ശനിയാഴ്‌ച, ജൂലൈ 02, 2011

പ്രീഡിഗ്രിയിലേക്ക്‌ ഒരു പത്ത്‌ രൂപ കൂടി

മറൈന്‍ഡ്രൈവിലെ കെട്ടുകല്ലില്‍ ചാഞ്ഞുകിടന്നപ്പോള്‍ പോക്കറ്റില്‍ കിടന്ന ഇരുപത്തഞ്ച് പൈസ നെഞ്ചിലൂടെ ഇഴുകി ഇടത് ചെവിയുടെ അരികില്‍ ഒരു ശബ്ദത്തോടെ വന്നു വീണു. അതെടുത്ത്‌ വീണ്ടും പോക്കറ്റില്‍ ഇടണോ വേണ്ടയോ എന്ന് കുറെ നേരം ആലോചിച്ചു. പിന്നെ ചുവന്ന പൂക്കള്‍ വിടര്‍ത്തി നിന്ന വാകമരത്തിന്റെ കൊമ്പുകളില്‍ ഉടക്കി കീറിപ്പോയ ആകാശത്തെ നോക്കി കിടന്നു.

നല്ല വിശപ്പ്‌.

***

അത് ഞാന്‍ പ്രീഡിഗ്രി എഴുതിയെടുക്കാം എന്ന് തീരുമാനിച്ച കാലമായിരുന്നു. സെക്കന്‍റ് ഇയര്‍ എക്സാം അത് വരെ എഴുതിയിരുന്നില്ല. രാരി(അപ്പന്‍) നിലപ്പുറത്ത് നിന്നും വീണ് തോളെല്ല് പൊട്ടി കിടപ്പായപ്പോള്‍ പ്രീഡിഗ്രി ഉപേക്ഷിച്ചു. കുറിയര്‍ ബോയ്‌, ടീ ബോയ്‌, കല്പണി, മാര്‍ബിള്‍ പണി ഒക്കെ ആയി കാശുണ്ടാക്കാന്‍ കഴിയുന്ന ഏതുമാന്യമായ ജോലിയുടെയും പിറകെ പോയി... എക്സാം എഴുതാം എന്ന് തീരുമാനിച്ച സമയത്ത്‌ ഞാന്‍ വയനാട്ടിലെ വൈത്തിരിയില്‍ ആയിരുന്നു. അംബിചേട്ടന്റെ കൂടെ മരപ്പണി പഠിക്കാന്‍.

"ചെക്കാ! അന്റ കൊച്ചീന്ന് ഫോണ്‍ വന്നി. ഇയ്‌ ബെയ്ക്കനെ പൊറപ്പെട്ടോളീ"

താഴെ പാടിയില്‍ ആയിരുന്നു അന്നത്തെ പണി. ജോലി കഴിഞ്ഞ് മുകളില്‍ എത്തിയപ്പോഴാണ്  മാനേജര്‍ വിവരം പറഞ്ഞത്‌.

"എന്ത് പറ്റി ഇക്കാ?"

"അന്റെ പരൂഷ കല്ലാസ്‌ തിര്യേ പോന്നൂന്ന്‍, പോരെലോട്ടൊന്നു ബിളി"

വീടിനടുത്തുള്ള നിഷയുടെ വീട്ടിലേക്ക്‌ ഞാന്‍ വിളിച്ചു. സംഭവം ശരിയാണ്. എക്സാമിന് അയച്ച ആപ്ലിക്കേഷന്‍ മടങ്ങി വന്നു. കാരണം എന്താണ് എന്നറിയില്ല.

അന്ന് വൈകീട്ട് തന്നെ വീട്ടിലേക്ക്‌ തിരിച്ചു. മെസ്, പറ്റുവാങ്ങിയ കാശ് ഒക്കെ ഒഴിവാക്കിയാല്‍ എനിക്ക് തരാന്‍ ഒന്നുമില്ല. എങ്കിലും അംബിചേട്ടന്‍ അഞ്ഞൂറ് രൂപ കടം വാങ്ങി തന്നു.

