വ്യാഴാഴ്‌ച, ജൂലൈ 14, 2011

ജിരണ്‍ എന്ന പട്ടി

മതിലുകള്‍ ഇല്ലാതിരുന്ന ഒരു കാലം. അഥവാ ഉണ്ടെങ്കില്‍ തന്നെ ആ മതിലുകള്‍ പണമുള്ളവരുടെ മുഖമുദ്രയായിരുന്നു. ജിരണ്‍ എന്ന ആ പട്ടിക്ക് ആ മതിലുകള്‍ക്കപ്പുറം കടക്കേണ്ട കാര്യവും ഇല്ലായിരുന്നു. അതിനാല്‍ അവന്‍ വാതിലുകള്‍ ഇല്ലാത്ത പത്തല്‍ വേലികള്‍ കടന്ന് ഓരോ മുറ്റത്തും കാവല്‍ കിടന്നു. ഓരോ വീട്ടില്‍ നിന്നും ഉണ്ടു. ഓരോ വീട്ടിലെയും ആളുകളെ കാണുമ്പോള്‍ അവന്‍ വാലാട്ടി. ജിരണ്‍ എന്നത് ഞങ്ങളുടെ കൊച്ചുഗ്രാമത്തിന്‍റെ എല്ലാ അതിരുകളും സ്നേഹം കൊണ്ട് എഴുതി വാങ്ങിയ പട്ടിയായിരുന്നു.

മമ്മിയുടെ തറവാട്ടിലേക്ക്‌ താമസം മാറിയ കാലത്താണ് ജിരണ്‍ ഒരു പുതിയ കഥാപാത്രത്തെ പോലെ ജീവിതത്തില്‍ കടന്നു വരുന്നത്. ഞങ്ങളുടെ അയല്‍ക്കാരായിരുന്ന ടെസ്സി ചേച്ചിയുടെ വീട്ടില്‍ അവന്‍ എന്ന് വന്നു എന്നത് എന്റെ മങ്ങികിടക്കുന്ന ഓര്‍മ്മകള്‍ക്ക് അപ്പുറമുള്ള കാര്യമാണ്. പക്ഷെ പിന്നീടുള്ള ഓര്‍മകളില്‍ അവന്‍ ഉണ്ടായിരുന്നു. ഒരു പക്ഷെ ഏതൊരു നാട്ടിന്‍ പുറത്തിന്റെ ചിത്രം വരക്കുമ്പോഴും ഇത് പോലെ ഒരു പട്ടി ഉണ്ടാകുമായിരിക്കും.  നന്മയുടെ ഒരു നിഷ്കളങ്ക സാന്നിദ്ധ്യം പോലെ, അവര്‍ അങ്ങിനെ വാലാട്ടി നില്‍ക്കുന്നു.

തൂക്കുസഞ്ചിയില്‍ കഞ്ഞിക്കറ പുരണ്ട പുസ്കങ്ങളുടെ ചുമടും താങ്ങി പാരിജാത ചെടികളുടെ വേലി കടന്ന് മമ്മിയുടെ തറവാട്ടിലേക്ക്‌ കാലുകുത്തുമ്പോള്‍ ഒരു കുരയോടെയാണ് ജിരണ്‍ എന്റെ ആറാം വയസിലേക്ക് ചാടി വീണത്‌.

"ഡാ!!! അത് നമ്മട കൊച്ചാ..." വല്യാന്റിയുടെ ഒച്ച ഉയരും വരെ അവന്‍ കുര നിര്‍ത്തിയില്ല. ജിരണ്‍ അങ്ങിനെയാണ്. അവന്‍ കയറിയിറങ്ങുന്ന എല്ലാ വീട്ടിലെയും ആളുകളെ അവന് കൃത്യമായി അറിയാം. അത് കൊണ്ട് തന്നെ അവന്‍റെ സാന്നിദ്ധ്യത്തില്‍ ഒരപരിചിതനും ഒരു വീട്ടിലും കയറാന്‍ പറ്റില്ല. ഒരിക്കല്‍ ഒരാള്‍ ആ നാടിന്‍റെ ഭാഗമായി കഴിയും വരെ ആ കുര അവന്‍ തുടരും. ആ നാടിന്റെ ഭാഗമായത് മുതല്‍ ഞാനും അവന്റെ സംരക്ഷണത്തിലായി.

