ശനിയാഴ്‌ച, ജൂൺ 20, 2009

ഒരു മോതിരവും അന്‍പത് പൈസയും

പ്രീഡിഗ്രി അത്ര സുഖമുള്ളതല്ല എന്നു തോന്നിത്തുടങ്ങിയ ദിവസങ്ങള്‍, നരകത്തിലേക്ക് വരുമ്പോലെയാണു ഓരോദിവസവും ക്ലാസിലെത്തുന്നത്. ക്ലാസില്‍ പറയുന്നതൊന്നും മനസിലാകുന്നില്ല. ചുറ്റുമിരിക്കുന്ന 108 മുഖങ്ങള്‍ക്കിടയില്‍ സ്നേഹത്തോടെ നോക്കുന്ന മുഖങ്ങള്‍ എത്ര വിരളം. മിക്കവയും നഗരത്തിന്റെ മുഖം മൂടികള്‍.

തേവര സേക്രട്ട് ഹാര്‍ട്സിലേക്ക്, ഐക്കഫ് ക്യാമ്പിനു വേണ്‍ടി, ഡിന്‍സന്റെയും ടെറ്റ്ലാറിന്റെയുമൊപ്പം ബസുകയറുമ്പോള്‍ ദുഷിച്ചു തുടങ്ങിയ ദിവസങ്ങളില്‍ നിന്നൊരു മോചനം മാത്രമായിരുന്നു മനസ്സില്‍. എവിടെയും ജാഡയുടെ മുഖങ്ങള്‍ ക്യാമ്പിനെത്തിയവരുടെ ഇടയിലും. ഒരു കട്ടന്‍ ചായ കുടിക്കാമെന്നു കരുതി ഞാന്‍ പുറത്തേക്കിറങ്ങി.

"എങ്ങോട്ട് പോകുന്നു?"

ചിത്രശലഭത്തെപ്പോലെയൊരു പെണ്‍കുട്ടി.

"ഒരു ചായ കുടിക്കാന്‍"

"ഇവിടെ അടുത്ത് കാന്റീനുണ്‍ടല്ലോ?"

"വേണ്‍ട. പുറത്തൊരു ചായ്പ്പ് കട കണ്‍ടു. അതാ ശീലം."

"നോക്കു. ക്യാമ്പ് തുടങ്ങാന്‍ സമയായി. നിങ്ങളിങ്ങനെ ഓരോരുത്തരായി ഓരോ വഴിക്കു പോയാല്‍, ബാക്കിയുള്ളവര്‍ക്ക് ബുദ്ധിമുട്ടാകും"

"ഞാനൊരാള്‍ എന്തു ബുദ്ധിമുട്ടുണ്‍ടാക്കാന്‍?"

"പ്ലീസ്, നിങ്ങള്‍ ഹാളിലേക്ക് ചെല്ലൂ. എന്നിട്ട് ബ്രേക്കിനു പുറത്തു പോയിക്കോളൂ."

എനിക്കവളുടെ സംഭാഷണം തീരെയിഷ്ടമായില്ല. ഇവിടെയും സ്വസ്ഥത തരില്ലേ എന്ന ചോദ്യം മനസില്‍ ചവച്ചു തുപ്പി അവളുടെ പിന്നാലെ ഹോളിലേക്ക് നടന്നു.

"എന്താ പേരു?"

"സീപി"

"ഏത് കോളേജീന്നാ?"

"ആല്‍ബര്‍ട്സ്"

"ഓഹ്. കണ്‍ടിട്ടുണ്‍ട്"

"എന്നെയോ?"

"അല്ല, നിങ്ങളുടെ കോളേജിന്റെ പേരു ബസിന്റെ ചില്ലിലൊക്കെ എഴുതി വെച്ചിരിക്കുന്നത്." അവളുടെ മുഖത്ത് പുച്ഛഭാവം.

എന്നെ അതു ചൊടിപ്പിച്ചു. ആല്‍ബെര്‍ഷ്യന്‍ എന്നതില്‍ എനിക്കെന്നും അഭിമാനമാണു. അതിനെ അവള്‍ മുറിവേല്‍പിച്ചത് അവളോടുള്ള ഈര്‍ഷ്യ വര്‍ദ്ധിപ്പിച്ചു.

"എന്താ നിന്റെ പേര്?"

"നിന്റെ" എന്നു മനപ്പൂര്‍വ്വം അവളെ ചൊടിപ്പിക്കാന്‍ തന്നെ വിളിച്ചതാണു.

"റോസ്" അവള്‍ ചിരിച്ച് കൊണ്‍ട് പറഞ്ഞു.