"കടലാസോക്കെ നേരെയാക്കാന്‍ എന്തേലും ചെലവ് വരും, ഇതിരിക്കട്ടെ." എന്ന് പറഞ്ഞ് അയാള്‍ എന്റെ പോക്കറ്റില്‍ തിരുകി വെച്ചു.

ആ രാത്രി തന്നെ കുന്നിറങ്ങി ഞാന്‍ കൊച്ചിക്ക്‌ പുറപ്പെട്ടു.

***

ആകെ പ്രശ്നം. പിന്നോക്കവിഭാഗത്തിന്റെ കീഴില്‍ ഞാന്‍ കൊടുത്ത ഫീസിളവിനുള്ള അപേക്ഷ ഫസ്റ്റ് ഇയര്‍ മുതല്‍ പാസായിട്ടില്ല. എന്തൊക്കെയോ പ്രശ്നം കൊണ്ട് അപേക്ഷ തള്ളിപ്പോയിരുന്നു. ഇനി ഫസ്റ്റ് ഇയര്‍ മുതലുള്ള ഫീസ്‌ അടക്കണം, അത് കൂടാതെ സെക്കന്റ് ഇയറില്‍ ആവശ്യത്തിന് അറ്റന്‍ഡന്‍സ്‌ ഉണ്ട് എന്ന് പ്രിന്‍സിപ്പാള്‍ സാക്ഷ്യപ്പെടുത്തണം. എന്റെ അവസ്ഥയറിഞ്ഞപ്പോള്‍ അറ്റന്‍ഡന്‍സ് ക്ലിയറന്‍സ്‌ തരാമെന്ന് പ്രിന്‍സിപ്പാള്‍ സമ്മതിച്ചു. ഫീസ്‌ പക്ഷെ അടക്കേണ്ടി വരും, അതും രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍, ഏകദേശം രണ്ടായിരത്തില്‍ പരം രൂപാ.

കോളേജില്‍ നിന്നിറങ്ങുമ്പോള്‍ എക്സാം എഴുതണ്ട എന്ന് തീരുമാനിച്ചു. വീട്ടിലെ അവസ്ഥ കൂടി നോക്കിയാല്‍ രണ്ടായിരം രൂപ ഉണ്ടാക്കാന്‍ നില്‍ക്കുന്ന നേരത്തിനു തിരികെ വയനാട്ടിലേക്ക്‌ തിരിച്ചു പോവാം എന്ന് കരുതി. എന്തായാലും ആ തവണ പരീക്ഷ എഴുതാന്‍ കഴിയില്ല. അല്ലെങ്കില്‍ തന്നെ പഠിക്കാതെ എത്ര പേര്‍ ജീവിക്കുന്നു. ഇത്രെയും വരെ പഠിക്കാന്‍ കഴിഞ്ഞത് വലിയ കാര്യം എന്ന് സ്വയം ആശ്വസിച്ച് ഞാന്‍ ഒരിക്കല്‍ കൂടി കോളെജിലേക്ക് തിരിഞ്ഞു നോക്കി.

ST. ALBERT'S COLLEGE മൂന്നു വര്‍ഷം മുന്‍പ്‌ കണ്ട അതേ പ്രൌഡിയോടെ പച്ചനിറത്തിലെ അക്ഷരങ്ങള്‍.

***

എന്റെ ജീവിതത്തില്‍ പലപ്പോഴും തോറ്റുപോകുന്നു എന്ന് കരുതി തുടങ്ങുന്നയിടത്ത് നിന്നാണ് ദൈവം പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. ദൈവമില്ല എന്ന് കരുതുന്നവര്‍ക്ക് അതെങ്ങിനെയാണ് എന്നറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം അങ്ങിനെ ഒരു ദൈവമായിട്ടാണ് ഐസക്‌ കുരിശിങ്കലച്ചന്‍ മുന്നില്‍ വരുന്നത്. കാറിലും ബൈക്കിലും അച്ചന്മാര്‍ പായുന്ന കാലത്തും തന്റെ ഹെര്‍ക്കുലീസ് സൈക്കിള്‍ ചവിട്ടി അച്ചന്‍ എന്റെ മുന്നില്‍ വന്നു നിന്നു.

"പരീക്ഷ എഴുതാന്‍ വന്നതാ അല്ലെ?"

