ശക്തിയില്‍അല്ലെങ്കിലും മഴ പെയ്യുന്നുണ്ടായിരുന്നു. ദിവസം മുഴുവന്‍ എന്റെ ഷര്‍ട്ടും പാന്റ്സും നനഞ്ഞുതന്നെയിരുന്നു. ഓരോ വീട്ടിലും കയറി ചെല്ലുമ്പോഴും എന്ത് പറയണം എന്നറിയാതെ കുഴങ്ങി. വയ്യാത്ത അച്ഛന് മരുന്ന് മേടിക്കാനാണ് എന്ന് പറഞ്ഞു കാശ് ചോദിക്കാം. പക്ഷെ ആപ്പിള്‍വാങ്ങാനാണ് എന്ന് പറഞ്ഞു എങ്ങിനെയാണ് ചോദിക്കുക. ചോദ്യഭാവത്തോടെ നോക്കിയമുഖങ്ങളിലേക്ക് സിനിമ കാണാനാണ് എന്ന മറുപടി മൌനമായി നല്‍കി. ടി വിസര്‍വ്വസാധാരണമായിരുന്ന കാലമല്ലായിരുന്നു. അത് കൊണ്ട് തന്നെ ടി വി ഉള്ള വീടുകളുടെവരാന്തയില്‍ ആളുകള്‍ തിങ്ങി ഇരിക്കുന്നതും നില്‍ക്കുന്നതും പതിവാണ്. ഞാന്‍ കൂട്ടത്തിലേക്ക്ഊഴിയിടും. പക്ഷെ അധികനേരം അങ്ങിനെ നില്‍ക്കാന്‍ മനസനുവദിച്ചില്ല. വീണ്ടും നടന്നു. ഇടക്കാണ് വഴിയില്‍ വെച്ച് സുനിച്ചേട്ടനെ കണ്ടത്. വാസന്തി ചേച്ചിയുടെ മൂന്നു മക്കളില്‍ മൂത്തയാള്‍ആണ് സുനിചേട്ടന്‍.

"നീ എന്താണ് മഴ നനഞ്ഞു നടക്കുന്നത്?"

ഞാന്‍ കാര്യം പറഞ്ഞു. സുനിചേട്ടന് ജോലി ഉള്ളത് കൊണ്ട് കാശുണ്ടാവും എന്ന് കരുതിയാണ് ഞാന്‍കാര്യം പറഞ്ഞത്.

"എന്റെ കയ്യില്‍ ഇല്ലല്ലോട. നീ ഒരു കാര്യം ചെയ്യ്, അമ്മ നിങ്ങളെ കണ്ടില്ല എന്ന് പറയുന്നുണ്ട്. നീ അനിയനേം കൂട്ടി ചെന്ന് എന്തെങ്കിലും കഴിക്കു. ഞാന്‍ അപ്പോഴേക്കും ഒന്ന് കറങ്ങി വരാം."