"ഹ്മ്മ്.. കോളേജില്‍ തന്നെയായിരിക്കും അല്ലെ?"

"അതേ"

ഹാളില്‍ എന്റെ അടുത്തുള്ള കസേരയില്‍ അവളിരുന്നു. അവിടെ വേറെ കസേര ഇല്ലായിരുന്നു.

എന്തുകൊണ്‍ട് ഐക്കഫ് ക്യാമ്പുകള്‍ എനിക്കിഷ്ടപ്പെട്ടു എന്നതിനു ഒരുത്തരമേ എന്നും എനിക്കുള്ളു. അതു പ്രത്യക്ഷമായിക്കാണുന്ന സമത്വമാണു. പരോക്ഷമായി എങ്ങനെയെന്നെനിക്കറിയില്ല. എങ്കിലും എല്ലാവരുടെയും മുഖം കണ്‍ടു കൊണ്‍ടിങ്ങനെ വൃത്താകരത്തിലിരിക്കുന്ന കൂട്ടത്തിനു എന്തൊ ഒരു പുതുമയും സൗന്ദര്യവുമുണ്‍ട്.

"ഒന്നായ് മുന്നേറാം ഒന്നായ് മുന്നേറാം
ഒന്നായ് മുന്നേറാമിന്നു"

എല്ലാവരുമെഴുന്നേറ്റു നിന്ന് ഗാനമാലപിച്ചു കൊണ്‍ടിരിക്കുകയാണു. ഒറ്റപ്പെട്ടു തുടങ്ങിയ ജീവിതത്തിന്റെ തുരുത്തില്‍ നിന്നു എന്റെ മനസിനേയുമപഹരിച്ച് പാട്ട് എന്നെ സുന്ദരമായൊരു ലോകത്തിലേക്ക് കൂട്ടിക്കൊണ്‍ടു പോകുകയാണു. നടുക്കു നിന്ന് ആലാപനത്തിനു നേതൃത്വം നല്‍കുന്നയാള്‍ എല്ലാവരും കൈകള്‍ കോര്‍ത്തു പിടിക്കുവാന്‍ പറഞ്ഞു. റോസിന്റെ കൈയില്‍ നിന്നു എന്റെ കൈയിലേക്ക് ഒരു പാട് ദൂരമുള്ളത് പോലെ എനിക്ക് തോന്നി. അതെന്റെ മനസിലുള്ള അകലമാണു. ഒരു ഭാവ വ്യത്യാസവുമില്ലാതെ അവളെന്റെ കൈയില്‍ കടന്നു പിടിച്ചു സൌഹൃദം കൊണ്‍ട് കോര്‍ത്തു വെച്ചു. എന്റെ കൈകള്‍ വഴുക്കുന്നത് പോലെയൊ വിയര്‍ക്കുന്നത് പോലെയൊ എനിക്ക് തോന്നി.

പുറത്ത് വെളിച്ചം മങ്ങിയിരുന്നു. ബ്രേക്കിനു ഞാന്‍ കോലായില്‍ വന്നു നിന്നു.

"ചായ കുടിക്കാന്‍ പോകാനുള്ള പുറപ്പാടിലാണൊ?" റോസാണു.

"അല്ല. അതിവിടെ നിന്നും കിട്ടിയല്ലൊ?

" വേരുതെ നില്‍ക്കുന്ന നേരത്തിനു ആരെയെങ്കിലും പോയി പരിചയപ്പെടരുതോ,അതോ ജാഡയാണൊ?"

"അങ്ങിനെയൊന്നുമില്ല. പരിചയപ്പെടാന്‍ തോന്നിയില്ല"

"നല്ല കോമ്പ്ലെക്സുള്ള ആളാണല്ലെ?"

ഇന്‍ഫീരിയൊരിറ്റി കോമ്പ്ലക്സ്..അപകര്‍ഷതാ ബോധം. എന്റെ നിറത്തെ ഓര്‍ത്ത്, സൗന്ദര്യക്കുറവിനെയോര്‍ത്ത്, പണമില്ലാത്തതിനെയോര്‍ത്ത്, അംഗീകാരം കിട്ടാത്തതിനെയോര്‍ത്ത്, ഐഡന്റിറ്റിയില്ലാത്തതിനെയോര്‍ത്ത്. അപകര്‍ഷതാബോധത്തിന്റെ മൂര്‍ച്ിച്ച് രൂപമെന്റെ മനസ്സിനെ അടക്കി വാഴുകയാണു. മനസിനകത്ത്. പക്ഷെ അതിവളെന്തിനു കാണുന്നു.

"എന്താ ആലോചിക്കുന്നത്?"

"ഒന്നുമില്ല".