അച്ചന് എല്ലാ കാര്യങ്ങളും അറിയാം.

"അല്ലച്ചോ, അത് ആകെ പണിയാ. ഞാന്‍... ഇനി പിന്നെ എഴുതാം."

"ഊം.. ഈ പടിത്തം നിര്‍ത്തി ജോലിക്ക് പോകുന്ന എല്ലാവര്ക്കും പറ്റുന്ന പണിയാ ഇത്. പിന്നെ പടിത്തോം പരീക്ഷേം നടക്കില്ല."

"അതല്ലച്ചാ.." ഞാന്‍ അദ്ദേഹത്തോട്‌ കാര്യം പറഞ്ഞു. ഇന്ന് രണ്ടായിരം എന്നത് വലിയ തുകയാണോ എന്നറിയില്ല. ഞാന്‍ പറയുന്നത് പത്ത്‌ പന്ത്രണ്ട് വര്‍ഷം മുന്‍പുള്ള കാര്യമാണ്.    

"എന്തായാലും രണ്ടൂന്നീസം ഇല്ലേ, അതിനിടയില്‍ എന്തെങ്കിലും ചെയ്യാന്‍ നോക്കാം. ഞാനും കുറച്ചു കാശ് തരാം. വൈകീട്ട് മേടയിലെക്ക് വരൂ. നിനക്കും അറിയാവുന്നോരോട് ചോദിക്ക്."

അച്ചന്‍ സൈക്കിള്‍ ചവിട്ടി നീങ്ങി. റോഡിനരികില്‍ ഉള്ള കലുങ്കില്‍ ഞാനിരിന്നു, ആരോട് ചോദിക്കണം എന്നാലോചിച്ച്. അംബി ചേട്ടന്‍ തന്ന പൈസയില്‍ മുന്നോറോളം രൂപ ബാക്കിയുണ്ട്. പിന്നെ ചോദിക്കാന്‍ പറ്റുന്നവര്‍ എന്റെ സ്കൂളിലെ ടീച്ചര്‍മാരാണ്. ഞാന്‍ നേരെ മരിയാ ടീച്ചറിന്റെ വീട്ടിലേക്ക്‌ വെച്ചടിച്ചു. സ്കൂളില്‍ പഠിച്ചിരുന്നപ്പോഴും പിന്നീടും ഒരുപാട് സഹായിച്ചിരുന്നവരാണ് മരിയാ ടീച്ചര്‍. ഒരുപക്ഷെ ഞാന്‍ പരീക്ഷ എഴുതേണ്ട എന്നാണു വിധി എന്ന പോലെ, ടീച്ചറിന്റെ വീടിന്റെ ഗേറ്റ് അടഞ്ഞുകിടന്നു.

പിന്നെ മറ്റൊരു ടീച്ചറിന്റെ വീട്ടിലേക്ക്‌. അടുത്ത ദിവസം വരാന്‍ പറഞ്ഞു. എനിക്കൊരു ചെറിയ ആശ്വാസം തോന്നി. സന്ധ്യയായി തുടങ്ങിയപ്പോള്‍ ഞാന്‍ പള്ളി മേടയിലേക്ക്‌ നടന്നു. ഐസക്കച്ചന്‍ ഈവനിംഗ് പ്രേയറിലാണ്. ഞാന്‍ പള്ളിയുടെ വട്ടക്കല്ലില്‍ ചെന്നിരുന്നു.

പ്രാര്‍ത്ഥന കഴിഞ്ഞ് അച്ചന്‍ വിളിച്ചു. 250 രൂപയും ഒരു ലെറ്ററും തന്നു. ഒപ്പം ഏതൊക്കെ വീട്ടില്‍ കൊണ്ട് പോയി ആ ലെറ്റര്‍ കാണിക്കണം എന്നും പറഞ്ഞു.

അതുമായി ഞാന്‍ വീടുകള്‍ കയറി ഇറങ്ങി, ചിലര്‍ ചിരിയോടും ചിലര്‍ ഗൌരവത്തോടും നൂറും അന്‍പതും ഇരുന്നൂറുമൊക്കെ തന്നു. വെള്ളപ്പൊക്ക കെടുതിയുടെ കത്തുമായി വീടിന് വാതിക്കല്‍ വന്നുനില്‍ക്കുന്നവരെ പോലെ ഞാന്‍ അവരുടെ മുന്നില്‍ തലകുനിച്ച് നിന്നു. പിന്നെ നന്ദി പറഞ്ഞ് ഓരോ പടിയും ഇറങ്ങി.