നാട്ടില്‍ ആദ്യം ഉണരുന്നത് വേലാന്‍ (വേലായുധന്‍) ചേട്ടനും പുരുഷന്‍ ചേട്ടനുമാണ്. മീന്‍ വള്ളത്തില്‍ പോകാന്‍ ഉണരുന്ന വേലാന്‍ ചേട്ടന്‍റെ "പുരുഷാ" എന്ന നീട്ടി വിളിയാണ് നാടിന്റെ സൈറണ്‍. ആ സൈറണ്‍ മുഴങ്ങുന്നതിനു  മുന്‍പേ ജിരണ്‍ റെഡിയായി വേലാന്‍ ചേട്ടന്‍റെ വീട്ടുവാതില്‍ക്കല്‍ വന്നു നില്‍ക്കും. അവരെ വള്ളക്കടവ് വരെ അനുഗമിക്കുന്നത് അവനാണ്.  പിന്നെ മടങ്ങി വന്നാല്‍ നേരെ സ്കൂളിലേക്ക്...നാട്ടില്‍ രണ്ടു സ്കൂളുകളാണ് ഉള്ളത്. സെന്റ്‌ മേരീസ്‌ എല്‍. പി. സ്കൂള്‍, സാന്റാക്രൂസ് ഹൈസ്കൂള്‍. ഹൈസ്കൂളില്‍ പോകുന്നവരുടെ കൂടെ ചേട്ടന്മാര്‍ ഉള്ളത് കൊണ്ട് പേടിക്കേണ്ടി വരില്ല എന്നത് കൊണ്ടാണോ എന്തോ ജിരന്‍ എല്‍ പി സ്കൂളുകാരായ ഞങ്ങളുടെ കൂട്ടത്തില്‍ ആണ് വരുന്നത്.

"കുട്ട്യോളെ നോക്കണേഡാ!" എന്ന ഓരോ അമ്മമാരുടെ നിര്‍ദേശവും അവന്‍ മോങ്ങികൊണ്ട് കേള്‍ക്കും. പിന്നെ ഒപ്പം നടത്തം. ഇടക്ക് ഓടി കൂട്ടത്തിന്റെ മുന്നില്‍ വരും. പിന്നെ പിന്നിലെക്കോടും. അങ്ങിനെ സ്കൂള്‍ എത്തും വരെ. ഇടക്ക് ഒരു റോഡ്‌ ക്രോസ് ചെയ്യണം. അവിടെ എത്തുമ്പോള്‍ അവന്‍ കുരക്കും. കുര കേട്ട് ആളുകള്‍ ഞങ്ങളെ നോക്കും.  പിന്നെ അവരുടെ ശ്രദ്ധയില്‍ റോഡു കടക്കാം. അവന്‍റെ നോട്ടത്തില്‍ ഞങ്ങള്‍ എല്ലാവരും സുരക്ഷിതരായിരുന്നു.
മനുഷ്യനായി ജനിക്കേണ്ട ആരോ ആണ് അവന്‍ എന്ന് ഇപ്പോള്‍ തോന്നുന്നു. അല്ല... അത് തെറ്റായ തോന്നലാണ്. മനുഷ്യനായി ജനിച്ചിരുന്നെങ്കില്‍ അവന്‍ ഒരു പക്ഷെ മറ്റുള്ളവരുടെ കാര്യത്തില്‍ ഇത്ര താല്പര്യം കാണിക്കുമായിരുന്നില്ല.

വൈകുന്നേരം സ്കൂള്‍ വിടും വരെ ജിരണ്‍ ഓരോ വീട്ടിലും കേറിയിറങ്ങും.

"നിന്നെ ഇങ്ങോട്ട് കാണാറില്ലല്ലോടാ.." ചിലര്‍ പരിഭവിക്കും...

"നീ രാത്രി മണ്ണ് മാന്തി മുറ്റമൊക്കെ കുഴിയാക്കിയല്ലേ" ചിലര്‍ വഴക്ക് പറയും

എല്ലാം മൂളലില്‍ കലരുന്ന മോങ്ങലിലോ, ചെറിയ മുറുമുറുപ്പ് കൊണ്ടോ അവന്‍ മറുപടി പറയും. തരുന്നത് മാത്രം കഴിക്കും. തന്നില്ലെങ്കിലും പരാതി പോലെ എന്തോ ഒന്ന് കുരച്ചുപറഞ്ഞ് അടുത്ത വേലിക്കെട്ടിലേക്ക്. വയറു നിറയുമ്പോള്‍ പൈപ്പിന്‍ ചുവട്ടിലോ കിണറ്റിന്‍ കരയിലോ പെണ്ണുങ്ങളുടെ പായാരം കേട്ട് മയക്കം. നാല് മണിക്ക് മുന്‍പേ വീണ്ടും സ്കൂളിലേക്ക്‌... പിന്നെ വള്ളക്കടവിലേക്ക്... ബസ്‌സ്റ്റോപ്പിലേക്ക്... അങ്ങിനെ എല്ലാവരും നാട്ടിലേക്ക്‌ മടങ്ങിയെത്തും വരെ നീളുന്ന യാത്രകളായിരുന്നു അവന്‍റെ ഒരു ദിവസം.  പിന്കാലുകളില്‍ വാതത്തിന്റെ തണുപ്പ് അരിച്ചു കയറും വരെ അവന്‍റെ യാത്രകള്‍ തുടര്‍ന്നു കൊണ്ടിരുന്നു.