എനിക്ക് അയാളോട് ദേഷ്യം തോന്നി. വലിയ ജോലി ഉള്ള ആളോക്കെയാ. ഒരു പത്തു രൂപതന്നാലെന്ത് എന്ന് മനസ്സില്‍ ചിന്തിച്ചു. മനസ്സില്‍ അയാളെ വീണ്ടും എന്തൊക്കെയോ പറഞ്ഞു. പിന്നെതിരികെ വീട്ടിലേക്കു നടന്നു. പണം അന്വേഷിച്ചു ഒരുപാട് ദൂരം നടന്നു എന്ന് അപ്പോഴാണ്‌ എനിക്ക്ബോധ്യമായത്. തിരികെ വീട്ടിലെത്തി അനിയനെ കൂട്ടി വാസന്തി ചേച്ചിയുടെ വീട്ടില്‍ എത്തുമ്പോള്‍വൈകുന്നേരം 3 മണി എങ്കിലും ആയിക്കാണും. നേരത്തെ വന്നു കഴിക്കാത്തതിനുള്ള പിണക്കം കേട്ട്കൊണ്ട് ഞാന്‍ വര്‍ഷത്തെ ഓണമുണ്ടു. പക്ഷെ അത്രയും നേരമായിട്ടും സുനിചേട്ടനെ കണ്ടില്ല. എനിക്ക് ദേഷ്യവും സങ്കടവും ഒക്കെ വന്നു. മഴ വീണ്ടും കനക്കാന്‍ തുടങ്ങിയത് പോലെ. അനിയന്‍ ടി വിനോക്കി ഇരിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ വരാം എന്ന് പറഞ്ഞു വഴിയിലേക്ക് നടന്നു. ദൂരെ നിന്ന്നടന്നു വരുന്ന ഓരോ ആളുകളെയും എനിക്ക് സുനിചേട്ടന്‍ ആയിട്ടാണ് തോന്നിയത്.പക്ഷെതൊട്ടടുതെത്തുമ്പോള്‍ മറ്റൊരു മുഖമായി മാറി അവര്‍ എന്നെ കബളിപ്പിച്ചു കൊണ്ട് കടന്നു പോയി. മനസ്സില്‍ ആപ്പിളിന് അപ്പോള്‍ വേദനയുടെ മുഖമായിരുന്നു.

"എടാ നിന്നെ നോക്കി സുനിചേട്ട അമ്മാവന്റെ പറമ്പില്‍ നില്‍ക്കുന്നു. വേം ചെല്ല് " സൈക്കിളില്‍പാഞ്ഞു വന്ന അഭിലാഷ് ചേട്ടന്‍.

ഞങ്ങള്‍ കളിയ്ക്കാന്‍ പോകുന്ന പറമ്പ് അമ്മാവന്റെ പറമ്പ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഞാന്‍ചെല്ലുമ്പോള്‍ പോസ്റ്റില്‍ ചാരി സുനിചേട്ടന്‍ നില്‍ക്കുന്നു.

"നീ എവിടെ പോയി. വീട്ടില്‍ വന്നപ്പ കണ്ടില്ലല്ല."

"ഞാന്‍..പിന്നെ.. സുനിചേട്ടനെ നോക്കി നടക്കേരുന്നു"

"ഊം..ദാ"

എന്റെ നേരെ അയാള്‍ പത്തു രൂപ വെച്ച് നീട്ടി. മഴതുള്ളി വീണു അത് നനഞ്ഞു തുടങ്ങും മുന്‍പേ പണം തട്ടി പറിച്ചേന്നോണം ഓടുകയായിരുന്നു ഞാന്‍. രണ്ടാപ്പിളിനു പകരം നനഞ്ഞ പത്തു രൂപവെക്കുമ്പോള്‍ കടക്കാരന്‍, "ഇപ്പോഴാണോ പൈസ എടുക്കാന്‍ ഓര്‍ത്തെ"

ഒന്നും പറയാതെ ഞാന്‍ ആശുപത്രിയിലേക്കോടി. മനസ് സന്തോഷം കൊണ്ട് തുള്ളി ചാടുകയാണ്. എങ്ങിനെ എങ്കിലും ഓടി എത്തി ഡാഡിയുടെ കയില്‍ ഇത് വെച്ച് കൊടുക്കണം. ദൂരം കൂടി കൂടിവരുന്നത് പോലെ ഉണ്ട്. എങ്കിലും ഞാന്‍ ഓട്ടം നിര്‍ത്തിയില്ല. കിതച്ചു കൊണ്ട് ഡാഡിയുടെമുന്നിലെത്തുമ്പോള്‍ അവിടെ മമ്മിയും ഡോക്ടറും ഉണ്ട്.

"ഹാ മോന്‍ കൊള്ളാമല്ലോ. ആപ്പിളൊക്കെ ആയിട്ടാണല്ലോ അച്ഛനെ കാണാന്‍ വരവ്."

"മൂത്ത മോനാ. പത്താം ക്ളാസാ."