അച്ചന്‍ പറഞ്ഞ വീടുകളുടെ എണ്ണം തീര്‍ന്നപ്പോള്‍ കൈയിലുള്ള കാശ് എണ്ണി നോക്കി. അംബി ചേട്ടനും, അച്ചനും തന്നതടക്കം ആയിരത്തി അറുന്നൂറു രൂപ. ബാക്കിയുള്ള കാശ് ഒരുപക്ഷെ ടീച്ചര്‍ തരും എന്ന പ്രതീക്ഷയില്‍ ഞാന്‍ വീട്ടിലേക്ക്‌ നടന്നു.

***

"ഇപ്പൊ പലരും ഇങ്ങനെ വരണെണ്ട് അരുണേ... ബീഡിക്കും കഞ്ചാവിനും കാശ് തികയാതെ വരുമ്പോ ഇങ്ങനെ ഓരോ കാരണം പറഞ്ഞിറങ്ങും."

അടുത്ത ദിവസം കാശ് തരാം എന്ന് പറഞ്ഞ എന്റെ പ്രിയപ്പെട്ട ടീച്ചറിന്റെ മറുപടി ഈ വരി ഏഴുതുമ്പോള്‍ പോലും എന്റെ കണ്ണ് നനക്കുന്നു. അവര്‍ പറഞ്ഞതില്‍ തെറ്റൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ഞാന്‍ അങ്ങിനെ ചെയ്യും എന്ന് ടീച്ചര്‍ കരുതിയത്‌ എന്നെ വേദനിപ്പിച്ചു. ആ വേദന മുന്നിലെക്കുള്ള എന്റെ വഴി മറച്ച് കണ്ണുകളില്‍ നിറഞ്ഞു നിന്നു.

പക്ഷെ ഒരത്ഭുതം കൂടി ബാക്കി വെച്ച് എന്നെ ഒരാഴ്ച മാത്രം പഠിപ്പിച്ചിട്ടുള്ള ജെസി ടീച്ചര്‍ ബാക്കിയുള്ള കാശ് തന്നു. അതുമായി നേരെ ഞാന്‍ കോളേജിലേക്കാണ് പോയത്‌.

"ഇനി ഇവിടെ ഫീസ്‌ അടക്കാന്‍ പറ്റില്ല മോനെ, നേരെ യുണിവേഴ്സിറ്റിയില്‍ പോണം."

അപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. അടുത്ത ആഴ്ച പരീക്ഷ തുടങ്ങും. കോളേജിലെ ക്ലെര്‍ക്ക്‌ ഇത് പറയുമ്പോള്‍ വ്യാഴാഴ്ചയായിരുന്നു. മുന്നില്‍ ഒരു വെള്ളിയാഴ്ച മാത്രം. അത് ജീവിതത്തിലെ തന്നെ ഒരേ ഒരു വെള്ളിയാഴ്ച ആണെന്ന് എനിക്ക് തോന്നി.

***

"ഇനി അറുപത് രൂപ കൂടെ വേണം"  എം ജി യുണിവേഴ്സിറ്റിയുടെ ഫീസ്‌ കൌണ്ടറില്‍ ഇരുന്നയാളെ ഞാന്‍ തുറിച്ച് നോക്കി.

"ഫൈന്‍ ഉണ്ട്. അറുപതു കൂടി ഉണ്ടെങ്കിലെ പറ്റൂ." ഞാന്‍ പോക്കറ്റില്‍ കൈയിട്ടു നോക്കി. മുപ്പത്തി രണ്ടു രൂപ കൂടിയുണ്ട്. തിരികെ ഏറണാകുളത്ത് എത്താന്‍ ഇരുപതു രൂപ വേണം. പിന്നെ അവിടെ നിന്നും വീട്ടിലേക്ക്‌ രണ്ടു ബസ് കൂലി, ഒരു ബോട്ട് കൂലി. എനിക്ക് വല്ലാതെ സങ്കടം വന്നു. കണ്ണുകള്‍ കനച്ചു.