അതൊരു വല്ലാത്ത മഴക്കാലമായിരുന്നു. മേഘങ്ങളിലും മനസിലും ഒരു പോലെ, കുത്തിക്കയറുന്ന നീര്‍ത്തുള്ളികളുടെ ഭാരം കയറ്റി വെച്ച മഴക്കാലം. ജിരണ്‍ മാഞ്ഞു പോയത്‌ ആ മഴക്കാലത്താണ്.

മഴപെയ്ത വഴികളിലും തൊടിയിലും പറമ്പിലും വെള്ളം കെട്ടി കിടന്നു. തുളച്ചു കയറുന്ന തണുത്ത കാറ്റും മഴയും, പക്ഷെ ജിരണ്‍ അവന്‍റെ യാത്രകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഞങ്ങളുടെ കൂടെ, വേലാന്‍ ചേട്ടന്‍റെ കൂടെ, പിന്നെ ജോലിക്ക് പോകുന്നവരുടെ കൂടെ... മഴവെള്ളം തട്ടി തെറിപ്പിച്ചും നനഞ്ഞു കുതിര്‍ന്നും അവന്‍ നടന്നു, കാവലിന്റെ അര്‍ത്ഥം സ്നേഹമാണ് എന്ന് മൌനമായി പറഞ്ഞുകൊണ്ട്.

പക്ഷെ മഴയുടെ തണുപ്പിന് ആ അര്‍ത്ഥം മനസിലാവാതെ പോയി.

ചന്നം പെയ്തുനിന്ന ചെളിവെള്ളത്തില്‍ ഇഴഞ്ഞു നീണ്ട പാടുകളാണ് ആ ദിവസം ഓരോ മുറ്റത്തും ഉണ്ടായിരുന്നത്. അന്ന് ജിരന്റെ പിന്‍കാലുകള്‍ തളര്‍ന്നു പോയിരുന്നു.

"ചെന്നി കേറിയതാ! പാവം പോക്ക് കണ്ടില്ലേ" ഇഴഞ്ഞു പോകുന്ന ജിരണിനെ നോക്കി സഹതാപത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. ആദ്യമാദ്യം അവന്‍ കോലായില്‍ കയറിക്കിടക്കുന്നത് ആര്‍ക്കും പ്രശ്നമല്ലായിരുന്നു. മുന്‍പൊക്കെ പഞ്ചായത്തില്‍ നിന്നും പട്ടി പിടുത്തക്കാര്‍ ഇറങ്ങിയാല്‍ ആരുടെ വീടിന്റെ വാതിക്കലാണോ അവന്‍ കിടക്കുന്നത് അവര്‍ അവനെ വീടിനകത്താക്കി വാതില്‍ അടക്കുമായിരുന്നു. പട്ടിപിടുത്തക്കാര്‍ കഴുത്തില്‍ വരിഞ്ഞു മുറുക്കുന്ന കമ്പിക്കുരുക്കിന് അവനെ വിട്ടു കൊടുക്കാന്‍ ആരും ആഗ്രഹിച്ചിരുന്നില്ല. ഇപ്പോള്‍, പക്ഷെ കിടന്നിടത്ത് തന്നെ മലമൂത്ര വിസര്‍ജനം നടത്തേണ്ടി വരുന്ന അവന്‍റെ നിസഹായവസ്ഥയില്‍ പലര്‍ക്കും കെറുവ് തോന്നിത്തുടങ്ങിയിരിക്കുന്നു.

മനുഷ്യന്‍ പോലും തന്‍റെ നിസഹായവസ്ഥയില്‍ മറ്റുള്ളവര്‍ക്ക് ഭാരമാകുന്ന കാലത്ത്‌ ഒരു നായ അങ്ങിനെ ആയിത്തീര്‍ന്നതില്‍ അത്ഭുതമില്ല. പുറമേ കാണിച്ചില്ലെങ്കിലും അവന്‍റെ കാര്യത്തില്‍ പലര്‍ക്കും താല്പര്യം കുറഞ്ഞുതുടങ്ങിയിരുന്നു. അപ്പോഴും സ്നേഹം ബാക്കി വെച്ചവര്‍ അവന്‍റെ മരണത്തിനായി പ്രാര്‍ത്ഥിച്ചു.