"ഊം നന്നായി പഠിക്കൂ" ഡോക്ടര്‍ പോയി. ഡാഡി എന്റെ മുഖത്തേക്ക് നോക്കി.

"കാശെവിടുന്നു കിട്ടി? ചന്ദ്രന്റെ കടേല് നിന്നോ?"

"ഇല്ല"

"പിന്നെ"

"ഓണയോണ്ട് ജോലി ഒന്നും കിട്ടീല. . സുനിചേട്ടന്‍ തന്നു"

രണ്ടാപ്പിളുകള്‍ ഒന്നുമല്ലായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. 20 ദിവസത്തിലധികംആഴുപത്രിയില്‍ കിടന്ന ഡാഡിക്ക് അത് ഒന്നുമായിട്ടുണ്ടാവില്ല. പക്ഷെ അന്ന് ഞാന്‍ അനുഭവിച്ചസന്തോഷം...ലോകം കീഴടക്കിയത് പോലെയാണ് ഞാന്‍ തിരികെ പോന്നത്. പക്ഷെ...

പിറ്റേന്ന് രാവിലെ മമ്മി പറഞ്ഞു.

"മോനെ..പിന്നെ...സുനി ചേട്ടനോട് ഇനി കാശൊന്നും ചോദിക്കണ്ട കേട്ടോ. അവന്റെ ജോലിപോയിട്ട് കുറച്ചായി. പുറത്തു പറയാഞ്ഞിട്ടാണ്."

എന്നെ അത് നോവിപ്പിച്ചു. കാശ് ചോദിച്ചപ്പോള്‍ ഇല്ല എന്ന് പറഞ്ഞതിന് മനസ്സില്‍ഞാനെന്തൊക്കെ അയാളെ പറഞ്ഞു. പാവം. മഴയത്ത് എന്റെ അലച്ചിലില്‍ മൌനമായിഎന്നെക്കാളേറെ ദൂരം അയാള്‍ നടന്നു കാണണം. രണ്ടാപ്പിളുകള്‍ക്ക് വേണ്ടി. എന്നെക്കാള്‍ മുന്‍പേമഴത്തുള്ളികള്‍ വീണ പത്തു രൂപ കൊണ്ട് ലോകം കീഴടക്കിയത് അയാള്‍ ആണ്.


4 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

:(

ഒന്നും പറയാനില്ല..

ഹനീഫ് പറഞ്ഞു...

അരുണ്‍.....കണ്ണു നിറഞ്ഞു വന്നതാ......അപ്പൊഴാ അതു വായിച്ചതു...
“ലോകം കീഴടക്കിയത് പോലെയാണ് ഞാന്‍ തിരികെ പോന്നത്.“........സന്തോഷം വായനക്കാരനിലെത്തുന്നതിനു മുമ്പെ സുനിച്ചേട്ടന്‍ തട്ടിക്കൊണ്ടു പൊയി......ശരിയാണു....അതിനും മുമ്പെ മഴത്തുള്ളികള്‍ വീണ... പത്തു രൂപ കൊണ്ട് ലോകം കീഴടക്കിയത് സുനിച്ചേട്ടന്‍ ആണു.....

നന്നായിരിക്കുന്നു.....അഭിനന്ദനങ്ങള്‍.......!!!!!ഇനിയും എഴുതുക..ദൈവം അനുഗ്രഹിക്കട്ടെ....!!!

കാട്ടിപ്പരുത്തി പറഞ്ഞു...

അരുണിന്റെ അനുഭവങ്ങള്‍ക്ക് പൊള്ളുന്ന ചൂടുണ്ട്, ആ തീകള്‍ ചാടി കടന്നതിലാകണം വര്‍ത്തമാനത്തിനു സ്നേഹത്തിന്റെ ഉറവയുള്ളത്.

പാവപ്പെട്ടവൻ പറഞ്ഞു...

ഇത് അനുഭവമാണോ കഥയാണോ നനവുണ്ട്