ഫീസ്‌ കൌണ്ടറില്‍ നിന്നും ഞാന്‍ പുറത്തേക്കിറങ്ങി. ആദ്യം കണ്ട ആളെ വിളിച്ചു.

"ചേട്ടാ"

അയാള്‍ക്ക്‌ എന്നെക്കാള്‍ പ്രായമുണ്ടോ എന്നറിയില്ല. കുറ്റിത്താടി, ഇരുനിറം. എങ്കിലും ചേട്ടാ എന്ന് തന്നെയാണ് വിളിച്ചത്.

"ഒരു മുപ്പത്‌ രൂപ തരോ?

അയാള്‍ എന്നെ അത്ഭുതത്തോടെ നോക്കി. ഒരുപരിചയവുമില്ലാതെ ഒരാളോട് പൈസ ഇരക്കാന്‍ മാത്രം എന്തോ ജാള്യതക്കുറവ് അന്നേരം എന്നില്‍ നിറഞ്ഞിരുന്നു.

കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അയാള്‍ പോക്കറ്റ് തപ്പി. കൈയിലുള്ള പതിനഞ്ചു രൂപ എനിക്ക് തന്നു. എന്നിട്ട് മുന്നോട്ട് നടന്നു. പിന്നെ തിരിഞ്ഞു നിന്നു.

"നീ വാ"

അയാള്‍ എന്നെ വിളിച്ചു കൊണ്ട് പോയത്‌ എസ് എഫ് ഐ യുടെ പാര്‍ട്ടി ഓഫീസിലേക്കാണ്. പടികള്‍ കയറി മുകളിലെത്തിയ അയാള്‍ ഓരോരുത്തരോടും "നിന്റെ കൈയില്‍ എത്രയുണ്ട്" എന്ന് ചോദിച്ചു.

"എന്താടാ കാര്യം" അവരൊക്കെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആയിരിക്കും എന്ന് ഞാന്‍ ഊഹിച്ചു.

"അതൊക്കെ പിന്നെ പറയാം."

ഒന്നും രണ്ടും അഞ്ചും കൂട്ടി വെച്ച് പതിനഞ്ചു രൂപ കൂടിയാക്കി അയാള്‍ എനിക്ക് തന്നു.

"ഇത് മതിയോ?"

"മതി"

"ഊം.. നീ എന്തേലും കഴിച്ചോ?"

"ഊം"... കഴിച്ചില്ലെങ്കിലും "അതെ"  എന്ന് പറയാനാണ് എനിക്ക് തോന്നിയത്‌.

"ഇപ്പൊ കൌണ്ടര്‍ അടക്കും...വേഗം പോയി ഫീസടച്ചോ" നന്ദിയൊന്നും കേള്‍ക്കാന്‍ നിക്കാതെ അയാള്‍ വീണ്ടും ഓഫീസിലേക്ക്‌ കയറി പോയി.

***

ഒരു പക്ഷെ ആ വര്‍ഷത്തെ ആദ്യത്തെ ഹോള്‍ടിക്കറ്റ്‌ വാങ്ങിയത് ഞാനായിരിക്കണം. ബാക്കിയുള്ളവര്‍ക്ക്‌ അടുത്ത തിങ്കളാഴ്ച മുതല്‍ കോളേജില്‍ നിന്നാണ് ഇഷ്യൂ ചെയ്യുന്നത്. അവസാനം നിമിഷം വരെ ഇരന്നു സ്വന്തമാക്കിയ ആ ഹോള്‍ടിക്കറ്റ്‌ ഇടയ്ക്കിടെ നോക്കി അഭിമാനം പൂണ്ട് ഞാന്‍ ബസ്‌സ്റ്റോപ്പില്‍ നിന്നു. കൈയില്‍ ഇനി രണ്ടു രൂപയാണ് ഉള്ളത്. രണ്ടും കല്‍പ്പിച്ച് ബസില്‍ കയറി. ഇരുപത് രൂപയുടെ ചീട്ടിന് മുന്നില്‍ പെടാതെ ഞാന്‍ ഒഴിഞ്ഞു നിന്നു, എറണാകുളം വരെ കണ്ടക്ടറുടെ കണ്ണില്‍ പെട്ടില്ല. ജീവിതത്തില്‍ ചില ആദര്‍ശങ്ങള്‍ ഒക്കെ തോന്നിതുടങ്ങിയ ശേഷം ആ ഒരു തവണ മാത്രമേ ടിക്കറ്റ്‌ എടുക്കാതെ യാത്ര ചെയ്തിട്ടുള്ളൂ.