"ന്തിനാ.. പാവോത്തിനെ നരകിപ്പിക്കണന്റ കര്‍ത്താവേ..."

പ്രാര്‍ത്ഥനകള്‍ കേള്‍ക്കാതെ വന്ന കാലത്ത് ഞങ്ങള്‍ അവനെ കൊല്ലുവാന്‍ തീരുമാനിച്ചു. വിഷം കൊടുത്തോ, പട്ടിപിടുത്തക്കാരന്റെ ഇരുമ്പ്‌ കുരുക്കിന് വിട്ടു കൊടുത്തോ അവന്‍റെ യാതന അവസാനിപ്പിക്കാം എന്ന് ഞങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ വാതില്‍ക്കല്‍ കിടന്ന് തളര്‍ന്ന കണ്ണുകളുയര്‍ത്തി അവന്‍ ദയനീയമായി നോക്കി. ഒടുവില്‍ ഒതളങ്ങനീര് കലര്‍ത്തിയ പാല്‍ കൊടുക്കാമെന്ന് തീരുമാനിച്ച് ആ രാത്രി പിരിഞ്ഞു.

അടുത്ത പ്രഭാതത്തില്‍ വേലാന്‍ചേട്ടന്‍റെ സൈറണ്‍ മുഴങ്ങും മുന്‍പേ ജിരണ്‍ വാതിക്കല്‍ വന്നു നിന്നു. ഒരു പുതിയ ഉണര്‍വ്വോടെ വേലാന്‍ ചേട്ടന്‍റെ വിലക്കിനെ വക വെക്കാതെ വള്ളക്കടവ് വരെ അവന്‍ ഇഴഞ്ഞു കൂടെ പോയി. ഞങ്ങളെ കൂടെ റോഡ്‌ വരെ വന്നു. കുറഞ്ഞുപോയ ശബ്ദത്തില്‍ കുരച്ചു. തണുപ്പ് മാറുന്നതിനനുസരിച്ച് ചെന്നിയിറങ്ങും എന്ന് കാര്‍ന്നോന്മാര്‍ പറഞ്ഞു. എനിക്ക് തോന്നുന്നത് ഞങ്ങളെ വിട്ട് മരണത്തിന്റെ കൂടെ പോവാന്‍ അവന്‍ ആഗ്രഹിച്ചിരുന്നില്ല എന്നാണ്. അത് മനസിലാക്കിയത് കൊണ്ടോ എന്തോ അവനെ കൊല്ലണ്ട എന്ന് പിന്നീട് തീരുമാനിച്ചു.

അടുത്ത ദിവസവും വേലാന്‍ ചേട്ടന്‍റെ വിളി കേട്ടു... വാതിക്കല്‍ ജിരണ്‍ ഉണ്ട്...

"യ്യ് വേഷമിക്കണ്ട ജിരണെ... കാലൊക്കെ നേര്യാവും..."

വേലാന്‍ ചേട്ടന്‍ നടന്നു. പിന്നില്‍ അനക്കമൊന്നും കാണാതെ അയാള്‍ തിരിഞ്ഞു നോക്കി. ഇഴഞ്ഞു വരുന്ന പാടുകള്‍ കാണുന്നില്ല. അയാള്‍ തിരികെ നടന്നു ചെന്ന് അവനെ തട്ടി വിളിച്ചു. കാലില്‍ മാത്രമായി നിറഞ്ഞിരുന്ന തണുപ്പ് അവന്‍റെ ശരീരമാകെ പടര്‍ന്നിരുന്നു. അയാള്‍ പലതവണ അവന്‍റെ ശരീരം കാലുകൊണ്ട് കുലുക്കി നോക്കി.നടക്കാന്‍ കാലുകളോ അരിച്ചു കയറുന്ന തണുപ്പോ ഇല്ലാത്ത പട്ടികളുടെ സ്വര്‍ഗത്തിലേക്ക്‌ അവന്‍ എപ്പോഴോ നടന്നു പോയിരുന്നു.

അവനെക്കുറിച്ച് എഴുതിയ വരികള്‍ അവസാനിപ്പിക്കുമ്പോള്‍ എന്റെ മനസ്സില്‍ നിറയെ പാടുകളാണ്. അവന്‍ ഇഴഞ്ഞു പോയ വഴികളിലെ, മുറ്റത്തെ, പറമ്പിലെ പാടുകള്‍. ജിരണ്‍ വരച്ച ഓര്‍മ്മകളുടെ വരകള്‍.

3 അഭിപ്രായങ്ങൾ:

Reena പറഞ്ഞു...

Oru padu ishtamayi ee katha

അജ്ഞാതന്‍ പറഞ്ഞു...

enthu rasamayirikkunnu ee katha

sneha പറഞ്ഞു...

its very nice