"കോമ്പ്ലക്സുള്ള ആളാണെന്നു എനിക്കെങ്ങിനെ മനസിലായി എന്നല്ലേ. മീനിനെപിടിക്കുന്ന പോലെ അറച്ചറച്ചെന്റെ കയ്യില്‍ പിടിച്ചപ്പോള്‍ തന്നെയെനിക്കു തോന്നിയതാ അത്...വരു എന്റെ ഫ്രെണ്ട്സിനെ പരിച്ചപ്പെടാം"

അവളോടൊപ്പം ഞാന്‍ നടന്നു. അവള്‍ക്കറിയാവുന്നവരെയൊക്കെ എന്നെ പരിചയപ്പെടുത്തി. അങ്ങിനെ എനിക്കു ചുറ്റും ചില മാലാഖമാര്‍ നിറഞ്ഞു. ചേച്ചിയെന്നു പൂര്‍ണ്ണമായ് അര്‍ത്ഥത്തില്‍ ഞാന്‍ പിന്നീട് വിളിച്ച ഡെന്‍സിച്ചേച്ചി, അഭൌമമായ പ്രഭാവലയത്തില്‍ പരിലസിച്ചിരുന്ന ഫാത്തിമാബീവി, പിന്നെ വാക്കു കൊണ്‍ട് ഉചിതമായ ചിന്തകള്‍ സൃഷ്ടിച്ച രജീഷ്, നല്ല പാട്ടുകള്‍ പാടിയിരുന്ന ശരത്. എന്റെ ഒറ്റപ്പെട്ട ദ്വീപില്‍ ആളനക്കവും ചിരിയും, കളികളും ചെറിയ കരച്ചിലുകളുമുയരുന്നത് ഞാനറിഞ്ഞു.

ജീവിതത്തിലെ രണ്‍ട് നല്ല മദ്ധ്യാഹ്നങ്ങളില്‍, ഞങ്ങള്‍ കായലിനരികിലിരുന്നു സംസാരിച്ചു. ഞാന്‍ പറയുന്നത് മാത്രം കേട്ടു കൊണ്‍ട് അവളിരുന്നു.

"റോസ്. നീ നല്ലൊരു പൂവാണു. ഓരോരുത്തരുടെയും പൂന്തോട്ടത്തില്‍ വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന പൂവ്"

അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. "നിന്റെ വാക്കുകള്‍ വായിക്കുവാനും, കേള്‍ക്കുവാനും നല്ല രസമാണ്. നീ ഇതൊക്കെ എഴുതി വെക്കണം. ആരെങ്കിലും വായിക്കുമെന്നു കരുതി വേണ്ട. അല്ലാതെയും എഴുതാം. നിന്റെ വാക്കുകള്‍ക്ക് നല്ല ജീവനുണ്ട്. ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍"

രണ്ടും രാത്രികളും പകലുമായി ക്യാമ്പ് തീര്‍ന്നുപോയി. മടങ്ങുമ്പോള്‍ അവളുടെ കയ്യില്‍ കിടന്നിരുന്ന പിരിയന്‍ മോതിരം അവളെനിക്കു തന്നു.

"ഇതു നീയെന്നെ എപ്പോഴും ഓര്‍ക്കുവാനാണ്."

ഞാന്‍ പോക്കറ്റില്‍ പരതി. ഒരന്‍പതു പൈസയുടെ തുട്ട്. അതു ഞാനവള്‍ക്ക് കൊടുത്തു.

"നീയും എന്നെ മറക്കാതിരിക്കട്ടെ"

പിന്നീടൊരുപാട് നാളുകള്‍...ഞങ്ങള്‍ പരസ്പരം കണ്ടില്ല. ഡെന്‍സിച്ചേച്ചിയുടെ ചേച്ചിയുടെ വിവാഹത്തിനു അവളും കാണുമെന്ന് ഞാന്‍ കരുതി.

അപ്പൊഴേക്കും അവള്‍ തന്ന മോതിരം എന്റെ കയ്യില്‍ നിന്നു നഷ്ടപ്പെട്ടിരുന്നു. എങ്കിലും അതു പോലൊന്നു കടയില്‍ നിന്നു വാങ്ങി സോപ്പുവെള്ളത്തിലിട്ടു വെച്ച് അതിന്റെ പൊലിമ മങ്ങി പഴമ തോന്നും വിധമാക്കി, ഞാന്‍ വിവാഹത്തിനു പോയി. റോസ് വന്നിരുന്നില്ല.