ഏറണാകുളത്ത് വന്നിറങ്ങുമ്പോള്‍ സന്ധ്യയായിരുന്നു. തളര്‍ന്നു വീഴും എന്ന് തോന്നിയപ്പോള്‍ ഒരു നാരങ്ങാ വെള്ളം വാങ്ങി. ഒരു രൂപ എഴുപത്തഞ്ച് പൈസ. പിന്നെ ബാക്കി വന്ന ഇരുപത്തഞ്ച് പൈസയാണ് ഇപ്പോള്‍ ചെവിയുടെ അരികില്‍ കിടക്കുന്നത്. നോര്‍ത്തില്‍ നിന്നും ബോട്ട് ജെട്ടി വരെ നടന്ന് ഒരു ബസ്‌ യാത്ര ഒഴിവാക്കി. ബോട്ടില്‍ ഇനി രണ്ടു രൂപ ഇരുപത്തഞ്ചു പൈസ കൊടുക്കണം. അതില്ലാത്തത് കൊണ്ടും അറിയാവുന്ന ആരെങ്കിലും വരുന്നത് വരെ സമയം ഉണ്ട് എന്ന് കരുതിയുമാണ് ഞാന്‍ മറൈന്‍ഡ്രൈവിലെ കെട്ടുകല്ലില്‍ പോയി കിടന്നത്. ഇടക്കെപ്പോഴേ കണ്ണുകള്‍ അടഞ്ഞു പോയി.

പിന്നീട് കണ്ണ് തുറന്നപ്പോള്‍ വാകമരക്കൊമ്പില്‍ ഉടക്കി മുറിഞ്ഞു പോയ ആകാശം കാണുന്നില്ല. കായലിലേക്ക് നോക്കി. വലിയ കെട്ടിടങ്ങളുടെ നിഴല്‍ വിഴുങ്ങിയ കായലിനു അര്‍ദ്ധരാത്രിയുടെ കറുപ്പ് നിറം. ഞെട്ടി എണീറ്റ്‌ ഞാന്‍ ചുറ്റും നോക്കി. നേരം ഏറെ വൈകിയിരിക്കുന്നു. ഞാന്‍ നേരെ ബോട്ട് ജെട്ടിയിലേക്ക്‌ ഓടി ചെന്നു. അവസാനബോട്ടും വിട്ടു പോയ ശേഷം അവിടെ പരന്നിരുന്ന മൂകതയ്ക്കപ്പുറം അവിടെയാരുമില്ല. എനിക്ക് എന്നോട് തന്നെ ദേഷ്യം വന്നു. വല്ലാത്ത വിശപ്പും. വീണ്ടും കായലിന്റെ അരികിലേക്ക്‌ നോക്കിയപ്പോള്‍ അങ്ങോട്ട്‌ പോകാന്‍ എന്തോ ഭയം തോന്നി. പിന്നെ മുന്‍പ്‌ ജോലി ചെയ്തിരുന്ന തോംസണ്‍ ടവേര്‍സിനെ കുറിച്ച് ഓര്‍ത്തു. ഇന്ന് അവിടെ ജോസ്‌കോ ജ്വല്ലറിയാണ്. അന്ന് പക്ഷെ ആ കെട്ടിടത്തിന്റെ പണി തീര്‍ന്നിരുന്നില്ല. അവിടെ പോയി കിടന്ന് നേരം വെളുപ്പിക്കാം എന്ന് കരുതിയാണ് നടന്നത്. പക്ഷെ അകത്തേക്ക് കയറാന്‍ പറ്റിയില്ല. പക്ഷെ കുറച്ച് മാറി ഒരു ചായ്പ് പീടിക കണ്ടു. ഇരുട്ടിന്റെ മറയില്‍ കിടന്നിരുന്ന ഒരു ബെഞ്ചും. ഞാന്‍ അതില്‍ കിടന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ തട്ടി ഉണര്‍ത്തി. പോലീസ്‌ ആകുമെന്നാണ് കരുതിയത്. സാധാരണഗതിയില്‍ ഇങ്ങനെ ബോട്ട് കിട്ടാതെ കൊച്ചിയുടെ ഏതെങ്കിലും മൂലയില്‍ കിടന്നുറങ്ങുമ്പോള്‍ എന്നെ തട്ടി വിളിക്കുന്നത് പോലീസാണ്. പക്ഷെ അന്ന് അതൊരു സ്ത്രീ ആയിരുന്നു. തലയില്‍ മുല്ലപ്പൂവും കനകാംബരവും ചൂടിയ ഒരു തമിഴ്‌ സ്ത്രീ.

അവര്‍ പോകാം എന്ന അര്‍ത്ഥത്തില്‍ തലയാട്ടി. ഞാന്‍ ഒന്നും മനസിലാവാതെ അവരെ തുറിച്ചു നോക്കി.

"യെന്ന മുളിച്ച് പാക്കരത്?" ആദ്യം പൈസ തരണമെന്നും പിന്നെ അവിടെ ഒരു സ്ഥലമുണ്ട് അവിടെ പോയി കാര്യം കഴിക്കാം എന്നുമാണ് അവര്‍ ഉദേശിക്കുന്നത് എന്ന് അവര്‍ പിന്നീട് പറഞ്ഞ തമിഴില്‍ എനിക്ക് അറിയാവുന്ന വിധത്തില്‍ മനസിലാക്കി.

"നാന്‍ അതുക്ക്‌ വന്തതല്ല"  തമിഴില്‍ പറഞ്ഞൊപ്പിച്ചു. " എന്റെ കൈയില്‍ കാസ് ഇല്ലൈ". ഒഴിഞ്ഞ കീശ ഞാന്‍ തുറന്നു കാണിച്ചു.

അവര്‍ക്ക്‌ വേറെ എന്തോ ആണ് മനസിലായത്‌. കാശില്ലാതെയാണോ ഇതിന് ഇറങ്ങി തിരിച്ചത് എന്ന മട്ടില്‍ അവര്‍ ദേഷ്യത്തില്‍ സംസാരിക്കാന്‍ തുടങ്ങി. 

എന്റെ കൈയില്‍ പൈസ ഇല്ല, ഞാന്‍ ഒന്നും കഴിച്ചിട്ട് പോലുമില്ല, പിന്നെ എങ്ങിനെയാ ഒരു പെണ്ണിനെ നോക്കി പോകുന്നെ എന്ന് ഒരുകണക്കിന് പറഞ്ഞൊപ്പിച്ചപ്പോള്‍ അവര്‍ കുറച്ചു തണുത്തു. പിന്നെ കുറച്ച് നേരം സംസാരിച്ചു. അത് അവരുടെ കസ്റ്റമേഴ്സ് വന്നിരിക്കുന്ന സ്ഥലമാണ് എന്ന് അപ്പോഴാണ്‌ മനസിലായത്‌.

"ഉങ്ക പെരെന്നാ?" ഞാന്‍ ചോദിച്ചു.

"പേരേ തെരിഞ്ചാ ഉനക്കെന്ന തേവൈ?"

ഞാന്‍ ഒന്നും മിണ്ടിയില്ല.

"സീതാമ്മ" അവര്‍ പറഞ്ഞു.