എന്റെ ഡിഗ്രിയുടെ അവസാന വര്‍ഷം ഒരു മിന്നായം പോലെ അവള്‍ മുന്നില്‍ വന്നു. കാലം മനുഷ്യനില്‍ മാറ്റമുണ്‍ടാക്കാം, പക്ഷെ ഇത്രയും പാടില്ല. ഒരു പൂമ്പാറ്റയെ പോലെ പാറി നടന്നിരുന്ന റോസ്. വര്‍ണ്ണവും വസന്തവും പൂക്കളില്‍ നിന്നു പൂക്കളിലേക്ക് പകര്‍ന്നു നടന്നിരുന്ന റോസ്. അവളാകെ മാറിയിരിക്കുന്നു. നരച്ച, റൌണ്ട് നെക്ക് ഫുള്‍ സ്ളീവ് ചുരിദാര്‍. മുഖത്ത് വെല്ലാത്ത മങ്ങല്‍.

"റോസ്, എന്നെ മനസിലായോ?"

അവളെന്നെ സൂക്ഷിച്ചു നോക്കി.

വാനിറ്റി ബാഗ് തുറന്ന് ഒരന്‍പതു പൈസയുടെ തുട്ട് അവളെന്നെ കാണിച്ചു. എന്റെ കയില്‍ പകരം കാണിക്കാന്‍ മോതിരമുണ്‍ടായിരുന്നില്ല. അതേക്കുറിച്ചവള്‍ ചോദിച്ചതുമില്ല.

"നീ ഇവിടെ?"

"ഇവിടെ അടുത്തൊരു ഓള്‍ഡ് എയ്ജ് ഹോമുണ്‍ട്. അഴ്സിമേഴ്സ് പിടിച്ചവരാണധികവും. അവിടെ വന്നതാണു. നീ എന്തു ചെയ്യുന്നു."

"ഞാന്‍ ഡിഗ്രി ഫൈനല്‍ ഇയറാണു."

"ശെരി. ഞാന്‍ പോട്ടെ. അല്‍പം തിരക്കിലാണു."

"നിന്റെ അഡ്രസ്സ്?"

അവള്‍ പതിയെ ചിരിച്ചു

"ഒരഡ്രസ്സുമില്ലാതെ നമ്മള്‍ വീണ്‍ടും കണ്ടില്ലെ. ഇനിയെന്നെങ്കിലുമിതു പോലേ കാണാം"

അവള്‍ നടന്നകന്നു. ഒരു നൂറായിരം ചോദ്യങ്ങള്‍ എനിക്കു മാത്രം വിട്ടു തന്നു കൊണ്ട്. അല്‍പദൂരം നടന്നു അന്‍പതു പൈസ അവളെന്നെ ഉഅയര്‍ത്തിക്കാണിച്ചു. മോതിരമില്ലാതിരുന്ന എന്റെ കൈകള്‍ വീശി അവളെ ഞാന്‍ യാത്രയാക്കി.

എന്റെ ജീവിത്തില്‍ അവളെ രണ്‍ടു തവണ മാത്രമേ കണ്ടിട്ടുള്ളൂ. ഒന്നു നിറമൊള്ളൊരു വസന്തകാലത്തും, പിന്നെയാ ഇല പൊഴിഞ്ഞു കൊണ്ടിരുന്ന സായന്തനത്തിലും. എന്റെ വഴികളില്‍ കെടാതെയൊരു തിരി കത്തിച്ച് വെച്ച് അവള്‍ നടന്നുപോയി. റോസ് അന്‍പത് പൈസ നീയിപ്പൊഴും സൂക്ഷിക്കുന്നുവോ?

5 അഭിപ്രായങ്ങൾ:

എ.സി.പി. പറഞ്ഞു...

“റോസ്. നീ നല്ലൊരു പൂവാണു. ഓരോരുത്തരുടെയും പൂന്തോട്ടത്തില്‍ വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന പൂവ്”

റോഷ്|RosH പറഞ്ഞു...

ഇതൊക്കെ ഒരിജിനലുകള് തന്നെ? നല്ല എഴുത്ത്..

kichu / കിച്ചു പറഞ്ഞു...

എഴുതിയതു പലവട്ടം വായിക്കൂ.. ഓരോ തവന വായിക്കുമ്പോഴും തിരുത്തലുകള്‍ നടക്കും, കൂടുതല്‍ ഭംഗിയാകും. എന്നിട്ട് മാത്രം പോസ്റ്റ് ചെയ്യൂ..

:)

അജ്ഞാതന്‍ പറഞ്ഞു...

അകലെയനെങിലും അറിയുന്നു ഞാന്‍ നിന്റെ കരളളാനതിന്റെ മധുര സ്പര്‍ശം.....

Unknown പറഞ്ഞു...

The words that Rose told about ur words are true