സീതാ ലക്ഷ്മി ശരിക്കും ആരാണെന്ന് അറിയുമോ എന്ന് അവരോട് ചോദിക്കണം എന്ന് തോന്നി. പിന്നെ വേണ്ട എന്ന് വെച്ചു. കുറച്ച് കഴിഞ്ഞ് അവര്‍ എണീറ്റ്‌ പോയി. അന്നേരം വലിയ ആളുകള്‍ ചിന്തിക്കുന്നത് പോലെ അവരുടെ ജീവിതത്തെകുറിച്ച് ചിന്തിച്ചിരുന്നു. ദാരിദ്ര്യം, അല്ലെങ്കില്‍ ചതി, കഷ്ടപ്പാട്‌ ഇതില്‍ ഏതെങ്കിലുമൊക്കെ ഒരു കഥയായിരിക്കും മാംസത്തിന്റെ ഗന്ധം വില്‍ക്കാന്‍ അവളെ പ്രേരിപ്പിക്കുന്നത്. അല്ലെങ്കില്‍ തന്നെ ഈ വഴി പോകുന്ന എല്ലാവരുടെയും കഥ ഒന്നാണ്. ചിലപ്പോള്‍ പേര് മാറുന്നു. ചിലപ്പോള്‍ സാഹചര്യം മാറുന്നു. പണിയെടുത്ത് ജീവിച്ചു കൂടെ എന്ന് ചോദിക്കാന്‍ ആര്‍ക്കും അവകാശമില്ല. അവരെ സംബന്ധിച്ചിടത്തോളം അതാണ്‌ തൊഴില്‍. അതില്‍ തെറ്റുണ്ടെന്ന് ഇന്നും തോന്നുന്നില്ല.

കുറച്ച് കഴിഞ്ഞ് അവര്‍ തിരികെ വന്നു.

"ഇത് പോതുമാ" എന്റെ നേരെ ഒരു പത്ത്‌ രൂപ നീട്ടില്‍ അവള്‍ നില്‍ക്കുകയാണ്.

"എതാവത് വാങ്കി സാപ്പിട്" അവര്‍ പൈസ ബെഞ്ചിന്റെ മുകളില്‍ വെച്ചു. ഒരു ശങ്കയുമില്ലാതെ എന്റെ കൈ പൈസയുടെ മുകളില്‍ അമര്‍ന്നിരുന്നു. പിന്നെ അവരെ സ്നേഹത്തോടെ നോക്കി. ഇനിയും ഒരാളോട് കൂടി രാവിലെ തന്നെ ഇരക്കണ്ടല്ലോ എന്ന ആശ്വാസമായിരുന്നു മനസ്സില്‍.

"താങ്ക് യു" സ്നേഹം, ആശ്വാസം അതെല്ലാം ഇത്രയും വാക്കില്‍ ഞാന്‍ ഒതുക്കി.

അവിടെ അധികനേരം ഇരിക്കണ്ട എന്നും എന്തെങ്കിലും വാങ്ങി കഴിച്ചിട്ട് വേറെ എവിടെയെങ്കിലും പോയി ഇരിക്കാനും അവര്‍ എന്നെ ഉപദേശിച്ചു. ഞാന്‍ എണീറ്റ് നടന്നു. ഒരു പക്ഷെ ഞാന്‍ ഇനിയും അവിടെ ഇരിക്കുന്നത് അവരുടെ ജോലിയെ ബാധിക്കും എന്ന് എനിക്ക് തോന്നി. കുറച്ച് ദൂരം നടന്നു തിരിഞ്ഞു നോക്കിയപ്പോള്‍ ആ തോന്നലിനെ ശരിവെക്കും വിധം അവളുടെ അടുത്ത്‌ ഒരു നിഴല്‍. വില പേശുകയാണ് എന്ന് ആ നിഴലാട്ടം കണ്ടാല്‍ മനസിലാവും. പിന്നെ പറഞ്ഞ പൈസ വാങ്ങി പേഴ്സില്‍ തിരുകി അവള്‍ അയാളുടെ കൂടെ നടന്നു നീങ്ങി.

എന്റെ ജീവിതത്തിലും മനസിലും ഒരിക്കലും അവള്‍ ഒരു വേശ്യയായിരുന്നു എന്ന് തോന്നിയിട്ടില്ല. പ്രീഡിഗ്രി എഴുതാന്‍ ആരുടെ ഒക്കെ മുന്നില്‍ ഞാന്‍ കൈ നീട്ടിയോ അവരൊക്കെ തന്ന നോട്ടുകളുടെ അതേ ഭാരമായിരുന്നു എന്റെ പോക്കറ്റില്‍ അന്നേരം കിടന്നിരുന്ന പത്തു രൂപയ്ക്ക്.

അഭിപ്രായങ്ങളൊന്നുമില്ല: